'ക്രൈസ്തവരെ ഭീതിയിലാഴ്ത്തുന്നു'; കർണാടക സർക്കാരിനെതിരെ കാത്തലിക് ബിഷപ്പ് കൗൺസിൽ

Web Desk   | Asianet News
Published : Oct 25, 2021, 12:08 PM IST
'ക്രൈസ്തവരെ ഭീതിയിലാഴ്ത്തുന്നു'; കർണാടക സർക്കാരിനെതിരെ കാത്തലിക് ബിഷപ്പ് കൗൺസിൽ

Synopsis

കർണാടകയിൽ ക്രൈസ്തവരുടെ ജനസംഖ്യ വർധിച്ചിട്ടില്ല. ക്രൈസ്തവർ ആരെയും നിർബന്ധിച്ച് മതംമാറ്റുന്നില്ല. സഭകളുടെ കണക്കെടുപ്പ് നടത്തുന്നത് അവസാനിപ്പിക്കണം. ക്രൈസ്തവർ ആശങ്കയിലും ഭീതിയിലുമാണ്. 

ബം​ഗളൂരു: കർണാടക സർക്കാർ (Karnataka)  ക്രൈസ്തവരെ  (Christians) ഭീതിയിലാഴ്ത്തുകയാണെന്ന് കാത്തലിക് ബിഷപ്പ് കൗൺസിൽ (Catholic bishop council). സർക്കാർ അനാവശ്യ സർവ്വേ നടത്തുന്നു. മതസൗഹാർദ്ദം തകർക്കാൻ മാത്രമേ ഈ നീക്കം സഹായിക്കൂ എന്നും ബം​ഗളൂരു (Bengaluru) ആർച്ച് ബിഷപ് അഭിപ്രായപ്പെട്ടു.

കർണാടകയിൽ ക്രൈസ്തവരുടെ ജനസംഖ്യ വർധിച്ചിട്ടില്ല. ക്രൈസ്തവർ ആരെയും നിർബന്ധിച്ച് മതംമാറ്റുന്നില്ല. സഭകളുടെ കണക്കെടുപ്പ് നടത്തുന്നത് അവസാനിപ്പിക്കണം. ക്രൈസ്തവർ ആശങ്കയിലും ഭീതിയിലുമാണ്. ക്രൈസ്തവരുടെ സമാധാനം തകർക്കരുത്. സർക്കാർ സർവ്വേ അവസാനിപ്പിക്കണമെന്നും ആർച്ച് ബിഷപ് പറഞ്ഞു. 

മതപരിവര്‍ത്തന നിരോധന ബില്ലുമായി സർക്കാർ മുന്നോട്ട് പോകുന്നതിനിടെയാണ് പുതിയ സംഭവവികാസങ്ങൾ.  ക്രിസ്ത്യൻ പള്ളികളില്‍ ഇന്നലെ വീണ്ടും ബജറംഗ്ദള്‍ പ്രതിഷേധം ഉണ്ടായി.  പ്രതിഷേധം കണക്കിലെടുത്ത് പള്ളികളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ക്രിസ്ത്യന്‍ പള്ളികളുടെ സര്‍വ്വേ നടത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ക്രൈസ്തവ സംഘടനകള്‍ ഹൈക്കോടതിയെ സമീപിച്ചു.

ഹുബ്ലിയിലെയും മംഗ്ലൂരുവിലെയും പള്ളികളിലാണ് രാവിലെ ബജറംഗ് ദള്‍ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ചായിരുന്നു പള്ളികള്‍ക്ക് മുന്നില്‍ പ്രതിഷേധം. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് കൂടുതല്‍ പൊലീസിനെ സുരക്ഷയ്ക്കായി വിന്യസിച്ചു.നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുവെന്ന വ്യാപക പരാതി ലഭിച്ചിട്ടുണ്ടെന്നും ഇത് ഗൗരവമായാണ് സര്‍ക്കാര്‍ കാണുന്നതെന്നും ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര വ്യക്തമാക്കിയിരുന്നു. ക്രിസ്ത്യൻ പള്ളികളുടെ കണക്കെടുപ്പും സാമ്പത്തിക സ്രോതസ്സും പൊലീസ് പരിശോധിച്ച് തുടങ്ങി. സര്‍ക്കാര്‍ നടപടിയിലും പ്രതിഷേധങ്ങളിലും എതിര്‍പ്പ് അറിയിച്ച് കാത്തലിക്ക് ബിഷപ്പ് കൗണ്‍സില്‍ മുഖ്യമന്ത്രിക്ക് വീണ്ടും കത്തയച്ചു. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് സമയം തേടിയിട്ടുണ്ട്. 

PREV
click me!

Recommended Stories

ടോൾ പിരിച്ച മുഴുവൻ തുകയും തിരികെ നൽകണം, ഇനി ടോൾ പിരിക്കാൻ പാടില്ല; ഇ വി ഉടമകൾക്ക് സന്തോഷ വാർത്ത, മഹാരാഷ്ട്രയിൽ നിർദേശം
മഹാരാഷ്ട്രയില്‍ ജനവാസ മേഖലയില്‍ പുള്ളിപ്പുലി, 7 പേരെ ആക്രമിച്ചു; ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് 10 മണിക്കൂര്‍, ഒടുവില്‍ പിടികൂടി