
ദില്ലി: ഡോക്ടർമാരുടെ കുറിപ്പടി വായിക്കാൻ കഴിയുന്നില്ലെന്ന പരാതി പലപ്പോഴും ഉയരാറുണ്ട്. അതുകൊണ്ടുതന്നെ ഫാർമസിയിൽ നിന്ന് ലഭിക്കുന്ന മരുന്നും ഡോക്ടർ എഴുതിയതും ഒന്നാണോയെന്ന് പലപ്പോഴും ഒത്തുനോക്കാൻ കഴിയാറില്ല. ചിലപ്പോൾ ഫാർമസിസ്റ്റുകൾക്ക് പോലും ഡോക്ടറുടെ കയ്യക്ഷരം മനസ്സിലാവാറില്ല. മരുന്ന് മാറിയാൽ അത് രോഗിയുടെ ജീവന് തന്നെ ഭീഷണിയാകുന്ന സാഹചര്യവും വന്നേക്കാം. ഈ സാഹചര്യത്തിൽ നാഷണൽ മെഡിക്കൽ കമ്മീഷൻ (എൻഎംസി) ഡോക്ടർമാർക്ക് രാജ്യവ്യാപകമായി ഒരു സുപ്രധാന ഉത്തരവ് നൽകിയിരിക്കുകയാണ്. കുറിപ്പടികൾ വ്യക്തമായിരിക്കണമെന്നും വ്യക്തമായ കൈയക്ഷരത്തിൽ എഴുതണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
അവ്യക്തമായ കുറിപ്പടികൾ മൂലമുണ്ടാകുന്ന ഗുരുതര സാഹചര്യങ്ങൾ കണക്കിലെടുത്താണ് ഈ തീരുമാനം. പഞ്ചാബ് - ഹരിയാന ഹൈക്കോടതി ഈ വിഷയത്തിൽ സുപ്രധാന നിരീക്ഷണം പങ്കുവച്ചിരുന്നു. വായിക്കാൻ കഴിയാത്ത കുറിപ്പടികൾ രോഗിക്ക് തെറ്റായ മരുന്ന് തെറ്റായ അളവിൽ കിട്ടാൻ ഇടയാക്കുമെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ഈ ആശങ്കകൾ കണക്കിലെടുത്താണ് രാജ്യത്തുടനീളമുള്ള ഡോക്ടർമാർക്ക് കുറിപ്പടി സംബന്ധിച്ച് എൻഎംസി നിർദേശം നൽകിയത്.
മരുന്നുകൾ മാറുന്നത് രോഗികളുടെ ആരോഗ്യത്തെ ബാധിക്കുന്ന പ്രധാന വെല്ലുവിളിയാണെന്ന് ലോകാരോഗ്യ സംഘടന അടക്കം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മരുന്നിന്‍റെ അളവിലെ ചെറിയ പിഴവ് പോലും വലിയ പ്രത്യാഘാതത്തിന് കാരണമാകും. വിട്ടുമാറാത്ത രോഗങ്ങളുള്ളവർ, പ്രായമായവർ, ഒന്നിലധികം മരുന്നുകൾ കഴിക്കുന്നവർ എന്നിവർക്ക് ചെറിയ പിഴവ് പോലും അലർജിയുണ്ടാവാൻ മുതൽ ജീവന് ഭീഷണിയാകുന്ന സങ്കീർണ അവസ്ഥയ്ക്ക് വരെ കാരണമായേക്കാം.
രോഗിയുടെ സുരക്ഷയെ അപകടപ്പെടുത്തുന്നതിനാൽ, അവ്യക്തമായ കുറിപ്പടി എഴുതുന്നത് സ്വീകാര്യമല്ലെന്നാണ് എൻഎംസിയുടെ ഉത്തരവ്. എല്ലാ മെഡിക്കൽ കോളേജുകളിലും കുറിപ്പടി നിരീക്ഷിക്കുന്നതിന് സമിതികൾ രൂപീകരിക്കും. വ്യക്തമായ കുറിപ്പടി എഴുതുന്നതിന്റെ പ്രാധാന്യം മെഡിക്കൽ വിദ്യാർത്ഥികളെ പഠിപ്പിക്കും. അത് ക്ലിനിക്കൽ പരിശീലനത്തിന്റെ ഭാഗമാകും. പഠന കാലത്ത് തന്നെ ഈ രീതി പിന്തുടരുന്നതിലൂടെ സമൂലമായ മാറ്റമാണ് ഉദ്ദേശിക്കുന്നത്. പലയിടങ്ങളിലും ഡോക്ടർമാർ കുറിപ്പടി ടൈപ്പ് ചെയ്യുന്ന രീതിയിലേക്ക് മാറിയിട്ടുണ്ട്. ഇതാണ് ആഗോള തലത്തിലെ രീതി. എന്നാൽ ആ രീതിയിലേക്ക് മാറാനുള്ള സാഹചര്യമില്ലാത്ത ആശുപത്രികളിലെ ഡോക്ടർമാർക്ക് എൻഎംസിയുടെ പുതിയ ഉത്തരവ് ബാധകമാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam