
വഡോദര: കുപ്പവെള്ളത്തിന് ഇരട്ടി വില ഈടാക്കിയ കഫേയ്ക്ക് പിഴ ചുമത്തി ഉപഭോക്തൃ കമ്മീഷൻ. 20 രൂപ വിലയുള്ള കുപ്പിവെള്ളത്തിന് 41 രൂപ ഈടാക്കിയതിനെതിരെയാണ് യുവാവ് ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്. ഏഴ് വർഷത്തിന് ശേഷമാണ് വിധി വന്നത്.
ജതിൻ വലങ്കർ എന്നയാൾ ഗുജറാത്തിലെ വഡോദരയിലെ കബീർസ് കിച്ചൻ കഫേ ഗാലറിക്കെതിരെയാണ് പരാതി നൽകിയത്. 750 മില്ലി കുപ്പി വെള്ളത്തിന് മെനുവിൽ രേഖപ്പെടുത്തിയത് 39 രൂപയാണ്. എന്നാൽ കുപ്പിയുടെ എംആർപി 20 രൂപ മാത്രമായിരുന്നു. അതേസമയം നികുതി ഉൾപ്പെടെയെന്ന് പറഞ്ഞ് 41 രൂപയാണ് ജതിനിൽ നിന്ന് കഫേ ഈടാക്കിയത്. അതായത് എംആർപിയേക്കാൾ 21 രൂപ അധികം. തുടർന്ന് പരാതി നൽകിയതോടെ വഡോദര കണ്‍സ്യൂമർ കമ്മീഷൻ സുപ്രധാനമായ ഉത്തരവ് പുറപ്പെടുവിച്ചു.
ജതിന് നഷ്ടപരിഹാരമായി 5000 രൂപ നൽകാൻ ഉപഭോക്തൃ കമ്മീഷൻ ഉത്തരവിട്ടു. കഫേയുടെ നടപടി അന്യായമെന്ന് വിലയിരുത്തിയ കോടതി, അധികമായി ഈടാക്കിയ 21 രൂപ തിരിച്ചുനൽകാനും ഏഴ് വർഷത്തേക്ക് ഒൻപത് ശതമാനം പലിശ നൽകാനും ഉത്തരവിട്ടു. ഇതോടൊപ്പം കോടതി ചെലവായി 2000 രൂപ നൽകണമെന്നും കഫേയ്ക്ക് ഉപഭോക്തൃ കമ്മീഷൻ നിർദേശം നൽകി. പരാതി നൽകി ഏഴ് വർഷത്തിന് ശേഷമാണ് വിധി വന്നത്.
ഉപഭോക്താക്കളിൽ നിന്ന് എംആർപിയോക്കാൾ ഉയർന്ന നിരക്ക് ഈടാക്കുന്നത് പലയിടത്തും കാണാറുണ്ട്. താൻ പരാതി നൽകിയത് ആ പണം തിരിച്ചുകിട്ടാൻ മാത്രമായല്ലെന്നും ഉപഭോക്താക്കളെ അവരുടെ അവകാശങ്ങളെ കുറിച്ച് ബോധവാന്മാരാക്കാനും ഉപഭോക്താക്കളെ കൊള്ളയടിക്കാതെ ബിസിനസ് നീതിപൂർവ്വം നടത്തണമെന്ന് ഓർമപ്പെടുത്താനുമായിരുന്നുവെന്ന് ജതിൻ പ്രതികരിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam