
ബെംഗളുരു: ബെംഗളൂരുവിൽ നടുറോഡിൽ യാത്രക്കാരിയെ അപമാനിച്ച് ബൈക്ക് ടാക്സി ഡ്രൈവർ. നവംബർ ആറിന് നടന്ന സംഭവം യുവതി സാമൂഹിക മാധ്യമ അക്കൗണ്ട് വഴി വിവരിച്ചതോട പൊലീസ് കേസെടുത്തു. ഉചിതമായ നടപടി ഉണ്ടാകുമെന്ന് ബൈക്ക് ടാക്സി ആപ്പായ റാപിഡോ വ്യക്തമാക്കി. ബെംഗളൂരു ചർച്ച് സ്ട്രീറ്റിൽ നിന്ന് പിജിയിലേക്ക് ബൈക്ക് ടാക്സിയിൽ യാത്ര ചെയ്ത യുവതിക്കാണ് ദുരനുഭവം നേരിട്ടത്. സവാരിക്കെത്തിയ ഡ്രൈവർ യാത്രയ്ക്കിടെ യുവതിയുടെ കാലിൽ സ്പർശിക്കുകയായിരുന്നു. യുവതി വിലക്കിയെങ്കിലും ഡ്രൈവർ പിന്മാറിയില്ല.
നഗരത്തിലേക്ക് അടുത്തിടെ മാത്രം എത്തിയ യുവതി സ്ഥലപരിചയം കുറവായതിനാൽ ഡ്രൈവറോട് വണ്ടി നിർത്താൻ ആവശ്യപ്പെട്ടില്ല. ഇറങ്ങേണ്ട സ്ഥലത്തെത്തിയ യുവതി കരഞ്ഞതോടെ ഒരു വഴിയാത്രക്കാരൻ വിഷയത്തിൽ ഇടപെടുകയായിരുന്നു. ഇതോടെ മാപ്പു ചോദിക്കുകയും തെറ്റ് ആവർത്തിക്കില്ലെന്ന് പറയുകയും ചെയ്തെങ്കിലും യാത്ര തിരിച്ചതിന് പിന്നാലെ യുവതിക്ക് നേരെ തിരിഞ്ഞ് അശ്ലീല ആംഗ്യം കാണിക്കുകയായിരുന്നു.
രണ്ട് ദിവസത്തിന് ശേഷം യുവതി സംഭവം വിഡിയോ സഹിതം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതോടെ ബെംഗളൂരു പൊലീസ് വിവരങ്ങൾ തേടി. ഡ്രൈവർ ലോകേഷാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾക്കെതിരെ വിൽസൺ ഗാർഡൻ പൊലീസ് കേസെടുത്തു. സംഭവത്തിൽ റാപ്പിഡോയും ഖേദം അറിയിച്ചു. ഉചിതമായ നടപടി ഉണ്ടാകുമെന്ന് അധികൃതർ യുവതിയോട് വ്യക്തമാക്കി.