അസഹിഷ്ണുതയില്‍ ആശങ്കയറിയിച്ചു; അമ്പതോളം പ്രമുഖര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി

By Web TeamFirst Published Oct 4, 2019, 11:07 AM IST
Highlights

ജയ്ശ്രീറാം വിളിക്കാത്തതിന്‍റെ പേരിലുള്ള അക്രമങ്ങളും ആള്‍ക്കൂട്ടകൊലപാതകങ്ങളും വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ആശങ്കയറിയിച്ച് ഇവര്‍ കത്തെഴുതിയത്. സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനും ഈ കത്തില്‍ ഒപ്പുവച്ചിരുന്നു.

ദില്ലി: രാജ്യത്ത് വര്‍ധിക്കുന്ന അസഹിഷ്ണുതയില്‍ ആശങ്കയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച ചലച്ചിത്ര-സാമൂഹിക പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തു. രാമചന്ദ്രഗുഹ, മണിരത്നം, അപർണ സെൻ തുടങ്ങി അമ്പതോളം പേര്‍ക്കെതിരെയാണ് കേസ്.  ജയ്ശ്രീറാം വിളിക്കാത്തതിന്‍റെ പേരിലുള്ള അക്രമങ്ങളും ആള്‍ക്കൂട്ടകൊലപാതകങ്ങളും വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ആശങ്കയറിയിച്ച് ഇവര്‍ മോദിക്ക് തുറന്നകത്ത് എഴുതിയത്. അതേസമയം, കേസെടുത്തതിനെക്കുറിച്ച് വിവരമൊന്നും കിട്ടിയിട്ടില്ലെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ പ്രതികരിച്ചു.

Read Also: ജയ് ശ്രീറാം വിളി പോര്‍വിളിയായി; പ്രധാനമന്ത്രിക്ക് കത്തുമായി 49 പ്രമുഖര്‍

ഹിന്ദുമഹാസഭ നല്‍കിയ പരാതിയില്‍ മുംബൈയിലെ സദര്‍ പൊലീസാണ് കേസെടുത്തതെന്നാണ് റിപ്പോര്‍ട്ട്. രണ്ടുമാസം മുമ്പ് സുധീര്‍ കുമാര്‍ ഓജ എന്ന അഭിഭാഷകന്‍ നല്‍കിയ പരാതിയിന്മേല്‍ ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് സൂര്യകാന്ത് തിവാരി അന്വേൽണത്തിന് ഉത്തരവിടുകയായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്. തന്‍റെ പരാതിയിന്മേലുണ്ടായ ഉത്തരവിനെത്തുടര്‍ന്നാണ് സദര്‍ പൊലീസ് കേസെടുത്തതെന്ന് ഓജ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

Read Also: 'ജയ് ശ്രീറാം വിളി പോര്‍വിളി'; മോദിക്ക് കത്തെഴുതിയ പ്രമുഖര്‍ക്കെതിരെ ഹര്‍ജി

രാജ്യദ്രോഹം പ്രവര്‍ത്തിച്ചു, സമാധാനം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ മതവികാരം വ്രണപ്പെടുത്തി തുടങ്ങിയ കുറ്റങ്ങളാരോപിച്ചാണ് കത്തയച്ച പ്രമുഖര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ജയ്ശ്രീറാം വിളി പ്രകോപനപരമായ പോര്‍വിളിയായി മാറിയെന്ന് കത്തില്‍ ഇവര്‍ അഭിപ്രായപ്പെട്ടിരുന്നു. രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കുമെതിരായി നടക്കുന്ന അതിക്രമങ്ങളും ആള്‍ക്കൂട്ട ആക്രമണങ്ങളും അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി അടിയന്തരമായി ഇടപെടണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

2016ല്‍ മാത്രം ദളിതര്‍ക്കെതിരെ 800ലധികം ആക്രമണങ്ങളുണ്ടായെന്ന ദേശീയ ക്രൈ റെക്കോഡ്‍സ് ബ്യൂറോയുടെ കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് കത്തില്‍ പറഞ്ഞിരുന്നു.  ഇത്തരം കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം വളരെക്കുറവാണ്. ആള്‍ക്കൂട്ട ആക്രമണങ്ങളെ വിമര്‍ശിച്ച് പാര്‍ലമെന്‍റില്‍ പ്രസ്താവന നടത്തിയതുകൊണ്ടു മാത്രം കാര്യമില്ല. നടപടികള്‍ സ്വീകരിക്കണം. സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ രാജ്യവിരുദ്ധരായി ചിത്രീകരിക്കുന്നത് ശരിയല്ല. വിയോജിപ്പുകളില്ലെങ്കില്‍ ജനാധിപത്യമില്ലെന്നും 
കത്തിലൂടെ ഇവര്‍ അഭിപ്രായപ്പെട്ടിരുന്നു. 

Read Also: 'ജയ് ശ്രീറാം' വിളിയെ വിമര്‍ശിച്ചു; വധഭീഷണിയെന്ന് ബംഗാളി സിനിമാതാരം

അടൂര്‍ ഗോപാലകൃഷ്ണന്‍റെ പ്രതികരണം....

സര്‍ക്കാരിനോ ഭരണത്തിനോ ഏതെങ്കിലും വ്യക്തികള്‍ക്കോ എതിരായിട്ടല്ല അങ്ങനെയൊരു കത്തെഴുതിയതെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ പ്രതികരിച്ചു. രാജ്യത്തെ ജനാധിപത്യ വ്യവസ്ഥിതിയില്‍. ഏതെങ്കിലും പ്രത്യേക കാര്യത്തില്‍ നമ്മുടെ ശ്രദ്ധ ചെന്നാല്‍, പ്രത്യേകിച്ച് ഒരു അനീതി നടക്കുന്നു എന്നു കണ്ടാല്‍ അത് സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ പെടുത്തുക എന്നതുകൊണ്ടുമാത്രമാണ് ആ കത്ത് എഴുതിയത്. പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്താന്‍ വേണ്ടി മാത്രം എഴുതിയതാണ്. ധിക്കാരപരമായി അല്ല, വളരെ വിനീതമായി എഴുതിയതാണ്. അതെഴുതിയ 49 പേരില്‍ ഒരാള്‍ പോലും രാഷ്ട്രീയക്കാരനല്ല. രാജ്യം ഒരു സ്വതന്ത്രജനാധിപത്യ രാഷ്ട്രമായിട്ടു നിലനില്‍ക്കുന്നു എന്നു വിശ്വസിച്ചാണ് കത്തെഴുതിയത്. ശരിയായ അര്‍ത്ഥത്തില്‍ അതിനെ മനസ്സിലാക്കി എന്താണ് ചെയ്യേണ്ടതെന്ന് പരിഹാരം കാണുകയാണ് ഭരണകൂടം ചെയ്യേണ്ടത്. കോടതി ഇങ്ങനെയൊരു പരാതി സ്വീകരിച്ചതാണ് അത്ഭുതം.

ഗാന്ധിജിയുടെ ജന്മദിനത്തില്‍ അദ്ദേഹത്തിന്‍റെ പൊള്ളയായ പ്രതിമ ഉണ്ടാക്കി അതില്‍ വെടിവച്ച് ഒരു സംഘമാളുകള്‍ ആഘോഷിച്ചു. അതിന് നേതൃത്വം നല്‍കിയ സ്ത്രീ ഇന്ന് എംപിയാണ്. ഗാന്ധിജിയെ വെടിവച്ചുകൊന്ന ഗോഡ്സെ ദൈവമാണെന്ന് പറഞ്ഞ സ്ത്രീയും ഇന്ന് എംപിയാണ്. ഇവരാരും രാജ്യദ്രോഹികളല്ല. ഈ അവസ്ഥ ആശങ്കപ്പെടുത്തുന്നതാണ്. ഇത് ജനാധിപത്യവിരുദ്ധവും നീതിന്യായവ്യവസ്ഥയെ  തന്നെ സംശയിച്ചുപോകുന്നതുമായ നടപടിയാണ്. 

Read Also:ജയ് ശ്രീറാം വിളി സഹിച്ചില്ലെങ്കില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ചന്ദ്രനില്‍ പോട്ടെ; ഭീഷണിയുമായി ബിജെപി വക്താവ്

click me!