
ദില്ലി: ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ദില്ലി ജമാ മസ്ജിദിൽ പ്രതിഷേധം തുടരുമെന്ന് ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖർ ആസാദ്. പൗരത്വ ഭേദഗതിക്കെതിരായ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നും വ്യക്തമാക്കിയ ആസാദ് മസ്ജിദിനുള്ളിൽ കടന്ന് പൊലീസ് കസ്റ്റഡിയിലെടുക്കട്ടെയെന്നും പ്രതികരിച്ചു.
ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖർ ആസാദിനെ കസ്റ്റഡിയിലെടുക്കാൻ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാർ പ്രതികരിച്ചു. മസ്ജിദിൽ പ്രതിഷേധിക്കുന്നവരിൽ ഭീം ആർമി പ്രവർത്തകരുമുണ്ട്. ആർക്കും നിയമം കൈയിലെടുക്കാൻ അവകാശമില്ലെന്നും മസ്ജിദിനെ പ്രതിഷേധ വേദിയാക്കരുതെന്നും ഇമാം നിർദ്ദേശം നൽകിയിട്ടും പ്രതിഷേധക്കാർ പിരിഞ്ഞു പോകാൻ തയ്യാറാകുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.
ജമാ മസ്ജിദില്‍ നിന്ന് ജന്തര്‍ മന്ദറിലേക്ക് മാര്‍ച്ച് നടത്താന്‍ പൊലീസ് അനുമതി നിഷേധിച്ചിരുന്നെങ്കിലും ഇത് വകവെക്കാതെയാണ് ചന്ദ്രശേഖര്‍ ആസാദിന്‍റെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. ഭരണഘടനയും അംബേദ്കറിന്‍റെ പോസ്റ്ററുകളും കയ്യിലേന്തി വന്‍ ജനാവലിയുടെ പിന്തുണയോടെയായിരുന്നു പ്രതിഷേധം.
വെള്ളിയാഴ്ച നമസ്കാരം കഴിഞ്ഞ് ആയിരക്കണക്കിനാളുകള്‍ എത്തിയ ജമാ മസ്ജിദിന്‍റെ ഗേറ്റുകളില്‍ ഒന്ന് പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞിരുന്നു. ഇതോടെ നമസ്കാരത്തിന് ശേഷം വിശ്വാസികള്‍ ഒന്നാമത്തെ ഗേറ്റില്‍ തടിച്ചുകൂടി. പ്രതിഷേധ റാലി നടത്തുമെന്ന് പ്രഖ്യാപിച്ച ചന്ദ്രശേഖര്‍ ആസാദിനെ ജമാ മസ്ജിദിന് പുറത്തുവെച്ച് പൊലീസ് പിടികൂടി.
പ്രതിഷേധവുമായി ജനങ്ങള്‍ എത്തിയതോടെ പൊലീസ് പിടിയില്‍ നിന്നും രക്ഷപ്പെട്ട ആസാദ് കെട്ടിടങ്ങളുടെ ടെറസുകളില്‍ നിന്നും ടെറസുകളിലേക്ക് ചാടിയാണ് ആള്‍ക്കൂട്ടത്തിന് സമീപമെത്തി പ്രതിഷേധം തുടര്‍ന്നത്. ഭരണഘടനയുടെ പകര്‍പ്പ് ഉയര്‍ത്തിക്കാട്ടിയും മുദ്രാവാക്യങ്ങള്‍ വിളിച്ചുമായിരുന്നു പ്രതിഷേധം. പിന്നീട് ആസാദിനെ വീണ്ടും കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമം ഉണ്ടായെങ്കിലും ജനങ്ങള്‍ ഇടപെട്ട് തടഞ്ഞു. ജയ് ഭീം മുഴക്കി മുഖം മറച്ചായിരുന്നു ചന്ദ്രശേഖര്‍ ആസാദ് ജമാ മസ്ജിദില്‍ എത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam