ജമ്മു കശ്മീര്‍ ഗ്രാമത്തിലെ ദുരൂഹമരണങ്ങള്‍; മരിച്ചവരുടെ ശരീരത്തില്‍ കണ്ടെത്തിയത് കീടനാശിനി, കാഡ്മിയം അംശങ്ങള്‍

Published : Jan 25, 2025, 12:51 PM ISTUpdated : Jan 25, 2025, 02:02 PM IST
 ജമ്മു കശ്മീര്‍ ഗ്രാമത്തിലെ ദുരൂഹമരണങ്ങള്‍; മരിച്ചവരുടെ ശരീരത്തില്‍ കണ്ടെത്തിയത് കീടനാശിനി, കാഡ്മിയം അംശങ്ങള്‍

Synopsis

3,800 താമസക്കാരുള്ള ബദാല്‍ ഗ്രാമത്തിലാണ് അപൂര്‍വ രോഗം പടരുന്നത്. ഡിസംബര്‍ ഏഴിനാണ് രോഗബാധ സ്ഥിരീകരിച്ചത്.

ദില്ലി: ജമ്മു കശ്മീരിലെ ബദാല്‍ ഗ്രാമത്തില്‍ 17 പേര്‍ അജ്ഞാത രോഗം ബാധിച്ച് മരിച്ച സംഭവത്തില്‍ നിര്‍ണായക വിവരം പുറത്തുവന്നു. മരിച്ചവരുടെ ശരീരത്തിനകത്ത് കീടനാശിനിയായ ആല്‍ഡികാര്‍ബിന്റെയും കാഡ്മിയത്തിന്റെയും അംശം കണ്ടെത്തി. ലക്‌നോവിലെ സിഎസ്‌ഐആര്‍-ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടോക്‌സിക്കോളജി റിസര്‍ച്ച് മരിച്ചവരുടെ ദേഹത്തുനിന്നെടുത്ത സാമ്പിളുകളില്‍ നടത്തിയ പ്രാഥമിക പരിശോധനയിലാണ് കീടനാശിനിയില്‍ ഉപയോഗിക്കുന്ന ആല്‍ഡികാര്‍ബ്, കാഡ്മിയം എന്നിവയടക്കമുള്ള ന്യൂറോടോക്‌സിനുകളുടെ അംശം കണ്ടെത്തിയത്. ഭക്ഷണത്തിലൂടെയാണ് ഇവ ഉള്ളിലെത്തിയത് എന്നാണ് പ്രാഥമിക നിഗമനം. 

രജൗരിയിലെ ബദാല്‍ ഗ്രാമത്തിലാണ് ഡിസംബര്‍ ഏഴ് മുതല്‍ ജനുവരി 19 വരെ തുടര്‍ച്ചയായി 17 പേര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. മൂന്ന് കുടുംബങ്ങളില്‍ പെട്ടവരാണ് മരിച്ചത്. ഇവരില്‍ 13 കുട്ടികളും ഒരു ഗര്‍ഭിണിയും ഉള്‍പ്പെടുന്നു. ഗ്രാമത്തിലെ ഒരു വീട്ടില്‍ നിന്നും വിവാഹ സദ്യ കഴിച്ചവരാണ് മരിച്ചവരെല്ലാം. വിവാഹം നടന്ന വീട്ടിലെ ഗൃഹനാഥന്‍ അടക്കം അഞ്ചുപേരാണ് ആദ്യം ഇരയായത്. തുടര്‍ന്ന് അയല്‍പ്പക്കത്തെ രണ്ടു കുടുംബങ്ങളില്‍നിന്നായി 12 പേര്‍ മരണപ്പെട്ടു. സമാനമായ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ എത്തിച്ചവരാണ് പൊടുന്നനെ ബോധരഹിതരായി മരിച്ചത്. 53 ദിവസമായിട്ടും ഈ ദുരൂഹ മരണങ്ങളില്‍ കൃത്യമായ വിശദീകരണം ലഭിക്കാത്തത് കശ്മീരിലാകെ പരിഭ്രാന്തി പരത്തിയിരുന്നു. തുടര്‍ന്ന്, വിവിധ മെഡിക്കല്‍ കോളജുകളുടെയും ഗവേഷണ സ്ഥാപനങ്ങളുടെയും മുന്‍കൈയില്‍ സംഭവത്തില്‍ അന്വേഷണമാരംഭിച്ചു.കേന്ദ്ര സര്‍ക്കാര്‍ 11 അംഗ വിദഗ്ധ സമിതിയെ ഇവിടേക്ക് നിയോഗിച്ചു. പ്രദേശത്തെ കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. 200ലേറെ പേരെ ആശുപത്രിയില്‍ ക്വാറന്റീനിലാക്കി. 

ഭക്ഷ്യവിഷബാധയെത്തുടര്‍ന്നാണ് മരണം എന്നായിരുന്നു രജൗരി മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ ആദ്യനിഗമനം. എന്നാല്‍, തുടര്‍ച്ചയായി മരണങ്ങള്‍ സംഭവിച്ച സാഹചര്യത്തില്‍ അജ്ഞാതരോഗമാവാം കാരണമെന്ന നിഗമനത്തില്‍ മെഡിക്കല്‍ സംഘം എത്തി. പിന്നീടാണ്, കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. തലച്ചോറിനെയും നാഡീവ്യവസ്ഥയെയുമാണ് രോഗം ബാധിക്കുന്നതെന്ന് രണ്ടു ദിവസങ്ങള്‍ക്കു മുമ്പ് രജൗരി മെഡിക്കല്‍ കോളജ് ്രപിന്‍സിപ്പല്‍ ഡോ. അമര്‍ജിത് സിംഗ് ഭാക്കിയ അറിയിച്ചിരുന്നു. തൊട്ടുപിന്നാലെ, മരണകാരണം വൈറസോ ബാക്ടീരിയയോ അല്ലെന്ന് മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല മാധ്യമങ്ങളോട് പറഞ്ഞു. ഇന്നലെ, ഒരു പൊതുപരിപാടിക്ക് എത്തിയ കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ് ന്യൂറോടോക്‌സിനുകളാണ് മരണകാരണമെന്ന് ്രപാഥമിക പരിശോധനയില്‍ തെളിഞ്ഞതായി അറിയിച്ചു. അതിനു പിന്നാലെയാണ് എന്തൊക്കെയാണ് ആ ന്യൂറോടോക്‌സിനുകള്‍ എന്ന വിവരം പുറത്തുവന്നത്.  

ഇതിനിടെ രോഗം ബാധിച്ച് പതിനാറുകാരിയെ ഇന്നലെ ആശുപതിയില്‍ പ്രവേശിപ്പിച്ചു. 3,800 താമസക്കാരുള്ള ഗ്രാമത്തിലാണ് അപൂര്‍വ രോഗം പടരുന്നത്. ഡിസംബര്‍ ഏഴിനാണ് രോഗബാധ സ്ഥിരീകരിച്ചത്. പനിയും ശരീര വേദനയും അമിതമായ വിയര്‍പ്പും ബോധം മറയലും അടക്കമുള്ള ലക്ഷണങ്ങളാണ് ഇവര്‍ മരണത്തിന് മുമ്പ് പ്രകടിപ്പിച്ചത്.
 

'മസ്തകത്തിൽ ത്രികോണാകൃതിയിൽ മുറിവ്', അതിരപ്പിള്ളിയില്‍ മറ്റൊരു കാട്ടാനയ്ക്ക് കൂടി പരിക്കുണ്ടെന്ന് വിവരം

 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'കൂലിക്കെടുത്തത് രണ്ട് പേരെ, കൊന്നൊടുക്കിയത് നൂറിലേറെ തെരുവുനായ്ക്കളെ', ഗ്രാമപഞ്ചായത്തിനെതിരെ കേസ്
യുപിയിൽ മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി പാസ്റ്റർക്ക് ജാമ്യം‌; അറസ്റ്റിലായത് ജനുവരി 13ന്