
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ജഗേശ്വർ ധാം ക്ഷേത്രത്തിലെ പൂജാരിയോട് മോശമായി പെരുമാറിയ ബിജെപി എംപിക്കും കൂട്ടാളികള്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. ഉത്തർപ്രദേശിലെ ആൻലയിൽ നിന്നുള്ള ബിജെപി എംപി ധർമേന്ദ്ര കശ്യപിനും സഹായികള്‍ക്കുമെതിരെയാണ് കേസെടുത്തത്.
ജഗേശ്വർ ധാം ക്ഷേത്ര പൂജാരിയോടും ക്ഷേത്ര ഭാരവാഹികളോടും എംപിയും കൂട്ടാളികളും മോശമായും അപമര്യാദയായും പെരുമാറിയെന്നുമുള്ള പരാതിയിലാണ് പൊലീസ് നടപടി. ധർമ്മേന്ദ്ര കശ്യപും കൂട്ടാളികളും പൂജാരിയുമായി തർക്കത്തിൽ ഏർപ്പെടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം.
ധർമ്മേന്ദ്ര കശ്യപും കൂട്ടാളികളും ഒരു പൂജ നടത്താൻ ക്ഷേത്രത്തിലെത്തിയതായിരുന്നു. കൊവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ച് എല്ലാ ദിവസവും വൈകുന്നേരം 6 മണിക്ക് ശേഷം ക്ഷേത്രം അടയ്ക്കും. എന്നാൽ, എംപിയും സുഹൃത്തുക്കളും വൈകുന്നേരം 6.30 നു ശേഷവും ക്ഷേത്രത്തിനുള്ളിൽ തങ്ങി. എംപിയെയും കൂട്ടാളികളോടും ക്ഷേത്രത്തില്‍ നിന്ന് പുറത്തിറങ്ങണമെന്ന് ആവശ്യപ്പെട്ടതിനാണ് പൂജാരിയോട് മോശമായി പെരുമാറിയതെന്ന് ജാഗേശ്വർ ധാം മന്ദിർ സമിതി മാനേജർ ഭഗവാൻ ഭട്ട് പറഞ്ഞു.
പൂജാരിയെ അധിക്ഷേപിച്ച സംഭവത്തില്‍ ബിജെപി എംപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസും ആം ആദ്മിയും രംഗത്തത്തിയിരുന്നു. പുരോഹിതരെ അപമാനിക്കുന്നത് അനുവദിക്കില്ലെന്നും ഈ സംഭവം ധർമേന്ദ്ര കശ്യപിന്റെ ധാർഷ്ട്യത്തെ പ്രതിഫലിപ്പിക്കുന്നതാണെന്നും സംസ്ഥാന കോൺഗ്രസ് അധ്യക്ഷന്‍ ഗണേഷ് ഗോഡിയാൽ പറഞ്ഞു.
പുരോഹിതരെ അപമാനിച്ചതിന് ധർമേന്ദ്ര കശ്യപ് പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാവും ജാഗേശ്വർ എംഎൽഎയുമായ ഗോവിന്ദ് സിംഗ് കുഞ്ച്വാൾ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. ധർമേന്ദ്ര കശ്യപിന്റെ മോശം പെരുമാറ്റത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ്, ആം ആദ്മി പാർട്ടി പ്രവർത്തകർ പലയിടത്തും ബിജെപിയുടെ കോലവും കത്തിച്ചു. ഇതിന് പിന്നാലെയാണ് എംപിക്കെതിരെ പൊലീസ് കേസെടുത്തത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam