
ദില്ലി: ഉത്തരാഖണ്ഡിൽ 50 യാത്രക്കാർ സഞ്ചരിച്ച ബസ് മലയിടുക്കിലേക്ക് വീണ് അപകടം. പൗരി ഗാഡ്വാൽ ജില്ലയിലെ സിംദി ഗ്രാമത്തിൽ ആണ് അപകടം. രക്ഷാ പ്രവർത്തനം തുടങ്ങി. ആറ് പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. അപകടസ്ഥലത്ത് എല്ലാ സൗകര്യങ്ങളും എത്തിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ധാമി പറഞ്ഞു. പ്രദേശവാസികൾ രക്ഷാപ്രവർത്തനത്തിൽ സഹകരിക്കുന്നുണ്ട്. ദുരന്തനിവാരണ സേനയടക്കം പ്രദേശത്ത് എത്തിയതായും അദ്ദേഹം അറിയിച്ചു.
അതേസമയം, ഉത്തരാഖണ്ഡില്‍ ഹിമപാതത്തില്‍ പത്ത് പേര്‍ മരണപ്പെട്ടതിന്‍റെ ആഘാതം മാറും മുമ്പാണ് സംസ്ഥാനത്ത് മറ്റൊരു അപകടം കൂടെ സംഭവിച്ചിട്ടുള്ളത്. ഉത്തരകാശിയിലെ നെഹ്റു മൗണ്ടെനീയറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ അധ്യാപകരും വിദ്യാർത്ഥികളുമടങ്ങുന്ന സംഘമാണ് അപകടത്തില്‍പെട്ടത്. കാണാതായ 23 പേർക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ഉത്തരകാശിയിലെ നെഹ്റു മൗണ്ട്നീയറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച അഡ്വാന്‍സ്ഡ് മൗണ്ട്നീയറിംഗ് കോഴ്സിന്‍റെ ഭാഗമായാണ് 34 വിദ്യാർത്ഥികളും ഏഴ് അധ്യാപകരും പുലർച്ചെ മലകയറിയത്.
ദ്രൗപദി ദണ്ഡ മലമുകളിലെത്തി സംഘം തിരിച്ചിറങ്ങുമ്പോൾ രാവിലെ എട്ടേമുക്കാലോടെയാണ് ഹിമപാതമുണ്ടായത്. അധ്യാപകരും വിദ്യാർത്ഥികളുമടങ്ങുന്ന സംഘം മഞ്ഞിനടിയില്‍ കുടുങ്ങുകയായിരുന്നു. അപകടത്തില്‍ പത്ത് പേർ മരിച്ചു. ഇതില്‍ രണ്ട് പേർ സ്ത്രീകളാണെന്നാണ് സൂചന. നാല് പേരുടെ മൃതദേഹം കണ്ടെത്തിയെന്ന് നെഹ്റു മൗണ്ടനീയറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രിന്‍സിപ്പല്‍ വാർത്താകുറിപ്പിലൂടെ അറിയിച്ചത്. എട്ട് പേരെ സൈന്യം രക്ഷപ്പെടുത്തി.
കാണാതായവർക്കായുള്ള തിരച്ചില്‍ രാത്രിവരെ തുടർന്നു. പ്രദേശത്ത് ശക്തമായ മഞ്ഞ് വീഴ്ച തുടരുന്നതുകാരണം രക്ഷാപ്രവർത്തനം നിർത്തിവച്ചിരിക്കുകയാണ്. രാവിലെ വീണ്ടും തുടങ്ങും. മരിച്ചവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ദുരന്ത നിവാരണ സേനയുടെയും കരസേനയുടെയും ഐടിബിപിയുടെയും നേതൃത്ത്വത്തിലാണ് രക്ഷാ പ്രവർത്തനം നടത്തിയത്.
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിനോട് സൈന്യത്തിന്‍റെ സഹായം തേടിയതിനെ തുടർന്ന് രണ്ട് വ്യോമസേന ഹെലികോപ്റ്ററുകളും രക്ഷാ പ്രവർതതനത്തിന് എത്തി. അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രക്ഷാ പ്രവർത്തന പുരോഗതി വിലയിരുത്തി. ദിവസങ്ങൾക്ക് മുന്‍പും പ്രദേശത്ത് ഹിമപാതമുണ്ടായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam