
ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെ വെല്ലുവിളിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് അമിത് ഷായുടെ വെല്ലുവിളി. ധൈര്യമുണ്ടെങ്കില്‍ കുപ്പായമൂരി യമുനാ നദിയില്‍ മുങ്ങി വരാനാണ് അമിത് ഷാ വെല്ലുവിളിച്ചത്. നദിയുടെ ശുദ്ധീകരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നും യമുനയെ സംസ്ഥാന സര്‍ക്കാര്‍ അവഗണിക്കുകയാണെന്നും അമിത് ഷാ ആരോപിച്ചു.
യമുനാ നദി ശുദ്ധീകരിച്ചുവെന്നാണ് എഎപി പറയുന്നത്. കെജ്‍രിവാള്‍ നിങ്ങളെ ഞാന്‍ വെല്ലുവിളിക്കുകയാണ്. ധൈര്യമുണ്ടെങ്കില്‍ നിങ്ങള്‍ കുപ്പായമൂരി യമുനയിലൊന്ന് മുങ്ങിനിവരണം. നദിയിലെ ജലത്തിന്‍റെ അവസ്ഥ നിങ്ങള്‍ക്ക് ബോധ്യപ്പെടുമെന്ന് അമിത് ഷാ പറഞ്ഞു. നജഫ്ഗഢിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ. ദില്ലിയിലെ റോഡുകള്‍ അന്താരാഷ്ട്ര നിലവാരത്തിലാക്കും. അടിസ്ഥാന സൗകര്യവികസനത്തിന് സര്‍ക്കാര്‍ കൂടുതല്‍ ഫണ്ട് അനുവദിക്കും.
യമുന ശുദ്ധീകരിക്കുന്നതിനുള്ള ഫണ്ട് സംസ്ഥാന സര്‍ക്കാറിന് കൈമാറും. മെട്രോ റെയില്‍ നഗരത്തില്‍ കൂടുതല്‍ വ്യാപിപ്പിക്കുമെന്നും അമിത് ഷാ വാഗ്ദാനം നല്‍കി. ദില്ലിയിലെ മലിനീകരണത്തിന് ആരെങ്കിലും ഉത്തരവാദികളാണെങ്കില്‍ അത് കെജ്‍രിവാള്‍ സര്‍ക്കാറാണെന്നും ഷാ കുറ്റപ്പെടുത്തി. ദില്ലിയിലെ റോഡുകള്‍ യൂറോപ്യന്‍ നിലവാരത്തിലാക്കുമെന്ന് കെജ്‍രിവാള്‍ പറഞ്ഞെങ്കിലും നിറയെ കുഴികളാണെന്നും അമിത് ഷാ ആരോപിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam