അമിതവേ​ഗത്തിലെത്തിയ ബസ് ട്രക്കുമായി കൂട്ടിയിടിച്ചു; 2 കുട്ടികളുൾപ്പെടെ 10 പേർ മരിച്ചു; നിരവധി പേർക്ക് പരിക്ക്

By Web TeamFirst Published Jan 13, 2023, 11:32 AM IST
Highlights

മരിച്ചവരിൽ ഏഴ് സ്ത്രീകളും ഒരു പുരുഷനും രണ്ട് ആൺകുട്ടികളും ഉൾപ്പെടുന്നതായി അധിക‍ൃതർ അറിയിച്ചു.

മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് പത്ത് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെയാണ് അമിത വേ​ഗത്തിലെത്തിയ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. താനെ ജില്ലയിലെ അംബർനാഥിൽ നിന്ന് പുറപ്പെട്ട സ്വകാര്യ ആഡംബര ബസ് അഹമ്മദ്‌നഗർ ജില്ലയിലെ ക്ഷേത്രനഗരമായ ഷിർദിയിലേക്ക് പോവുകയായിരുന്നെന്ന് അധികൃതർ പറഞ്ഞു. മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തുകയും അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ ഉത്തരവിടുകയും ചെയ്തു.

മുംബൈയിൽ നിന്ന് 180 കിലോമീറ്റർ അകലെ പുലർച്ചെ ആറരയോടെയാണ് അപകടം നടന്നത്. ലഭിക്കുന്ന പ്രഥമ റിപ്പോർട്ട് അനുസരിച്ച് മരിച്ചവരിൽ ഏഴ് സ്ത്രീകളും ഒരു പുരുഷനും രണ്ട് ആൺകുട്ടികളും ഉൾപ്പെടുന്നതായി അധിക‍ൃതർ അറിയിച്ചു. പരിക്കേറ്റവരെ സിന്നാറിലെ ആശുപത്രികളിലെത്തിച്ചു. പരിക്കേറ്റവരിൽ ചിലരുടെ നില ​ഗുരുതരമാണ്. അതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും അധികൃതർ കൂട്ടിച്ചേർക്കുന്നു. 

മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ സംഭവത്തിൽ ​ദുഖം രേഖപ്പെടുത്തുകയും മരിച്ചവരുടെ കുടുംബാം​ഗങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. പരിക്കറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. അപകടകാരണത്തെക്കുറിച്ച് അന്വേഷിക്കാൻ നാസിക് ഡിവിഷണൽ കമ്മീഷണറെ ചുമതലപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു. 

മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചിട്ടില്ല'; മത്സരിക്കണോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയെന്ന് തരൂർ

click me!