
ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധങ്ങൾ നടക്കവെ പ്രതികരണവുമായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. പൗരത്വ ഭേദഗതി നിയമം മുസ്ലിംങ്ങള്‍ക്ക് എതിരല്ലെന്ന് നിതിൻ ഗഡ്കരി പ്രതികരിച്ചു. കോൺഗ്രസിന്റെ ഈ പ്രചരണം മുസ്ലിംങ്ങള്‍ തിരിച്ചറിയണം. കോൺഗ്രസ് തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണങ്ങളാണ് നടത്തുന്നതെന്നും ഗഡ്കരി പ്രതികരിച്ചു. മൂന്ന് അയൽരാജ്യങ്ങളില്‍ പീഡനം അനുഭവിക്കുന്ന ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകാൻ വേണ്ടി മാത്രമുള്ളതാണ് നിയമ ഭേദഗതി. കോൺഗ്രസ്സിന്റെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണം മുസ്ലിം സഹോദരങ്ങൾ തിരിച്ചറിയണം. അവർ നിങ്ങളെ വോട്ട് യന്ത്രം മാത്രമായാണ് കാണുന്നതെന്നും നിതിൻ ഗഡ്കരി പറഞ്ഞു.
ലോകത്ത് ഹിന്ദുക്കൾക്ക് വേണ്ടി ഇപ്പോൾ ഒരു രാജ്യം ഇല്ലെന്ന് നിതിൻ ഗഡ്കരി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പൗരത്വ നിയമത്തിൽ സർക്കാർ നടപടിയെ പിന്തുണച്ചുകൊണ്ടാണ് ഗഡ്കരിയുടെ പ്രസ്താവന. ഇത്തരമൊരു നിയമം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ഈ ലോകത്ത് ഹിന്ദുക്കൾക്കായി ഒരു രാഷ്ട്രവുമില്ല, നേരത്തെ നേപ്പാൾ ഒരു ഹിന്ദു രാഷ്ട്രമായിരുന്നു. പക്ഷേ ഇപ്പോൾ ഒന്നുമില്ല, അപ്പോ ഹിന്ദുക്കളും സിഖുകളും എങ്ങോട്ട് പോകും.? മുസ്ലിംങ്ങള്‍ക്കായി നിരവധി മുസ്ലിം രാഷ്ട്രങ്ങളുണ്ട്. പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നുമാണ് ഗഡ്കരി കഴിഞ്ഞ ദിവസം പറഞ്ഞത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam