പതിനാലുകാരന് 'ദയാവധം' അച്ഛനടക്കം മൂന്നുപേർ അറസ്റ്റിൽ

Web Desk   | Asianet News
Published : Oct 07, 2021, 09:40 PM IST
പതിനാലുകാരന് 'ദയാവധം' അച്ഛനടക്കം മൂന്നുപേർ അറസ്റ്റിൽ

Synopsis

കോയമ്പത്തൂരിലെ ആശുപത്രിയില്‍ ചികിത്സ നടത്തിയെങ്കിലും അര്‍ബുദം കാരണം മുറിവ് ഉണങ്ങിയില്ല. ആശുപത്രിയില്‍ നിന്ന് വീട്ടില്‍വന്ന മകന്‍ വേദനകാരണം കഷ്ടപ്പെടുന്നത് കണ്ട് പെരിയസ്വാമിയും കുടുംബാംഗങ്ങളും വളരെ സങ്കടപ്പെട്ടിരുന്നു. 

സേലം: തമിഴ്നാട്ടിലെ എടപ്പാടിയിൽ മകനെ ദയാവധത്തിന് വിധേയമാക്കിയ കേസില്‍ അച്ഛന്‍ ഉള്‍പ്പെടെ മൂന്നുപേരെ അറസ്റ്റ് ചെയ്തു. കച്ചുപള്ളി ഗ്രാമത്തിലെ കൂടക്കാരന്‍ വളവിലെ ലോറി ഡ്രൈവറായ പെരിയസ്വാമി (44), കൊങ്കണാപുരത്തിലെ ലാബ് ടെക്നീഷ്യന്‍ വെങ്കടേഷ് (39), കുരുംപട്ടിയിലെ പ്രഭു എന്നിവരാണ് അറസ്റ്റിലായത്. വിഷം കൊടുത്താണ് അർബുദ രോ​ഗിയായ പതിനാലുവയസുകാരൻ  വണ്ണത്തമിഴിനെ പെരിയസ്വാമിയും മറ്റ് രണ്ടുപേരും കൊലപ്പെടുത്തിയത്.

രണ്ട് വർഷം മുൻപ് വണ്ണത്തമിഴിന് അർബുദമാണെന്ന് കണ്ടെത്തിയിരുന്നു. അതിന്റെ ചികിൽസകൾ നടക്കുന്നുണ്ടായിരുന്നു.  കഴിഞ്ഞ വര്‍ഷം കളിക്കുന്നതിനിടയില്‍ താഴെവീണ വണ്ണത്തമിഴിന്റെ കാലില്‍ മുറിവേറ്റു. കോയമ്പത്തൂരിലെ ആശുപത്രിയില്‍ ചികിത്സ നടത്തിയെങ്കിലും അര്‍ബുദം കാരണം മുറിവ് ഉണങ്ങിയില്ല. ആശുപത്രിയില്‍ നിന്ന് വീട്ടില്‍വന്ന മകന്‍ വേദനകാരണം കഷ്ടപ്പെടുന്നത് കണ്ട് പെരിയസ്വാമിയും കുടുംബാംഗങ്ങളും വളരെ സങ്കടപ്പെട്ടിരുന്നു. 

വണ്ണത്തമിഴിൻ വളരെയധികം മെലിയുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് മകനെ വിഷംകുത്തിവെച്ച് കൊല്ലാന്‍ പെരിയസ്വാമി തീരുമാനിച്ചതെന്ന് പൊലീസ് പറയുന്നു. വെങ്കടേഷ്, പ്രഭു എന്നിവരുടെ സഹായത്തോടെ മകന്റെ ഞരമ്പില്‍ വിഷം കുത്തിവെച്ച് കൊന്നു എന്നാണ് കേസ്. സംഭവമറിഞ്ഞ ശങ്കഗിരി ഡെപ്യൂട്ടി കമ്മിഷണര്‍ നല്ലശിവത്തിന്റെ നേതൃത്വത്തിലെത്തിയ പൊലീസ് മൃതദേഹം കൈപ്പറ്റി പോസ്റ്റ്മോര്‍ട്ടത്തിനായി സേലം സര്‍ക്കാര്‍ ആശുപത്രിയിലേക്കയച്ചു.

ഇതിനിടെ പെരിയസ്വാമി, പ്രഭു എന്നിവര്‍ കച്ചുപ്പള്ളി വില്ലേജ് ഓഫീസില്‍ കീഴടങ്ങി. കൊങ്കണാപുരം പൊലീസ് അവരെ അറസ്റ്റ് ചെയ്തു. പിന്നീട് വേങ്കടേഷിനെയും അറസ്റ്റ് ചെയ്തു.

PREV
click me!

Recommended Stories

പ്രതിസന്ധിയുടെ ഒമ്പതാം നാൾ, കേന്ദ്ര സർക്കാരിനോട് ചോദ്യങ്ങളുമായി ദില്ലി ഹൈക്കോടതി, ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെടാൻ വൈകിയതെന്ത് ?
പിടിമുറുക്കി കേന്ദ്രം, ഇൻഡി​ഗോ കമ്പനി പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക സംഘം