കാമുകിയെ കാണാനെത്തി; പിടിവീഴാതിരിക്കാന്‍ ഓടിക്കയറിയത് പാകിസ്ഥാനില്‍, 19കാരന്‍ ജയിലിലായി

By Web TeamFirst Published Jan 23, 2021, 10:55 AM IST
Highlights

ജോലി സ്ഥലത്ത് നിന്ന് ആരോടും പറയാതെയാണ് പത്തൊമ്പതുകാരന്‍ കാമുകിയുടെ വീട്ടിലേക്ക് എത്തിയത്. എന്നാല്‍ അപ്രതീക്ഷിതമായി കാമുകിയുടെ വീട്ടുകാരെത്തിയതോടെ നാണക്കേട് ഭയന്ന് ഓടിരക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലാണ് വന്‍ അബദ്ധം സംഭവിച്ചത്

ജോധ്പൂര്‍: കാമുകിയെ കാണാനെത്തിയപ്പോള്‍ പിടിയിലായി, നാണക്കേട് ഭയന്ന് പത്തൊമ്പതുകാരന്‍ ഓടിക്കയറിയത് പാകിസ്ഥാനിലേക്ക്. കഴിഞ്ഞ നവംബറില്‍ രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയില്‍ നിന്ന് കാണാതായ പത്തൊമ്പതുകാരനേയാണ് പാകിസ്ഥാനില്‍ നിന്ന് കണ്ടെത്തിയത്. പത്തൊമ്പതുകാരന്‍റെ കസ്റ്റഡിയേക്കുറിച്ച് പാക് അധികാരികളും സ്ഥിരീകരിച്ചു. സംഭവത്തേക്കുറിച്ച് ഇന്ത്യ ടുഡേയുടെ റിപ്പോര്‍ട്ട് ഇങ്ങനെ. വീടിന് അടുത്ത് തന്നെയുള്ള കാമുകിയുടെ വീട്ടില്‍ പത്തൊമ്പതുകാരനായ ജെംറ്രാ റാം മേഘ്വാള്‍ സ്ഥിരമായി പോകാറുണ്ടായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാരറിയാതെയായിരുന്നു ഈ സന്ദര്‍ശനം. 

എന്നാല്‍ നവംബറില്‍ ജെംറ്രാ കാമുകിയുടെ വീട്ടുള്ള സമയത്ത് വീട്ടുകാര്‍ അപ്രതീക്ഷിതമായി എത്തി. നാണക്കേട് ഭയന്ന് ജെംറ്രാ ഇറങ്ങി ഓടി. ഭയന്നുള്ള ഓട്ടത്തിനിടെ അതിര്‍ത്തി ലംഘിച്ചത് ജെംറ്രാ അറിഞ്ഞില്ല. എന്നാല്‍ പാക് റേഞ്ചേഴ്സ് അതിര്‍ത്തി ലംഘിച്ചതിന് പത്തൊമ്പതുകാരനെ അറസ്റ്റ് ചെയ്ത് ജയിലില്‍ ഇട്ടു. ഇന്ത്യ പാക് അന്തര്‍ദേശീയ അതിര്‍ത്തിയ്ക്ക് സമീപമുള്ള കുംഹാരോ കി ടിബ്ബ നിവാസിയാണ്. ജോധ്പൂരിലായിരുന്നു ഇയാള്‍ ജോലി ചെയ്തിരുന്നത്. നവംബര്‍ 16നാണ് ഇയാളെ കാണാനില്ലെന്ന് വീട്ടുകാര്‍ ബിജ്റാദ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പത്തൊമ്പതുകാരനേക്കുറിച്ചുള്ള വിവരം ലഭ്യമായിരുന്നില്ല. 

കേസ് വിശദമായി അന്വേഷിച്ചതോടെയാണ് യുവാവ് നവംബര്‍ 5ന് ജോധ്പൂരില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയെത്തിയ വിവരം മനസ്സിലാവുന്നത്. എന്നാല്‍ യുവാവ് വീട്ടിലേക്ക് പോയിരുന്നില്ല. ജോധ്പൂരില്‍ നിന്ന് കാമുകിയുടെ വീട്ടിലേക്കാണ് ജെംറ്രാ പോയത്. രാത്രിയില്‍ കാമുകിയുടെ വീട്ടുകാരില്‍ നിന്ന് രക്ഷപ്പെടാന്‍ ജെംറ്രാ അതിര്‍ത്തി കടന്നതും ഇതോടെ വ്യക്തമായി. പാകിസ്ഥാന്‍ റേഞ്ചേഴ്സുമായി ഫ്ലാഗ് മീറ്റിംഗ് നടത്തിയതോടെയാണ് പത്തൊമ്പതുകാരന്‍ ജയിലില്‍ ഉള്ള വിവരം വ്യക്തമായത്. നിയമനടപടികള്‍ പൂര്‍ത്തിയാക്കി പത്തൊമ്പതുകാരനെ കൈമാറുമെന്നാണ് ബിഎസ്എഫ് വിശദമാക്കുന്നത്. 

click me!