
ദില്ലി : കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥി ശശി തരൂര്‍ നൽകിയ ചട്ടലംഘന പരാതിയിൽ എന്ത് നടപടിയെടുത്തെന്ന് വെളിപ്പെടുത്താനാവില്ലെന്ന് മധുസൂദൻ മിസ്ത്രി. ഇതുമായി ബന്ധപ്പെട്ട് മാധ്യമ റിപ്പോർട്ടുകളുടെ പുറകെ പോകാനാവില്ലെന്നാണ് മിസ്ത്രി പ്രതികരിച്ചത്. വോട്ടർമാരുടെ വിലാസവും ഫോൺ നമ്പറും എപ്പോൾ വേണമെങ്കിലും ലഭ്യമാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ പോലും ഈ വിവരങ്ങൾ നൽകുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടപടികൾ സുതാര്യമായിരിക്കുമെന്നും രഹസ്യ ബാലറ്റിലൂടെയാകും വോട്ടെടുപ്പ് നടക്കുകയെന്നും അദ്ദേഹം ആവര്‍ത്തിച്ച് വിശദീകരിച്ചു.
മാവോയിസ്റ്റ് നേതാക്കൾക്കൊപ്പം കോൺഗ്രസ് നേതാവും അറസ്റ്റിൽ; കേന്ദ്ര അന്വേഷണം വേണമെന്ന് ബിജെപി
അതേ സമയം, സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ തമ്മിലടി ഇനിയും അവസാനിച്ചിട്ടില്ല. മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെക്ക് പിന്നില്‍ പാര്‍ട്ടിയുടെ പൂര്‍ണ്ണ സംവിധാനങ്ങള്‍ അണി നിരന്ന ശേഷവും ഔദ്യോഗിക സ്ഥാനാര്‍ത്ഥിയില്ലെന്ന ഗാന്ധി കുടുംബത്തിന്‍റെ നിലപാടിനെതിരെ തരൂര്‍ ക്യാമ്പില്‍ മുറുമുറുപ്പുണ്ട്. അശോക് ഗലോട്ട് പിന്മാറിയതിന് പിന്നാലെ സോണിയ ഗാന്ധി തന്നെ ഇടപെട്ട് ഖര്‍ഗെയെ അധ്യക്ഷ സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കുകയായിരുന്നു. വിശ്വസ്തര്‍ മുഖേന ഖാര്‍ഗയാണ് സ്ഥാനാര്‍ത്ഥിയെന്ന സന്ദേശം താഴേ തട്ടിലേക്ക് നല്‍കിയെന്നുമാണ് തരൂര്‍ ക്യാമ്പിന്‍റെ വിമര്‍ശനങ്ങള്‍. എന്നാല്‍ ഇത്തരം പ്രചാരണങ്ങള്‍ ആസൂത്രിതമാണെന്നാണ് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ പറയുന്നത്. ആരെയും സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടില്ലെന്നും നിഷപക്ഷ നിലപാടായിരിക്കുമെന്നുമാണ് ഗാന്ധി കുടുംബം ആവര്‍ത്തിക്കുന്നതെന്ന് ഖര്‍ഗെ വ്യക്തമാക്കി.
പിസിസികള്‍ അവഗണിക്കുന്നതില്‍ അസ്വസ്ഥനായ ശശി തരൂര്‍ ഖര്‍ഗെക്ക് വോട്ട് ചെയ്യാന്‍ വോട്ടര്‍മാരോട് നേതാക്കള്‍ പറഞ്ഞിരിക്കുകയാണെന്ന് കഴിഞ്ഞ ദിവസം തുറന്നടിച്ചിരുന്നു.എഐസിസി നേതാക്കളെ സംശയത്തിന്‍റെ നിഴലില്‍ നിര്‍ത്തിയായിരുന്നു തരൂരിന്‍റെ വിമര്‍ശനം. നേതൃത്വത്തിനെതിരായ തരൂരിന്‍റെ വിമര്‍ശനങ്ങളില്‍ എഐസിസി തലപ്പത്ത് കടുത്ത അതൃപ്തിയുണ്ട്. അധ്യക്ഷ തെരഞ്ഞെടുപ്പ് കഴിയും വരെ തരൂരിന് മറുപടി നല്‍കേണ്ടെന്നാണ് നേതാക്കള്‍ക്കുള്ള നിര്‍ദ്ദേശം. ഖര്‍ഗെക്കായി പ്രചാരണത്തിലുള്ള രമേശ് ചെന്നിത്തലയും ഗാന്ധി കുടുംബത്തിനെതിരായ വിമര്‍ശനങ്ങളെ തള്ളുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam