
ദില്ലി: ദില്ലിയിൽ അമിത വേഗതയിൽ എത്തിയ ഥാർ കാർ ഇടിച്ച് രണ്ടുപേർ കൊല്ലപ്പെടുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മലൈ മന്ദിർ പ്രദേശത്താണ് അപകടം നടന്നത്. മറ്റുവാഹനങ്ങളിലും കാർ ഇടിച്ചു. സമീർ, മുന്ന എന്നിവരാണ് മരിച്ചത്. ചികിത്സക്കിടെയാണ് ഇവർ മരിച്ചതെന്ന് പൊലീസ് പറഞ്ഞു. ഥാറിന്റെ ഡ്രൈവർ അമിത വേഗത്തിലാണ് വാഹനമോടിച്ചതെന്നും നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നും പൊലീസ് പറഞ്ഞു.
പരിക്കേറ്റവർ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ട്രോമ സെന്ററിൽ ചികിത്സയിലാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ആർകെ പുരത്തെ വസന്ത് വിഹാറിലെ ശിവ ക്യാമ്പ്, ഏകതാ വിഹാർ എന്നിവിടങ്ങളിലെ താമസക്കാർക്കാണ് പരിക്കേറ്റതെന്ന് പൊലീസ് പറഞ്ഞു. അപകടത്തിൽ ഥാർ കാറിന് മുറമെ രണ്ട് കാറുകൾക്കും പാതയോരത്തെ വിൽപന ശാലകൾക്കും കേടുപാടുകൾ പറ്റി. ബുധനാഴ്ച വൈകുന്നേരം 7:30നാണ് സംഭവം നടന്നത്.