'ഓരോ ഹർജികളായി പരിഗണിക്കാനാകില്ല', തെരുവുനായ വിഷയത്തിൽ തല്‍ക്കാലം ഇടപെടാതെ സുപ്രീംകോടതി

Published : Oct 12, 2022, 03:43 PM ISTUpdated : Oct 12, 2022, 06:49 PM IST
'ഓരോ ഹർജികളായി പരിഗണിക്കാനാകില്ല', തെരുവുനായ വിഷയത്തിൽ തല്‍ക്കാലം ഇടപെടാതെ സുപ്രീംകോടതി

Synopsis

തെരുവുനായ വിഷയത്തിൽ ഒരോ ഹർജികളായി പരിഗണിക്കാനാകില്ലെന്നും വ്യക്തിഗത വിഷയങ്ങളിൽ  അതത് ഹൈക്കോടതികളെ സമീപിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. 

ദില്ലി: അക്രമകാരികളായ പേപ്പട്ടികളെ കൊല്ലാന്‍ അടിയന്തര അനുമതി നൽകാതെ സുപ്രീം കോടതി. തെരുവുനായ അക്രമങ്ങള്‍ തടയാനുള്ള ചട്ടങ്ങളിൽ മാറ്റം ആവശ്യപ്പെട്ടുള്ള  ഹര്‍ജികളിലെ വാദം കോടതി അടുത്ത ഫെബ്രുവരിയിലേക്ക് മാറ്റി. വ്യക്തികളും സന്നദ്ധ സംഘടനകളും ഒരോ സ്ഥലങ്ങളിലെ തെരുവുനായ ഭീഷണി ചൂണ്ടിക്കാട്ടി നൽകുന്ന ഹർജികൾ എല്ലാം കേൾക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇത്തരം കേസുകൾ  തീർപ്പാക്കാൻ അതാത് ഹൈക്കോടതികളെ സമീപിക്കണം. ചട്ടങ്ങളിലെ മാറ്റം ഉൾപ്പടെയുള്ള പൊതു വിഷയങ്ങൾ മാത്രം സുപ്രീം കോടതി കേൾക്കും. കേരളത്തിലെ സാഹചര്യം സവിശേഷമാണെന്ന് അതേസമയം കോടതി സമ്മതിച്ചു. കേരളത്തില്‍ ഒരോ വര്‍ഷവും നായയുടെ കടിയേല്‍ക്കുന്നവരുടെ എണ്ണം കൂടുന്നതായി ജസ്റ്റിസ് സിരിജഗന്‍ സമിതി റിപ്പോർട്ട് പരാമർശിച്ച് സുപ്രീം കോടതി പറഞ്ഞു. 

കേരളമുള്‍പ്പടെ രാജ്യത്ത് കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടയില്‍ ഉണ്ടായ തെരുവുനായ ആക്രമണങ്ങളുടെ കണക്ക് സമര്‍പ്പിക്കാന്‍ മൃഗക്ഷേമ ബോര്‍ഡിനോട് കോടതി നിർദ്ദേശിച്ചു. ആക്രമകാരികളായ തെരുവ് നായ്ക്കളെ കൊല്ലാന്‍ അനുവദിക്കണമെന്ന് ഹർജിക്കാർ വാദിച്ചു. എന്നാൽ ഇക്കാര്യം ഇപ്പോള്‍ അംഗീകരിക്കാനാവില്ലെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന , ജെ കെ മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. കുടുംബശ്രീയെ തെരുവുനായ്കളെ വന്ധ്യീകരണം നടത്തുന്ന എ ബി സി പദ്ധതിയിൽ നിന്ന് വിലക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ പ്രത്യേക ഹർജി നൽകാൻ സംസ്ഥാനത്തിന് സുപ്രീം കോടതി നിർദ്ദേശം നൽകി. ജസ്റ്റിസ് സിരിജഗന്‍ സമിതി കൈമാറിയ റിപ്പോര്‍ട്ടിനോട് എതിര്‍പ്പുള്ളവര്‍ക്ക് ഇക്കാര്യവും അറിയിക്കാം. എല്ലാ വിഷയങ്ങളും ഒന്നിച്ച് ഫെബ്രുവരിയിൽ കേൾക്കാമെന്ന് സുപ്രീം കോടതി അറിയിച്ചതോടെ നിലവിലെ ചട്ടങ്ങളിൽ കേരളം ആവശ്യപ്പെട്ട മാറ്റത്തിലെ തീര്‍പ്പും നീളുമെന്നുറപ്പായി. 

PREV
Read more Articles on
click me!

Recommended Stories

പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ
ഇൻഡിഗോ വിമാന പ്രതിസന്ധി; അന്വേഷണം തുടങ്ങി വ്യോമയാനമന്ത്രാലയം, സമിതിയിൽ നാലംഗ ഉദ്യോഗസ്ഥർ