
ദില്ലി: ഉത്തരാഖണ്ഡിൽ നിർബന്ധിത മതപരിവർത്തന നിരോധന നിയമം പാസാക്കിയ ശേഷം വിചാരണ പൂർത്തിയായ അഞ്ച് കേസുകളിലും പ്രതികളെ വിചാരണ കോടതികൾ വെറുതെ വിട്ടു. 2018 ൽ ബിജെപി സർക്കാർ പാസാക്കിയ നിയമപ്രകാരം ഉത്തരാഖണ്ഡ് പോലീസ് 62 കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. 2025 സെപ്റ്റംബർ വരെ അഞ്ചെണ്ണം മാത്രമേ വിചാരണ പൂർത്തിയായുള്ളൂ. ഏഴ് കേസുകൾ വിചാരണയിലേക്ക് പോലും എത്തിയില്ല, തുടക്കത്തിൽ തന്നെ കോടതി എഫ്ഐആർ റദ്ദാക്കി. 12 കേസുകളിൽ പ്രതികൾ ജാമ്യം നേടി. അഞ്ചെണ്ണത്തിൽ കോടതി വാദം കേൾക്കാനിരിക്കുകയാണ്. രണ്ട് കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ദി ഇന്ത്യൻ എക്‌സ്പ്രസാണ് ഈ കണക്കുകൾ പുറത്തുവിട്ടത്.
ഭിന്നമതക്കാരായ യുവാക്കൾ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ നടത്തിയ വിവാഹവുമായി ബന്ധപ്പെട്ടായിരുന്നു ഒരു കേസ്. വധു ഇസ്ലാം മതം സ്വീകരിക്കില്ലെന്ന് ഇരു കുടുംബങ്ങളും കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചതോടെ ആറ് മാസത്തോളം തടവിൽ കഴിഞ്ഞ വരൻ അമൻ സിദ്ദിഖി എന്ന അമൻ ചൗധരിക്ക് 2025 മെയ് 19 ന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. സ്വന്തം ഇഷ്ടപ്രകാരം മാതാപിതാക്കളുടെ സമ്മതത്തോടെ നടന്ന മിശ്രവിവാഹത്തിൽ സംസ്ഥാനത്തിന് എതിർപ്പുണ്ടാകേണ്ടതില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
ഫെയ്‌സ്ബുക് വീഡിയോയിൽ ഹിന്ദുമതത്തെ ഇകഴ്ത്തിയെന്നും ക്രിസ്തുമതത്തെ പുകഴ്ത്തിയെന്നും ആരോപിച്ച് സൈനിക് സമാജ് പാർട്ടി അംഗമായ സീതാറാം രണകോടി 2021 ഫെബ്രുവരിയിൽ സമർപ്പിച്ച വിനോദ് കുമാർ എന്ന വ്യക്തിക്കെതിരെ നിർബന്ധിത മതപരിവർത്തനത്തിന് കേസെടുത്തിരുന്നു. എന്നാൽ കോടതിയിൽ ആർക്കെങ്കിലും ഇദ്ദേഹം പണം കൊടുത്ത് മതപരിവർത്തനം നടത്തിയെന്ന് തെളിഞ്ഞില്ല. വിനോദ് കുമാർ ക്രൈസ്തവനല്ലെന്നും ഹിന്ദുവാണെന്നും കോടതിയിൽ സമർപ്പിക്കപ്പെട്ട രേഖകളിൽ നിന്ന് വ്യക്തമായി. 2024 ജനുവരിയിൽ വിനോദ് കുമാറിനെ കുറ്റവിമുക്തനാക്കി.
