ഉപതെരഞ്ഞെടുപ്പുകൾ ഉടനില്ല, ചവറ അടക്കമുള്ള മണ്ഡലങ്ങളിലേത് മാറ്റിവെച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

By Web TeamFirst Published Jul 23, 2020, 12:29 PM IST
Highlights

ഇന്ന് ചേർന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ യോഗത്തിലാണ് തീരുമാനം. നിലവിൽ കൊവിഡ് പടരുന്ന സാഹര്യത്തിൽ തെരഞ്ഞെടുപ്പ് നടത്താൻ കഴിയില്ലെന്നാണ് കമ്മീഷൻ വിലയിരുത്തൽ.

ദില്ലി: രാജ്യത്തെ ലോക്സഭാ, നിയമസഭാ ഉപതെരഞ്ഞെടുപ്പുകൾ മാറ്റിവെച്ചു. സംസ്ഥാനത്തെ  ചവറ നിയമസഭാ മണ്ഡലത്തിൽ നടക്കേണ്ടിയിരുന്ന ഉപതെരഞ്ഞെടുപ്പും മാറ്റിവെച്ചതിൽ ഉൾപ്പെടുന്നു. നിലവിൽ കൊവിഡ് പടരുന്ന സാഹര്യത്തിൽ തെരഞ്ഞെടുപ്പ് നടത്താൻ കഴിയില്ലെന്നാണ് ഇന്ന് ചേർന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ യോഗത്തിലെ വിലയിരുത്തൽ.

സപ്തംബർ ഒമ്പതിനകം നടക്കേണ്ട തെരഞ്ഞെടുപ്പുകൾ എല്ലാം മാറ്റി വയ്ക്കാനാണ് തീരുമാനം. ആറ് മാസത്തിൽ കൂടുതൽ കാലം ഒരു മണ്ഡലം ഒഴിച്ചിടരുതെന്നാണ് നിലവിൽ നിയമം. ചവറയിൽ നിയമപ്രകാരം സപ്തംബർ ഏഴിനകം ഒഴിവ് നികത്തേണ്ടതുണ്ട്. എന്നാൽ നിയമ പ്രകാരമുള്ള ബാധ്യത നിറവേറ്റാനാവില്ലെന്ന് കമ്മീഷൻ വിലയിരുത്തി. കേന്ദ്രസർക്കാരും ഇതിനോട് യോജിച്ചു. തെരഞ്ഞെടുപ്പ് സാഹചര്യം അനുകൂലമാകുമ്പോൾ നടത്തുകയോ റദ്ദാക്കേണ്ടതുണ്ടെങ്കിൽ  അപ്പോൾ ആലോചിക്കാം എന്നുമാണ് ധാരണ. 

സംസ്ഥാനത്ത് കുട്ടനാട്, ചവറ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടതെങ്കിലും ആറ് മാസം കഴിഞ്ഞ കുട്ടനാട് മണ്ഡലം സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം എടുത്തിട്ടില്ല. കൊവിഡ് പശ്ചാത്തലത്തിൽ നിലവിൽ തെരഞ്ഞെടുപ്പ് നടത്തുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നും നിര്‍ബന്ധമെങ്കിൽ ആഗസ്റ്റിന് ശേഷം നടത്താമെന്നും സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കറാം മീണ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ നേരത്തെ അറിയിച്ചിരുന്നു. 

തോമസ് ചാണ്ടി, എൻ. വിജയൻ പിള്ള എന്നിവരുടെ നിര്യാണത്തെ തുടർന്നാണ് കുട്ടനാട്, ചവറ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പുകൾ നടത്തേണ്ട സാഹചര്യമുണ്ടായത്. 2016 മെയിൽ അധികാരമേറ്റ പിണറായി വിജയൻ സർക്കാരിന്റെ കാലാവധി 2021 മെയ് മാസത്തിലാകും അവസാനിക്കുക. നിയമസഭയുടെ കാലാവധി അവസാനിക്കാൻ ഒരു വർഷത്തിൽ താഴെ മാത്രമുള്ള സമയത്ത് ഏതെങ്കിലും സീറ്റ് ഒഴിവ് വന്നാൽ അവിടെ പിന്നെ ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടതില്ലെന്ന എന്ന തീരുമാനമെടുക്കാമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ചട്ടത്തിലുണ്ട്.
 

click me!