
ബെംഗളൂരു: ബെംഗളൂരുവിലെ വീട്ടിൽ സോഫ്റ്റ്‍വെയർ എഞ്ചിനീയർമാരായ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. തെലങ്കാനയിലെ സിദ്ദിപേട്ട് സ്വദേശിയായ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ഭാനു ചന്ദർ റെഡ്ഡി കുന്ത (32), ഭാര്യ ബിബി ഷാസിയ സിറാജ് (31) എന്നിവരാണ് മരിച്ചത്. അപ്പാർട്ട്മെന്‍റിൽ തൂങ്ങിമരിച്ച നിലയിലാണ് യുവാവിനെ കണ്ടെത്തിയത്. ഇതറിഞ്ഞ ഭാര്യ 17ാം നിലയിൽ നിന്ന് ചാടി മരിക്കുകയായിരുന്നു. ടെക് കമ്പനിയായ ഐബിഎമ്മിൽ ജോലി ചെയ്തിരുന്ന യുവതി ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ ബെഡ് റൂം ഉള്ളിൽ നിന്ന് പൂട്ടിയ നിലയിലായിരുന്നു. പല തവണ മുട്ടിയിട്ടും തുറക്കാതായതോടെ അയൽക്കാരെയും സെക്യൂരിറ്റിയെയും വിവരം അറിയിച്ചു. തുടർന്ന് ബലം പ്രയോഗിച്ച് വാതിൽ തുറന്നപ്പോൾ ഭാനു ചന്ദറിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പിന്നാലെ ബിബി ഷാസിയ അതേ കെട്ടിടത്തിലെ 17-ാം നിലയിൽ നിന്ന് ചാടി മരിച്ചു.
ഇരുവരും വിവാഹിതരായിട്ട് ഒമ്പത് വർഷമായി. മുമ്പ് ലിവ്-ഇൻ റിലേഷൻഷിപ്പിലായിരുന്നു. വിവാഹ ശേഷം ഇവർക്കിടയിൽ പതിവായി തർക്കങ്ങൾ ഉണ്ടാകാറുണ്ടായിരുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചു. തെലങ്കാനയിലെ കുടുംബാംഗങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തു. മരണത്തിലേക്ക് നയിച്ച കൃത്യമായ കാരണം വ്യക്തമല്ലെന്നും അന്വേഷിക്കുകയാണെന്നും പൊലീസ് പറഞ്ഞു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam