
മുംബൈ: മുംബൈയിൽ തുരങ്കത്തിലൂടെ ആഡംബര വാഹനങ്ങൾ റേസിങ് നടത്തിയ സംഭവത്തിൽ പൊലീസ് നടപടി. മുംബൈ സ്വദേശിയായ വാഹനയാത്രികൻ ചിത്രീകരിച്ച ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ പൊലീസ് കേസെടുത്തു. വാഹനങ്ങളുടെ ഡ്രൈവർമാർക്കെതിരെ ആണ് കേസ് രജിസ്റ്റർ ചെയ്തത്. പൊലീസ് ഉദ്യോഗസ്ഥൻ്റെ പരാതിയിലാണ് നടപടി. സംഭവത്തിൽ ഇതുവരെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. വാഹനങ്ങൾ തിരിച്ചറിഞ്ഞ പൊലീസ്, ഇവ ഉടൻതന്നെ കസ്റ്റഡിയിലെടുത്തേക്കും.
സെപ്റ്റംബർ മൂന്നിന് രാത്രി 11:15 ഓടെ മറൈൻ ഡ്രൈവിന് സമീപം കോസ്റ്റൽ റോഡിലെ തുരങ്കത്തിലൂടെ ആണ് അമിതവേഗതയിൽ ആഡംബര വാഹനങ്ങൾ ചീറിപ്പാഞ്ഞത്. ഏഴോളം ആഡംബര വാഹനങ്ങളാണ് തുരങ്കത്തിനുള്ളിലൂടെ നിയമങ്ങൾ ലംഘിച്ച് അമിതവേഗതയിൽ പാഞ്ഞത്. ഇതിൽ ലംബോർഗിനി, ബിഎംഡബ്ലു എം2, ബിഎംഡബ്ലു സെഡ്4, വോക്ക്സ് വാഗൺ വെർറ്റൂസ് എന്നീ കാറുകൾ ഉൾപ്പെടുന്നു.
മുംബൈയിൽ സ്ട്രീറ്റ് റേസിങ്ങിന് അനുമതിയില്ലെന്നിരിക്കെ ആണ് അപകടകരമായ സംഭവം അരങ്ങേറിയത്. അശ്രദ്ധമായി വാഹനമോടിച്ചതിനും (281) ജീവനോ വ്യക്തിസുരക്ഷയ്ക്കോ ഭീഷണിയുണ്ടാക്കിയതിനുമുള്ള (125) വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. ഈ വർഷം ആദ്യം ബെംഗളൂരുവിൽ ലംബോർഗിനി അശ്രദ്ധമായി ഓടിച്ചതിൽ പൊലീസ് സ്വമേധയാ കേസെടുത്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam