
ബെംഗളൂരു: ത്രില്ലർ സിനിമയായ ദൃശ്യത്തിന്റെ കഥയെ അനുസ്മരിപ്പിക്കുന്ന ഞെട്ടിക്കുന്ന കൊലപാതകം. ബെംഗളൂരുവിലാണ് സംഭവം അരങ്ങേറിയത്. ഒരു വൃദ്ധയെ കൊലപ്പെടുത്തി, കുറ്റകൃത്യത്തിൻ്റെ എല്ലാ തെളിവുകളും മായ്ച്ചുകളയാൻ പ്രതി സിനിമയെ അനുസ്മരിപ്പിക്കുന്ന രീതിയിൽ മൃതദേഹം ഒളിപ്പിക്കുകയായിരുന്നു. കേസിൽ ഇരയുടെ അതേ ഗ്രാമത്തിൽ നിന്നുള്ള പ്രതി അറസ്റ്റിലായി. സർജാപൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ കുഗുർ ഗ്രാമത്തിലാണ് സംഭവം. കൊല്ലപ്പെട്ട ഭദ്രമ്മ (68), പ്രദേശത്തെ സാമ്പത്തികമായി മെച്ചപ്പെട്ട അവസ്ഥയിൽ ജീവിക്കുന്ന ആളായിരുന്നു. അയൽക്കാരുമായും നല്ല ബന്ധം പുലർത്തിയിരുന്ന ഭദ്രമ്മയ്ക്ക് സ്വന്തം ഗ്രാമത്തിലുള്ള ദീപ എന്ന യുവതി കാണിച്ച വിശ്വാസവഞ്ചനയാണ് ജീവനെടുക്കുന്നതിലേക്ക് എത്തിച്ചത്.
ഉത്സവ മധുരപലഹാരമായ 'കജ്ജയ' ഉണ്ടാക്കിയെന്നും, അത് രുചിച്ചുനോക്കാൻ വന്നാൽ അനുഗ്രഹമായിരിക്കും എന്നും സ്നേഹപൂർവം പറഞ്ഞാണ് ദീപ ഭദ്രമ്മയെ വീട്ടിലേക്ക് ക്ഷണിച്ചത്. ഇതൊരു ആത്മാർത്ഥമായ ക്ഷണം എന്ന് വിശ്വസിച്ച് ഒക്ടോബർ 30-ന് ഭദ്രമ്മ ദീപയുടെ വീട്ടിലെത്തി. എന്നാൽ, സ്വർണ്ണാഭരണങ്ങൾ മോഷ്ടിക്കാനായി ദീപ ഒരുക്കിയ കെണിയാണ് അവിടെ കാത്തിരുന്നത്.
വൈകുന്നേരമായിട്ടും ഭദ്രമ്മയെ കാണാതിരുന്നതിനെ തുടർന്ന് ആശങ്കാകുലരായ കുടുംബം പൊലീസിൽ കാണാതായതായി പരാതി നൽകി. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് അന്വേഷണം നടത്തിയെങ്കിലും ആദ്യം പൊലീസിന് സൂചനകളൊന്നും ലഭിച്ചില്ല. ചോദ്യം ചെയ്യപ്പെട്ടവരിൽ ദീപയുടെ പെരുമാറ്റം സംശയമുണ്ടാക്കിയതോടെ ദീപയെ കസ്റ്റഡിയിലെടുത്തു.
തുടർച്ചയായ ചോദ്യം ചെയ്യലിൽ ദീപ കൊലപാതകം സമ്മതിച്ചു. സ്വർണ്ണാഭരണങ്ങൾ മോഷ്ടിക്കാനാണ് ഭദ്രമ്മയെ കൊലപ്പെടുത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ദൃശ്യം സിനിമയിലെ ഗൂഢാലോചനയ്ക്ക് സമാനമായി, കൊലപാതകത്തിന് ശേഷം ദീപ മൃതദേഹം രണ്ട് ദിവസം സ്വന്തം വീടിനുള്ളിൽ ഒളിപ്പിച്ചു. മൃതദേഹം അഴുകി ദുർഗന്ധം വമിക്കാൻ തുടങ്ങിയപ്പോൾ, അത് ഒരു കാറിൽ കയറ്റി കൊണ്ടുപോയി തിമ്മസാന്ദ്ര തടാകത്തിൽ ഉപേക്ഷിച്ച ശേഷം സ്ഥലം വിടുകയായിരുന്നു.
ദീപയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ, പൊലീസ് ഭദ്രമ്മയുടെ ഭാഗികമായി അഴുകിയ മൃതദേഹം കണ്ടെടുത്തു. ബെംഗളൂരു റൂറൽ അഡീഷണൽ എസ്.പി. വെങ്കിടേഷ് പ്രസന്ന സ്ഥലത്തെത്തി വീണ്ടെടുക്കൽ നടപടികൾക്ക് മേൽനോട്ടം വഹിച്ചു. സർജാപൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണം നടന്നുവരികയാണ്.