തുടർസമരം ചർച്ച ചെയ്യാൻ ഇന്ത്യ സഖ്യ നേതാക്കളെ ക്ഷണിച്ച് ഖർഗെ; പ്രക്ഷോഭം തടയാൻ പൊലീസ് ശ്രമമെന്ന് സിജെപി; രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തേക്കും

Published : Oct 07, 2026, 09:32 AM ISTUpdated : Oct 07, 2026, 09:52 AM IST
Gyanesh Kumar Protest

Synopsis

ആകാശവാണി ഭവനിലേക്ക് നടത്തിയ മാർച്ചിന്റെ പേരിൽ രാഹുൽ ഗാന്ധിക്കും മറ്റ് നേതാക്കൾക്കുമെതിരെ കേസെടുക്കാൻ ദില്ലി പോലീസ് ഒരുങ്ങുന്നു. ഇതിനിടെ തുടർപ്രതിഷേധങ്ങൾ ഏകോപിപ്പിക്കാൻ മല്ലികാർജുൻ ഖർഗെയുടെ നേതൃത്വത്തിൽ ഇന്ത്യാ സഖ്യം യോഗം ചേരുകയാണ്. ഒക്ടോബർ 10ന് നടക്കുന്ന ജന്തർ മന്തർ മാർച്ചിൽ ആം ആദ്മി പാർട്ടിയും വിദ്യാർത്ഥി സംഘടനകളും അണിനിരക്കും.

ദില്ലി: ആകാശവാണി ഭവനിലേക്ക് ഇന്ത്യാ സഖ്യം നടത്തിയ പ്രക്ഷോഭത്തിന് പിന്നാലെ, സമരക്കാർക്കെതിരെ പൊലീസ് കേസെടുത്തു. ഓൾ ഇന്ത്യ റേഡിയോ നൽകിയ പരാതിയിലാണ് കേസ്. പ്രിയങ്ക ഗാന്ധി അടക്കമുള്ളവർക്കെതിരെ കേസെടുത്തെന്നാണ് വിവരം. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തോയെന്ന് വ്യക്തമായിട്ടില്ല. തുടർ സമരം ചർച്ച ചെയ്യാൻ ഇന്ത്യ സഖ്യ നേതാക്കളെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ ഇന്ന് ചർച്ചയ്ക്കായി വിളിച്ചിട്ടുണ്ട്. അതേസമയം ശനിയാഴ്ച ഇടതുവിദ്യാർത്ഥി സംഘടനകളുമായി ചേർന്ന് തങ്ങൾ നടത്തുന്ന സമരം തടയാൻ പൊലീസ് ശ്രമിക്കുന്നുവെന്ന് ആരോപിച്ച് സിജെപിയും രംഗത്തെത്തി.

ആകാശവാണി ഭവനിലേക്ക് എംപിമാർ ഉൾപ്പെടെയുള്ളവർ അനുമതിയില്ലാതെയാണ് മാർച്ച് നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കാൻ പോലീസ് ആദ്യഘട്ടത്തിൽ സഹകരിച്ചെങ്കിലും അത് മറികടന്ന് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ സ്ഥാപനത്തിനുള്ളിലേക്ക് അതിക്രമിച്ചു കടക്കുകയായിരുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് കേസുമായി ദില്ലി പൊലീസ് മുന്നോട്ട് പോകുന്നത്. നിയമാനുസൃതമായ നടപടികൾ മാത്രമാണ് സ്വീകരിച്ചതെന്നും 260 പേരെ കസ്റ്റഡിയിലെടുത്ത ശേഷം പിന്നീട് വിട്ടയച്ചതായും പോലീസ് അറിയിച്ചു.

അതിനിടെ, ഇലക്ഷൻ കമ്മീഷനെ പ്രതിപക്ഷ നേതാക്കൾ മാത്രമായി ചർച്ചയ്ക്ക് കാണണമോ എന്ന കാര്യത്തിൽ ഇന്ത്യാ സഖ്യ നേതാക്കളുമായി കോൺഗ്രസ് ഇന്ന് കൂടിയാലോചന നടത്തും. എല്ലാ എംപിമാരെയും ഒന്നിച്ച് പാർലമെന്റ് അനക്സിൽ വെച്ച് കാണുന്നത് നിലവിലുള്ള പ്രോട്ടോക്കോളിന് വിരുദ്ധമാണെന്ന് കമ്മീഷൻ വ്യക്തമാക്കിയ സാഹചര്യത്തിലാണിത്. വിവാദങ്ങളും പ്രതിഷേധങ്ങളും കടുക്കുന്നതിനിടെ, ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറും മറ്റ് രണ്ട് കമ്മീഷണർമാരും ഇന്നും നാളെയുമായി നിശ്ചയിച്ചിരുന്ന ഛത്തീസ്ഗഡ് സന്ദർശനം റദ്ദാക്കിയിട്ടുണ്ട്. സംഭവത്തിൽ രാഹുൽ ഗാന്ധി ദിനംപ്രതിയുള്ള ഈ നാടകങ്ങൾ അവസാനിപ്പിക്കണമെന്ന് ബിജെപി വിമർശിച്ചു. ജനങ്ങളുടെ വിശ്വാസം എങ്ങനെ നേടിയെടുക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടുപഠിക്കാനും ബിജെപി ആവശ്യപ്പെട്ടു.

തുടർപ്രതിഷേധങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യാ സഖ്യത്തിലെ എംപിമാർക്ക് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഉച്ചഭക്ഷണവിരുന്ന് ഒരുക്കിയിട്ടുണ്ട്. കൊണാട്ട് പ്ലേസിന് അടുത്തുള്ള സാഗർ രത്ന ഹോട്ടലിൽ ഉച്ചയ്ക്ക് 1:45-ന് ഒന്നിച്ചുകൂടുന്ന നേതാക്കൾ പ്രക്ഷോഭത്തിന്റെ തുടർനീക്കങ്ങൾ ചർച്ച ചെയ്യും. ശനിയാഴ്ച നടക്കാനിരിക്കുന്ന പ്രതിഷേധങ്ങൾ തടയാൻ പോലീസ് ശ്രമിക്കുകയാണെന്നും പ്രവർത്തകർക്ക് നോട്ടിസ് അയക്കുകയാണെന്നും കോക്രോച്ച് ജനതാ പാർട്ടി ആരോപിച്ചു. ഇന്നലെ കൊണാട്ട് പ്ലേസിൽ സംഘടിപ്പിച്ച സാംസ്കാരിക പരിപാടി പോലീസ് തടഞ്ഞതിൽ പ്രതിഷേധിച്ച് സിജെപിയും ഇടതു വിദ്യാർഥി സംഘടനകളും ഇന്ന് സംയുക്ത വാർത്താസമ്മേളനം നടത്തും. ഈ മാസം 10 മുതൽ നടക്കുന്ന പ്രക്ഷോഭങ്ങളിൽ ഇടത് വിദ്യാർത്ഥി സംഘടനകളും അണിനിരക്കും. ഒക്ടോബർ 10-ലെ ജന്തർ മന്തർ മാർച്ച് ശക്തമാക്കാനും മുതിർന്ന നേതാക്കൾ അറസ്റ്റിലായാൽ സമരം നയിക്കാൻ രണ്ടാം, മൂന്നാം നിര നേതൃത്വങ്ങളെ സജ്ജമാക്കാനും ആം ആദ്മി പാർട്ടിക്ക് (ആപ്) നിർദേശം നൽകിയിട്ടുണ്ട്. ശനിയാഴ്ച ആം ആദ്മി പാർട്ടിയും വിവിധ വിദ്യാർത്ഥി സംഘടനകളും സംയുക്തമായാണ് ജന്തർ മന്തറിലേക്ക് മാർച്ച് നടത്തുന്നത്. ഡൽഹിയിലെ ക്രമസമാധാന നില തകരാതിരിക്കാൻ കടുത്ത സുരക്ഷാ ജാഗ്രതയിലാണ് പോലീസ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സർക്കാർ ഉദ്യോ​ഗസ്ഥയെന്ന വ്യാജേന വിവാഹം, പിന്നാലെ ഭാര്യ സ്വർണവും പണവുമായി മുങ്ങിയെന്ന് ആംആദ്മി നേതാവ്; വിവാഹത്തട്ടിപ്പിന് കേസ്
ശനിയാഴ്ചത്തെ പ്രതിഷേധം തടയാൻ പോലീസ് ശ്രമിക്കുന്നുവെന്ന് സിജെപി, രണ്ടാം നിര നേതൃത്വത്തെയും സജ്ജമാക്കാൻ ആം ആദ്മി പാർട്ടി നിർദേശം