
മുംബൈ : മഹാരാഷ്‌ട്രയിൽ ഉപമുഖ്യമന്ത്രിയും എൻസിപി അജിത് പവാർ വിഭാഗം പാർട്ടി അധ്യക്ഷനുമായ അജിത് പവാർ വിമാന അപകടത്തിൽ മരിച്ചതിന് ശേഷവും എൻസിപിയിൽ ലയന ചർച്ച തുടരാൻ തീരുമാനം. എൻസിപിയുടെ ഇരു വിഭാഗങ്ങളും ലയിക്കാൻ ഇപ്പോഴും താല്പര്യം പ്രകടിപ്പിച്ചതായാണ് വിവരം. ഈ സാഹചര്യത്തിൽ നേരത്തെ നടത്തിയ ചർച്ച അജിത് പവാറിൻ്റെ മരണാനന്തര ചടങ്ങൾക്ക് ശേഷവും തുടരാനാണ് സാധ്യത. നേരത്തെ ഫെബ്രുവരി 8ന് എൻസിപിയുടെ രണ്ട് വിഭാഗങ്ങളും ലയിക്കാൻ അജിത് പവാറിൻ്റെ നേതൃത്വത്തിൽ ചർച്ച പുരോഗമിക്കുകയായിരുന്നു. കഴിഞ്ഞ 17ന് നിർണ്ണായക ചർച്ച നടന്നതായുള്ള വിവരവും പുറത്ത് വന്നിരുന്നു. ഇതിനിടെയാണ് വിമാനാപകടത്തിൽ അജിത് പവാർ മരണമടഞ്ഞത്. രണ്ട് എൻസിപികളും വീണ്ടും ഒന്നായി ശരദ് പവാറിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കാനായിരുന്നു ധാരണ. ഈ ഘട്ടത്തിലാണ് വിമാനാപകടമുണ്ടാകുന്നതും അജിത് പവാർ മരണമടയുന്നതും.
അതിനിടെ, അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാറിനെ അജിത് പവാറിൻ്റെ സ്ഥാനത്തേക്ക് കൊണ്ടുവരാനും നീക്കം നടക്കുന്നുണ്ട്. എൻഡിഎ മന്ത്രിസഭയിലുള്ള അജിത് പക്ഷക്കാർ ആരും അധികാരം ഉപേക്ഷിക്കാൻ തയാറാകില്ലെന്നും സുനേത്ര പവാറിനെയോ പ്രഫുൽ പട്ടേലിനെയോ ഇടക്കാല പ്രസിഡന്റ് ആയി തിരഞ്ഞെടുത്തേക്കുമെന്നും ഒരു വിഭാഗം പാർട്ടി കേന്ദ്രങ്ങൾ പറയുന്നു.
മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ കരുത്തനായ നേതാവും ഉപമുഖ്യമന്ത്രിയുമായ അജിത് പവാർ ബുധനാഴ്ച രാവിലെയാണ് പുണെ ജില്ലയിലെ ബാരാമതി വിമാനത്താവളത്തിൽ സ്വകാര്യ ജെറ്റ് വിമാനം തകർന്നു വീണ് മരിച്ചത്. അജിത് പവാറിനെ കൂടാതെ വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും സുരക്ഷാ ഉദ്യോഗസ്ഥരും ഉൾപ്പെടെ അഞ്ച് പേരും അപകടത്തിൽ മരണപ്പെട്ടു. മുംബൈയിൽ നിന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബാരാമതിയിലേക്ക് വരികയായിരുന്നു അജിത് പവാർ. വരാനിരിക്കുന്ന ജില്ലാ പരിഷത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പൊതുയോഗങ്ങളിൽ പങ്കെടുക്കാനാണ് അദ്ദേഹം യാത്ര തിരിച്ചത്. രാവിലെ 8:10-ന് മുംബൈയിൽ നിന്ന് പറന്നുയർന്ന ലിയർജെറ്റ് 45 വിമാനം 8:45-ഓടെ ബാരാമതി എയർസ്ട്രിപ്പിന് സമീപം ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് തകർന്നു വീഴുകയായിരുന്നു. മോശം കാലാവസ്ഥയും കാഴ്ചാപരിധിക്കുണ്ടായ കുറവുമാണ് പ്രാഥമികമായി അപകട കാരണമായി കരുതുന്നത്. റൺവേയിൽ നിന്ന് തെന്നിമാറിയ വിമാനം നിമിഷങ്ങൾക്കകം പൊട്ടിത്തെറിക്കുകയും പൂർണ്ണമായും കത്തിനശിക്കുകയും ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam