
ദില്ലി: ഇന്ത്യയിലെ ട്രെയിൻ യാത്രയെക്കുറിച്ച് ഒരു കനേഡിയൻ യുവതി പങ്കുവച്ച വീഡിയോ ഇൻസ്റ്റാഗ്രാമിൽ വൈറലാവുകയാണ്. @nickandraychel എന്ന ഇൻസ്റ്റഗ്രാം ഐഡിയിൽ നിന്നാണ് യുവതിയുടെ കുറിപ്പിനോടൊപ്പമുള്ള വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ത്യയിൽ ട്രെയിനിൽ യാത്ര ചെയ്യുന്നത് മറ്റൊന്നിനും സമാനതകളില്ലാത്ത അനുഭവമാണെന്നും രാജ്യത്തിന്റെ ഏതാണ്ട് എല്ലാ കോണുകളെയും ബന്ധിപ്പിക്കുന്ന 68,000 കിലോമീറ്ററിലധികം നീണ്ടു കിടക്കുന്ന ഈ ശൃംഖല മനോഹരമാണെന്നും അവർ വീഡിയോക്ക് അടിക്കുറിപ്പ് നൽകിയിരിക്കുന്നു.
യുവതിയുടെ ഇൻസ്റ്റഗ്രാം വീഡിയോ:
യുവതി പങ്കുവച്ച വീഡിയോയിൽ യാത്രക്കാർ തറയിൽ കിടന്നുറങ്ങുന്നത് കാണാം. ഏഴ് മണിക്കൂർ നീണ്ട യാത്രയ്ക്ക് വെറും 12 ഡോളർ (ഏകദേശം ₹1,000) ആണ് ടിക്കറ്റ് വിലയെന്നും അവർ എടുത്തു കാണിക്കുന്നു. ബ്രൗൺ പേപ്പർ ബാഗുകളിൽ വൃത്തിയായി പൊതിഞ്ഞ പുതപ്പുകൾ ഉൾപ്പെടെ നൽകിയിരിക്കുന്നുവെന്നും അവർ പ്രശംസിച്ചു. ഈ ട്രെയിനുകൾ ശരിക്കും ഇഷ്ടമായെന്നും വളരെ വേഗത്തിലും കാര്യക്ഷമമായി പ്രവർത്തിക്കുന്നുവെന്നും യുവതി വീഡിയോയിൽ പറയുന്നു. തുടർന്ന് ട്രെയിനിലെ ഭക്ഷണവും യുവതി പരീക്ഷിച്ചു നോക്കി. ഒരു വെജിറ്റബിൾ പാറ്റിയും ഒരു ടോസ്റ്റും ഉണ്ടായിരുന്നു. കമ്പാർട്ടുമെന്റുകളിലൂടെ നടക്കുന്ന വിൽപ്പനക്കാരിൽ നിന്ന് യുവതി ചെറുകടികൾ വാങ്ങുന്നതും വീഡിയോയിൽ കാണാം.
അതേ സമയം, ഇന്ത്യയിലെ ട്രെയിൻ യാത്ര നോക്കുന്നവർക്ക് ചില ടിപ്സ് യുവതി പങ്കുവക്കുന്നുണ്ട്. ഉത്സവകാലത്ത് പ്രത്യേകിച്ചും മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യണം. കൂടാതെ സ്ലീപ്പർ ക്ലാസ് മുതൽ എസി ഫസ്റ്റ് ക്ലാസ് വരെയുള്ള വ്യത്യസ്ത ക്ലാസുകളെക്കുറിച്ചും അവർ വീഡിയോയായി വിശദീകരിക്കുന്നു. എസി 2-ടയർ ആണ് തനിക്ക് ഇഷ്ടപ്പെട്ട ഓപ്ഷൻ. എന്നാൽ വീഡിയോ എടുക്കുന്ന സമയത്ത് യുവതി യാത്ര ചെയ്തിരുന്നത് ഒരു എസി 3-ടയർ കോച്ചിൽ ആയിരുന്നു.