ദേശീയ ജനസംഖ്യാ രജിസ്റ്ററിന് അംഗീകാരം: ജനങ്ങള്‍ രേഖകള്‍ നല്‍കേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍

By Web TeamFirst Published Dec 24, 2019, 4:17 PM IST
Highlights

എൻപിആർ കണക്കെടുപ്പിന് ഒരു രേഖയും നല്‍കേണ്ടെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. ജനങ്ങൾ നല്‍കുന്ന വിവരങ്ങളിൽ കേന്ദ്രത്തിന് വിശ്വാസം. 

ദില്ലി: ദേശീയ ജനസംഖ്യ രജിസ്റ്ററിനും (എന്‍പിആര്‍) 2021 സെന്‍സസ് നടപടികള്‍ക്കും കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്‍കി. ദേശീയ ജനസംഖ്യാ രജിസ്റ്ററിനും സെന്‍സസിനുമായി മൊബൈല്‍ ആപ്പ് പുറത്തിറക്കുമെന്ന് കേന്ദ്രമന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ചു കൊണ്ട് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. 

സെന്‍സസിന്‍റെ ഭാഗമായി ജനങ്ങള്‍  രേഖകളോ ബയോ മെട്രിക് വിവരങ്ങളോ നല്‍കേണ്ടതില്ലെന്ന് പ്രകാശ് ജാവദേക്കർ വ്യക്തമാക്കി. ജനങ്ങള്‍ നല്‍കുന്ന വിവരങ്ങളില്‍ കേന്ദ്രത്തിന് പൂര്‍ണവിശ്വാസമുണ്ട്. എൻപിആറും പൗരത്വ രജിസ്റ്ററും തമ്മിൽ ബന്ധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും എൻപിആറും സെൻസസ് നടപടിയും അംഗീകരിച്ചതാണെന്നും ചില സംസ്ഥാനങ്ങള്‍ എന്‍പിആര്‍ നടപടികള്‍ ചൂണ്ടിക്കാട്ടിയത് സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. 2020 മാര്‍ച്ച് മുതല്‍ സെപ്തംബര്‍ വരെയാണ് രാജ്യവ്യാപകമായി സെന്‍സസ്-എന്‍പിആര്‍ കണക്കെടുപ്പ് നടക്കുക. 2021-ലാവും സെന്‍സസ് അന്തിമപ്പട്ടിക പുറത്തു വിടുക. സെന്‍സസ് നടപടികള്‍ക്കായി 8754 കോടി രൂപയും എന്‍പിആറിനായി 3941 കോടി രൂപയും കേന്ദ്രമന്ത്രിസഭായോഗം വകയിരുത്തി. 

വിവിധ സേനാവിഭാഗങ്ങളുടെ ഏകോപനത്തിനായി പ്രതിരോധ സേനാ തലവനെ നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഫോര്‍സ്റ്റാര്‍ ജനറലായിട്ടാവും തലവനെ നിയമിക്കുക. ഇതോടൊപ്പം സൈനികകാര്യ വകുപ്പ് രൂപീകരിക്കാനും തീരുമാനിച്ചു. പ്രതിരോധസേനാ തലവൻ തന്നെ ഈ വകുപ്പിൻറെയും ചുമതല വഹിക്കും. കര/നാവിക/വ്യോമസേനാ മേധാവിമാരില്‍ ഒരാളാവും ഈ പദവിയില്‍ എത്തുക. അടല്‍ ജല്‍ എന്ന പേരില്‍ ഭൂഗര്‍ഭജല വിനിയോഗത്തിന് പ്രത്യേക പദ്ധതിക്കും കേന്ദ്രമന്ത്രിസഭായോഗം ഇന്ന് അംഗീകാരം നല്‍കി. പദ്ധതി പ്രകാരം 3300 കോടി രൂപ ഏഴ് സംസ്ഥാനങ്ങള്‍ക്ക് നല്‍കും. 

click me!