
ദില്ലി: എഫ്സിആർഎ നിയമ ഭേദഗതിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ച് കത്തോലിക്കാ മെത്രാൻ സമിതി. ബില്ല് പാർലമെന്ററി സ്റ്റാൻഡിങ് കമ്മറ്റിക്ക് വിശദ പരിശോധനയ്ക്കായി വിടണമെന്നും പരാതികൾ പരിഗണിച്ച് നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് കത്തയച്ചത്. എല്ലാ പാർലമെന്റ് അംഗങ്ങൾക്കും നിവേദനം നൽകുകയും ചെയ്തു. നാളെ ബില്ല് ലോക്സഭയിൽ ചർച്ചയ്ക്കെടുക്കിനിരിക്കെയാണ് നീക്കം.
എഫ്സിആർഎ നിയമഭേദഗതി ബില്ലിന്മേൽ നാളെ ലോക്സഭയിൽ ചർച്ച നടക്കും. തെരഞ്ഞെടുപ്പ് പ്രചാരണം നിർത്തി കേരളത്തിലെ എംപിമാർ ദില്ലിയിലെത്തി വിഷയത്തിൽ ഇടപെടണമെന്നാണ് സിബിസിഐ നിലപാട്. ലോക്സഭയിൽ ഈമാസം 25ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദറായ് അവതരിപ്പിച്ച ബില്ലിൻമേൽ നാളെ ചർച്ച നടത്തി പാസാക്കാനാണ് നീക്കം. പാസായാൽ ബജറ്റ് സമ്മേളനത്തിന്റെ അവസാന ദിവസമായ വ്യാഴാഴ്ച ബിൽ രാജ്യസഭയിലും കൊണ്ടുവന്നേക്കും. ബിൽ നിയമമായാൽ കോടതിയെ സമീപിക്കുമെന്നും സിബിസിഐ മുന്നറിയിപ്പ് നൽകി. നിയമത്തിലൂടെ കൊണ്ടുവരുന്ന നിയന്ത്രണങ്ങൾ ഭരണഘടന നൽകുന്ന അവകാശങ്ങൾ ലംഘിക്കുന്നതാണ്. ഇതിനോടകം തന്നെ ശക്തമായ നിയന്ത്രണമുള്ളപ്പോൾ തിടുക്കത്തിലുള്ള നടപടി രാജ്യമാകെയുള്ള എൻജിഒകളെയും സംഘടനകളെയും വരുതിയിലാക്കാനാണെന്നും സഭാ നേതൃത്വം വിമർശിക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam