
ദില്ലി: ബിഹാറിൽ ഊർജ നിലയം സ്ഥാപിക്കാൻ 1050 ഏക്കർ ഭൂമി ഒരു രൂപ നിരക്കിൽ മോദി സർക്കാർ അദാനിക്ക് നൽകാൻ ഒരുങ്ങുന്നുവെന്ന് കോൺഗ്രസ്. ഭാഗൽപൂരിലെ അദാനിയുടെ പവർപ്ലാന്റ് നിർമ്മാണത്തിനെതിരെ പ്രതിഷേധിക്കാതിരിക്കാൻ ജനങ്ങളെ വീട്ടുതടങ്കലിലാക്കിയെന്നും പവൻ ഖേര ആരോപിച്ചു. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്ന സൂചനയ്ക്കിടെ ബിഹാർ രാഷ്ട്രീയം ചൂടുപിടിപ്പിക്കുയാണ് കോൺഗ്രസിന്‍റെ ആരോപണം. ഭാഗൽപൂരിൽ പിർപെയ്ന്തിയിൽ അദാനിക്ക് പവർപ്ലാന്റ് നർമ്മിക്കാനായി 1050 ഏക്കർ ഭൂമി പ്രതിവർഷം 1 രൂപ നിരക്കിൽ 33 വർഷത്തേക്ക് മോദി സർക്കാർ നൽകാനൊരുങ്ങുകയാണെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. സ്ഥലത്തെ 10 ലക്ഷം മരങ്ങളും ഇതിനായി മുറിക്കുമെന്നും, ഇതിനെതിരെ പ്രദേശവാസികൾ പ്രതിഷേധിക്കാതിരിക്കാൻ നരേന്ദ്ര മോദിയുടെ സന്ദർശനത്തിനിടെ ജനങ്ങളെ വീട്ട് തടങ്കലിലാക്കിയെന്നുമാണ് ആരോപണം. പ്രദേശത്ത് സർക്കാർ നടപ്പാക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ച പദ്ധതി അദാനിക്കായി റദ്ദാക്കിയെന്നും പവൻ ഖേര ആരോപിച്ചു. കോൺഗ്രസിന്‍റെ കടുത്ത ആരോപണത്തോട് കേന്ദ്ര സർക്കാരോ, ബി ജെ പിയോ, അദാനിയോ പ്രതികരിച്ചിട്ടില്ല. ഇന്നലെ പൂർണിയയിൽ നരേന്ദ്ര മോദി റാലി നടത്തിയിരുന്നു.
അതേസമയം തെരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്തിരിക്കെ മുന്നണികൾ പ്രചരണം ശക്തമാക്കുകയാണ്. മുൻ ഉപ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ് നയിക്കുന്ന ബിഹാർ അധികാർ യാത്രക്ക് തുടക്കമായി. സീറ്റ് വിഭജനത്തിൽ കോൺഗ്രസിനും ആർ ജെ ഡിക്കും ഇടയിൽ ഭിന്നതയുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് തേജസ്വി യാദവ് ഒറ്റയ്ക്ക് ബീഹാറിൽ യാത്ര തുടങ്ങിയിരിക്കുന്നത്. രാഹുൽ ഗാന്ധിയുടെ വോട്ട് അധികാർ യാത്രയിൽ മുഴുവൻ സമയവും തേജസ്വി ഉണ്ടായിരുന്നു. ഈ യാത്ര കടന്നു പോകാത്ത പത്ത് ജില്ലകളാണ് തേജസ്വി തെരഞ്ഞെടുത്തിരിക്കുന്നത്. രാവിലെ ജഹാനാബാദിൽനിന്നും തുടങ്ങിയ യാത്ര 20 ന് വൈശാലിയിലാണ് അവസാനിക്കുന്നത്. രാഹുൽ ഗാന്ധിയുമായി ഒരു അഭിപ്രായ വ്യത്യാസവുമില്ലെന്ന് യാത്രക്കിടെ തേജസ്വി പ്രതികരിച്ചു.
അതിനിടെ വമ്പൻ പ്രഖ്യാപനങ്ങൾ തുടരുകയാണ് മുഖ്യമന്ത്രി നിതീഷ് കുമാർ. പ്ലസ് ടു കഴിഞ്ഞവർക്ക് സർക്കാർ നൽകുന്ന വിദ്യാഭ്യാസ വായ്പ പലിശ രഹിതമാക്കി ഉത്തരവിറക്കി. നേരത്തെ ഈടാക്കിയിരുന്ന 4 ശതമാനം പലിശയാണ് ഒഴിവാക്കിയത്. തിരിച്ചടവ് കാലാവധിയും കൂട്ടിയിട്ടുണ്ട്. അടുത്തമാസം ബിഹാർ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുമെന്നാണ് സൂചന.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam