
ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ക്കിടെയുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ അടിയന്തരമായി ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി. ഇത് വിചാരണ കോടതിയല്ലെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ പറഞ്ഞു. ഹർജികളുടെ പ്രളയം അലോസരപ്പെടുത്തുന്നു. ആദ്യം ഹൈക്കോടതികളെ സമീപിക്കണമെന്നും ചീഫ് ജസ്റ്റിസ് നിര്‍ദ്ദേശിച്ചു.
ബിജെപി നേതാവ് അശ്വിനി ഉപാദ്ധ്യായ ആണ് അക്രമങ്ങളുമായി ബന്ധപ്പെട്ട രണ്ട് ഹര്‍ജികള്‍ നല്‍കിയത്. പശ്ചിമബംഗാളിലെ മുര്‍ഷിദാബാദിലും മറ്റും വലിയ അക്രമമാണ് പ്രതിഷേധങ്ങള്‍ക്കിടെ നടന്നത്. തീവണ്ടികള്‍ കത്തിക്കുന്നതുള്‍പ്പടെയുള്ള അക്രമസംഭവങ്ങള്‍ അവിടെ നടന്നു. ഇക്കാര്യത്തെക്കുറിച്ച് സിബിഐയുടെയും എന്‍ഐഎയുടെയും അന്വേഷണത്തിന് സുപ്രീംകോടതി ഇടപെടണം എന്നതായിരുന്നു ഹര്‍ജിയിലെ പ്രധാന ആവശ്യം.
ഇത്തരത്തിലുള്ള പരാതികളുടെ പ്രളയത്തില്‍ കടുത്ത അതൃപ്തിയാണ് ചീഫ് ജസ്റ്റിസ് പ്രകടിപ്പിച്ചത്. പലയിടങ്ങളില്‍ നിന്നും ഇത്തരത്തിലുള്ള പരാതികള്‍ നേരിട്ട് സുപ്രീംകോടതിയിലേക്ക് വരികയാണ്. ആദ്യം ഹൈക്കോടതികളെ സമീപിക്കുകയാണ് ഹര്‍ജിക്കാര്‍ ചെയ്യേണ്ടത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഏതൊക്കെ സംസ്ഥാനങ്ങളിലാണ് ഹിന്ദുക്കള്‍ ഭൂരിപക്ഷമല്ലാത്തത് എന്ന് ഒരു കണക്കെടുപ്പ് ആവശ്യമാണ് എന്നതായിരുന്നു അശ്വിനി ഉപാധ്യായയുടെ രണ്ടാമത്തെ ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. ഈ ആവശ്യവും സുപ്രീംകോടതി തള്ളി. വിവിധ സംസ്ഥാനങ്ങള്‍ രൂപീകരിച്ചത് മതത്തിന്‍റെ അടിസ്ഥാനത്തിലല്ല. അതുകൊണ്ടുതന്നെ സുപ്രീംകോടതിക്ക് ഇക്കാര്യത്തില്‍ അനുകൂല നിലപാട് എടുക്കാനാവില്ലെന്നാണ് ചീഫ് ജസ്റ്റിസ് പറഞ്ഞത്. ഈ വിഷയത്തില്‍ ഇടപെട്ട് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ കോടതിയില്‍ സംസാരിച്ചു. ഹിന്ദു വിഭാഗം എട്ട് സംസ്ഥാനങ്ങളില്‍ ഭൂരിപക്ഷമല്ല എന്നാണ് അദ്ദേഹം പറഞ്ഞത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam