'പൗരത്വ ഭേദഗതി നിയമം ആവശ്യമുള്ളത്, എന്‍ആര്‍സിയും എന്‍പിആറും നടപ്പിലാക്കില്ല'; നിലപാട് വ്യക്തമാക്കി ഉദ്ധവ് താക്കറെ

By Web TeamFirst Published Feb 2, 2020, 10:59 PM IST
Highlights

ദേശീയ പൗരത്വ നിയമ ഭേദഗതി ആരേയും രാജ്യത്തിന് പുറത്താക്കില്ലെന്ന് ഉദ്ധവ് പറഞ്ഞു. ഹിന്ദുക്കള്‍ക്കും മുസ്‍ലിംകള്‍ക്കും പൗരത്വം തെളിയിക്കുന്നതിന് പ്രയാസമുണ്ടാകുന്ന ഒരു സാഹചര്യമുണ്ടാവാന്‍ അനുവദിക്കില്ലെന്നും ഉദ്ധവ് 

ബോംബെ: മഹാരാഷ്ട്രയില്‍ ദേശീയ പൗരത്വ പട്ടിക (എന്‍ആര്‍സി) നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ദേശീയ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചതിന് തൊട്ട് പിന്നാലെയാണ് ഉദ്ധവ് താക്കറെ എന്‍ആര്‍സിയെ തള്ളിപ്പറഞ്ഞത്. ശിവസേനയുടെ മുഖപത്രമായ സാമ്‌നക്ക് നല്‍കിയ അഭിമുഖത്തിലാണ് ഉദ്ധവിന്‍റെ വിരുദ്ധ നിലപാട്. എന്‍പിആറിനേയും പിന്തുണക്കുന്നില്ലെന്ന് ഉദ്ധവ് വ്യക്തമാക്കി.

ദേശീയ പൗരത്വ നിയമ ഭേദഗതി ആരേയും രാജ്യത്തിന് പുറത്താക്കില്ലെന്ന് ഉദ്ധവ് പറഞ്ഞു. ഹിന്ദുക്കള്‍ക്കും മുസ്‍ലിംകള്‍ക്കും പൗരത്വം തെളിയിക്കുന്നതിന് പ്രയാസമുണ്ടാകുന്ന ഒരു സാഹചര്യമുണ്ടാവാന്‍ അനുവദിക്കില്ലെന്നും ഉദ്ധവ് കൂട്ടിച്ചേര്‍ത്തു. എന്‍ആര്‍സി നടപ്പിലാക്കിയാല്‍ മഹാരാഷ്ട്രയില്‍ അത്തരമൊരു സാഹചര്യമുണ്ടാകുമെന്നും ഉദ്ധവ് വിലയിരുത്തി. പൗരത്വ നിയമ ഭേദഗതി പരിഗണിക്കുന്നത് മൂന്ന് രാജ്യങ്ങളില്‍ മത പീഡനം അനുഭവിച്ചവരെയാണെന്നും ഉദ്ധവ് വിശദമാക്കി. അസമില്‍ നിരവധി ഹിന്ദുക്കള്‍ എന്‍ആര്‍സിക്ക് പുറത്ത് പോയതായും ഉദ്ധവ് ചൂണ്ടിക്കാണിച്ചു. ദേശീയ പൗരത്വ നിയമ ഭേദഗതിക്കുറിച്ചുള്ള മുസ്‍ലിം സമുദായത്തിലുള്ളവരുടെ ആശങ്കകള്‍ പരിഹരിക്കുമെന്നും ഉദ്ധവ് സാമ്നയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. 

പൗരത്വ നിയമത്തിനെതിരെ കേരളവും പഞ്ചാബും പാസാക്കിയ പോലെ മഹാരാഷ്ട്ര നിയമസഭയിലും പ്രമേയം അവതരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം മുസ്‍ലിം സമുദായത്തിലെ പ്രമുഖര്‍ ഉദ്ധവ് താക്കറെയെ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് മുഖ്യമന്ത്രി ഉദ്ധവ് അഭിമുഖത്തില്‍ പരാമര്‍ശിച്ചില്ല. കേരളം, പഞ്ചാബ്, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാന നിയമസഭകളിലാണ് സിഎഎക്കെതിരെ പ്രമേയം പാസാക്കിയത്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം പ്രമേയം പാസാക്കുമെന്നാണ് സൂചന.

click me!