
ദില്ലി: മെയ് 28 ലെ പൗരത്വ വിജ്ഞാപനം ചോദ്യം ചെയ്ത് മുസ്ലീം ലീഗ് നൽകിയ ഹര്‍ജി നിയമപരമായി നിലനിൽക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. പൗരത്വ നിയമഭേദഗതിയുമായി ഈ വിജ്ഞാപനത്തിന് യാതൊരു ബന്ധവും ഇല്ലെന്നും ലീഗിന്‍റെ ഹര്‍ജി തള്ളണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയിൽ സത്യവാംങ്മൂലം നൽകി. കേസ് നാളെ പരിഗണിക്കും.
പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് ഉൾപ്പടെ ആറ് രാഷ്ട്രങ്ങളിൽ നിന്ന് ഇന്ത്യയിലെത്തി അഭയാര്‍ത്ഥികളായി കഴിയുന്ന മുസ്ലീം ഒഴികെയുള്ള വിഭാഗങ്ങളിൽ നിന്ന് പൗരത്വ രജിസ്ട്രേഷന് അപേക്ഷ ക്ഷണിച്ച് മെയ് 28ന് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ കേസ് സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെ സമാനസ്വഭാവമുള്ള വിജ്ഞാപനം ഇറക്കിയത് ചോദ്യം ചെയ്ത് മുസ്ലീം ലീഗ് ഹര്‍ജി നൽകി. അതിനെതിരെയാണ് കേന്ദ്ര സര്‍ക്കാരിന്‍റെ സത്യവാംങ്മൂലം.
1955 ലെ പൗരത്വ നിമയപ്രകാരമുള്ളതാണ് മെയ് 28ലെ വിജ്ഞാപനം. ഇതനുസരച്ച് ഒരാൾക്ക് പൗരത്വം നൽകാനുള്ള അവകാശം സര്‍ക്കാരിനുണ്ട്. ഹിന്ദു, സിഖ്, ബുദ്ധ, ജയിൻ, പാഴ്സി, ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് പൗരത്വത്തിന് അപേക്ഷിക്കാം എന്നായിരുന്നു. മെയ് 28ലെ ഈ വിജ്ഞാപനവും പൗരത്വ ഭേദഗതി നിയമവും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വാദിക്കുന്നു. നാളെ സുപ്രീംകോടതി കേസ് പരിഗണിക്കാനിരിക്കെയാണ് കേന്ദ്രത്തിന്‍റെ സത്യവാംങ്മൂലം.
അതേസമയം പൗരത്വം നൽകാൻ കേന്ദ്ര സര്‍ക്കാരിന് 1955 ലെ നിയമപ്രകാരം സാധിക്കുമെങ്കിലും അതിൽ ഒരു വിഭാഗത്തെ മാത്രം മാറ്റിനിര്‍ത്താനാകില്ല എന്നതാണ് മുസ്ലീം ലീഗിന്‍റെ വാദം. അങ്ങനെ മാറ്റിനിര്‍ത്തണമെങ്കിൽ അത് പൗരത്വ ഭേദഗതി നിയമപ്രകാരമേ സാധിക്കൂ. ജസ്റ്റിസുമാരായ ഇന്ദിരാബാനര്‍ജി, എം ആര്‍ ഷാ എന്നിവരടങ്ങിയ ബെഞ്ചാണ് നാളെ കേസ് പരിഗണിക്കുക.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam