മക്കളുടെ വിദ്യാഭ്യാസ ചെലവ് വിവാഹമോചിതരുടെ തുല്ല്യ ഉത്തരവാദിത്തമെന്ന് കോടതി

Published : Oct 25, 2021, 09:38 AM IST
മക്കളുടെ വിദ്യാഭ്യാസ ചെലവ് വിവാഹമോചിതരുടെ തുല്ല്യ ഉത്തരവാദിത്തമെന്ന് കോടതി

Synopsis

മകന്റെ വിദ്യാഭ്യാസത്തിന് പണം കണ്ടെത്താന്‍ സാധിക്കില്ലെന്ന പിതാവിന്റെ വാദം കോടതി തള്ളി. പ്രായമായ അമ്മയെയും ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിഞ്ഞ സഹോദരിയെയും അവരുടെ മകളെയും നോക്കേണ്ടതുണ്ടെന്നും അതുകൊണ്ടുതന്നെ മകന്റെ വിദ്യാഭ്യാസ ചെലവ് വഹിക്കാന്‍ ആകില്ലെന്നുമാണ് ഇയാള്‍ കോടതിയെ അറിയിച്ചത്.  

നാഗ്പുര്‍: മക്കളുടെ വിദ്യാഭ്യാസ (Education) ചെലവില്‍ വേര്‍പിരിഞ്ഞ ദമ്പതികള്‍ക്ക് (Divorced parents) തുല്യ ഉത്തരവാദിത്തമുണ്ടെന്ന് ബോംബെ ഹൈക്കോടതി( bombay high court)  നാഗ്പുര്‍ ബെഞ്ച്. ധന്‍ബാദ് ഐഐടിയില്‍ ചേരാന്‍ സാമ്പത്തിക പ്രയാസം നേരിടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥി നല്‍കിയ പരാതിയിലാണ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്. മകന്റെ വിദ്യാഭ്യാസത്തിന് പണം കണ്ടെത്താന്‍ സാധിക്കില്ലെന്ന പിതാവിന്റെ വാദം കോടതി തള്ളി.

പ്രായമായ അമ്മയെയും ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിഞ്ഞ സഹോദരിയെയും അവരുടെ മകളെയും നോക്കേണ്ടതുണ്ടെന്നും അതുകൊണ്ടുതന്നെ മകന്റെ വിദ്യാഭ്യാസ ചെലവ് വഹിക്കാന്‍ ആകില്ലെന്നുമാണ് ഇയാള്‍ കോടതിയെ അറിയിച്ചത്. എന്നാല്‍ പിതാവ് എന്ന നിലയില്‍ മകന്റെ കാര്യമാണ് ആദ്യം നോക്കേണ്ടതെന്ന് കോടതി വ്യക്തമാക്കി. 18കാരന്റെ മാതാപിതാക്കള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ വേര്‍പിരിഞ്ഞവരാണ്. ഇരുവരും അധ്യാപകരും പ്രതിമാസം 48,000 രൂപ ശമ്പളം കൈപ്പറ്റുന്നത്. അതുകൊണ്ട് തന്നെ മകന്റെ വിദ്യാഭ്യാസ ചെലവ് ഇരുവരും തുല്യമായി വഹിക്കണമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

മകന് പ്രതിമാസം നല്‍കുന്ന 5000 രൂപയില്‍ നിന്ന് വര്‍ധിപ്പിച്ച് 7500 രൂപ 2015 ഒക്ടോബര്‍ 27 മുതലുള്ളത് നല്‍കാനും പിതാവിനോട് കോടതി ഉത്തരവിട്ടു. 2015ലാണ് വിദ്യാര്‍ത്ഥി പരാതിയുമായി കോടതിയെ സമീപിച്ചത്. 93 ശതമാനം മാര്‍ക്ക് നേടിയാണ് ഇയാള്‍ പത്താം ക്ലാസ് പാസായത്. തുടര്‍ന്ന് പഠനത്തിന് ഐഐടിയില്‍ ചേരാന്‍ പണമില്ലെന്ന് കാട്ടിയാണ് കോടതിയെ സമീപിച്ചത്.

അമ്മയായിരുന്നു വിദ്യാഭ്യാസ ചെലവ് വഹിച്ചിരുന്നത്. പിതാവ് പ്രതിമാസം 5000 രൂപയാണ് കോടതി നിര്‍ദേശത്തെ തുടര്‍ന്ന് നല്‍കിയത്. എന്നാല്‍ പിതാവില്‍ നിന്ന് മാസം 15000 രൂപ വേണമെന്നാവശ്യപ്പെട്ടാണ് മകന്‍ കോടതിയെ സമീപിച്ചത്. 2009ലാണ് ദമ്പതികള്‍ പരസ്പര സമ്മതത്തോടെ വിവാഹമോചനം നേടിയത്. മകനെ അമ്മയാണ് പിന്നീട് വളര്‍ത്തിയത്. 

PREV
click me!

Recommended Stories

പ്രതിസന്ധിയുടെ ഒമ്പതാം നാൾ, കേന്ദ്ര സർക്കാരിനോട് ചോദ്യങ്ങളുമായി ദില്ലി ഹൈക്കോടതി, ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെടാൻ വൈകിയതെന്ത് ?
പിടിമുറുക്കി കേന്ദ്രം, ഇൻഡി​ഗോ കമ്പനി പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക സംഘം