നൈനിറ്റാളിലെ രാംനഗറിൽ പാസ്റ്റർ നരേന്ദ്ര സിംഗ് ബിഷ്ടിനും ഭാര്യയ്ക്കുമെതിരെ അന്തരാഷ്ട്രീയ ഹിന്ദു പരിഷത്ത് 2021 ഒക്ടോബറിൽ സമർപ്പിച്ചതാണ് മറ്റൊരു കേസ്. കൂട്ട മതപരിവർത്തനം ആരോപിച്ച് സംഘടനയിലെ അംഗങ്ങൾ ബൈബിൾ വാക്യങ്ങൾ എഴുതിയ പോസ്റ്ററുകൾ കീറുകയും ബിഷ്ടിന്റെ വീട് തകർക്കുകയും ചെയ്തിരുന്നു. ദരിദ്രരെയും പട്ടികവർഗക്കാരെയും മതപരിവർത്തനം നടത്തുന്നുവെന്നായിരുന്നു ആരോപണം. എന്നാൽ 2025 സെപ്റ്റംബർ 17-ന് നരേന്ദ്ര സിംഗ് ബിഷ്‌ടിനെയും ഭാര്യയെയും കോടതി കുറ്റവിമുക്തരാക്കി. എന്നാൽ ഇവർ ഇവരുടെ ഗ്രാമം വിട്ട് മറ്റൊരിടത്ത് താമസമാക്കി. സ്വന്തം നാട്ടിൽ താമസിക്കാൻ സാധിക്കില്ലെന്നും ജീവന് ഭീഷണിയുണ്ടെന്നുമാണ് ഇദ്ദേഹം പറയുന്നത്.
അൽമോറയിലെ റാണിഖേത്തിൽ 2023 ജൂലൈയിലാണ് മറ്റൊരു കേസ് രജിസ്റ്റർ ചെയ്തത്. ബലപ്രയോഗം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ എന്നിവയിലൂടെ മതപരിവർത്തനം നടത്തിയെന്നാണ് ഭാര്യയെ കാണാതായെന്ന യുവാവിൻ്റെ പരാതിയിൽ കേസെടുത്തത്. എന്നാൽ ഭാര്യ താൻ മുഹമ്മദ് ചന്ദ് എന്ന വ്യക്തിക്കൊപ്പം സ്വന്തം ഇഷ്ടപ്രകാരം പോയതാണെന്ന് വ്യക്തമാക്കി. ബലപ്രയോഗവും തട്ടിക്കൊണ്ടുപോകലും അടക്കമുള്ള വാദങ്ങൾ ഇതോടെ തള്ളി. 2025 മാർച്ചിൽ എല്ലാ കുറ്റങ്ങളും തള്ളി മുഹമ്മദ് ചന്ദിനെ വെറുതെ വിട്ടു.
അൽമോറയിൽ 2023-ൽ രജിസ്റ്റർ ചെയ്ത തട്ടിക്കൊണ്ടുപോകൽ കേസിലും പ്രതി കുറ്റവിമുക്തനാക്കപ്പെട്ടു. സഹോദരിയെ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് മതം മാറ്റിയതായി താൻ ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് പരാതിക്കാരൻ കോടതിയിൽ വ്യക്തമാക്കി. മതം മാറാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും ഹിന്ദു ആചാരപ്രകാരമാണ് വിവാഹം കഴിച്ചതെന്നും സഹോദരിയും വ്യക്തമാക്കി. ഇതോടെ ഈ കേസിലും പ്രതിയെ കുറ്റവിമുക്തനാക്കി. 2022 നവംബറിൽ നൈനിറ്റാളിലെ രാംനഗറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മതംമാറ്റാൻ പിതാവ് നിർബന്ധിച്ച് ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു അടുത്ത കേസ്. പെൺകുട്ടി ഈ വാദത്തെ പിന്തുണച്ച് മൊഴി നൽകിയെങ്കിലും എന്ന്, എവിടെ വച്ച്, എപ്പോൾ, എങ്ങിനെ നിർബന്ധിച്ചുവെന്ന കോടതിയുടെ ചോദ്യത്തിന് മുന്നിൽ ഉത്തരം മുട്ടി. വെറും കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ കേസിൽ നടപടിയെടുക്കാനാവില്ലെന്നാണ് കോടതി ഈ സംഭവത്തിൽ നിലപാടെടുത്തത്. സംസ്ഥാനം അപ്പീൽ സമർപ്പിച്ചെങ്കിലും വിചാരണ കോടതി വിധി ജില്ലാ സെഷൻസ് കോടതിയും ശരിവച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam