
ലഖ്നൗ: ഉത്തർപ്രദേശിൽ സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം 20 ആയി ഉയർന്നു. ഫിറോസാബാദിൽ വെടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പൊതുമുതൽ നശിപ്പിച്ചതിന് 14 ലക്ഷം നഷ്ടപരിഹാരം ഈടാക്കാൻ രാംപൂരിൽ 28 പേർക്ക് പൊലീസ് നോട്ടീസ് നല്‍കി.
ഉത്തർപ്രദേശിൽ കഴിഞ്ഞ ദിവസം നടന്ന സംഘർഷത്തില്‍ വെടിയേറ്റ മുക്കിം എന്ന ആളാണ് ഇന്നലെ വൈകിട്ട് മരിച്ചത്. ഫിറോസാബാദിൽ ഒരു ഫാക്ടറിയിലെ തൊഴിലാളിയായിരുന്ന മുക്കിമിനെ ദില്ലിയിലെ സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുക്കിമിന് വയറിലാണ് വെടിയേറ്റത്. എങ്ങനെ വെടിയേറ്റു എന്നത് വ്യക്തമല്ല. പൊലീസ് വെടിവച്ചതായി ബന്ധുക്കൾ പറയുന്നു. എന്നാൽ നാടൻ തോക്കുകളുമായാണ് അക്രമികൾ എത്തിയതെന്നാണ് പൊലീസ് വിശദീകരണം. ബിജ്നോറിൽ ഒരാൾ മരിച്ചത് ആത്മരക്ഷാർത്ഥം പൊലീസ് വെടിവെച്ചപ്പോഴാണ് എന്ന് പൊലീസ് ഇന്നലെ വ്യക്തമാക്കിയിരുന്നു. കേന്ദ്രമന്ത്രി വി മുരളീധരനും ഇക്കാര്യം സ്ഥിരീകരിച്ചു.
രാംപൂരിൽ പൊതുമുതൽ നശിപ്പിച്ചതിന് 28 പേർക്ക് പൊലീസ് നോട്ടീസ് നല്‍കി. പതിനാല് ലക്ഷം രൂപ വീതം ഈടാക്കാതിരിക്കാൻ കാരണം ഉണ്ടെങ്കിൽ ബോധ്യപ്പെടുത്താനാണ് നോട്ടീസില്‍ പറയുന്നത്. എംബ്രോയിഡറി തൊഴിലാളി ഉൾപ്പടെയുള്ളവർക്കാണ് നോട്ടീസ്. ഉത്തർപ്രദേശിലെ സംഭവങ്ങളിൽ ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യം ശക്തമാകുകയാണ്. പലയിടത്തും വെടിവച്ചില്ല എന്ന വിശദീകരണം പൊലീസ് നല്‍കുമ്പോഴും പ്രദേശവാസികൾ മറിച്ചുള്ള നിലപാടാണ് വ്യക്തമാക്കുന്നത്. ഇന്നലെ മീററ്റിൽ പൊലീസ് തടഞ്ഞതിനെതുടർന്ന് മടങ്ങിയ രാഹുലും പ്രിയങ്കയും അടുത്ത ദിവസം വീണ്ടും സന്ദർശനത്തിന് ശ്രമം നടത്തും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam