Karti Chidambaram : കൈക്കൂലി കേസ്; കാർത്തി ചിദംബരത്തിന്‍റെ വിശ്വസ്തൻ അറസ്റ്റിൽ

By Web TeamFirst Published May 18, 2022, 9:46 AM IST
Highlights

സിബിഐ രജിസ്റ്റര്‍ ചെയ്ത കൈക്കൂലി കേസിൽ ഒന്നാം പ്രതിയായ ഭാസ്ക്കർ രാമനാണ് അറസ്റ്റിലായത്. കാർത്തി ചിദംബരത്തിന്‍റെ ചാർട്ടേഡ് അക്കൗണ്ടന്‍റും വിശ്വസ്തനാണ് ആണിയാള്‍. ഇയാൾ വഴിയാണ് പണമിടപാട് നടന്നതെന്ന് സിബിഐ ആരോപിച്ചിരുന്നു. കാർത്തി ചിദംബരമാണ് കേസിലെ രണ്ടാം പ്രതി.

ദില്ലി: മുൻ കേന്ദ്ര മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി ചിദംബരത്തിന്‍റെ (P Chidambaram) മകൻ കാർത്തി ചിദംബരത്തിന്‍റെ (Karti Chidambaram) വിശ്വസ്തൻ കൈക്കൂലി കേസില്‍  അറസ്റ്റിൽ. സിബിഐ രജിസ്റ്റര്‍ ചെയ്ത കൈക്കൂലി കേസിൽ ഒന്നാം പ്രതിയായ ഭാസ്ക്കർ രാമനാണ് അറസ്റ്റിലായത്. കാർത്തി ചിദംബരത്തിന്‍റെ ചാർട്ടേഡ് അക്കൗണ്ടന്‍റും വിശ്വസ്തനാണ് ആണിയാള്‍. ഇയാൾ വഴിയാണ് പണമിടപാട് നടന്നതെന്ന് സിബിഐ ആരോപിച്ചിരുന്നു. കാർത്തി ചിദംബരമാണ് കേസിലെ രണ്ടാം പ്രതി.

താപവൈദ്യൂതി നിലയിത്തിന്റെ നിർമ്മാണത്തിന് ചൈനീസ് പൗരന്മാർക്ക് വീസ നൽകാൻ അൻപത് ലക്ഷം കൈക്കൂലി വാങ്ങിയെന്നാണ് കേസ്. കേസുമായി ബന്ധപ്പെട്ട് കാർത്തി ചിദംബരത്തിന്റെ ദില്ലിയിലെ വസതിയിലടക്കം രാജ്യത്തെ പത്ത് ഇടങ്ങളിൽ സിബിഐ ഇന്നലെ പരിശോധന നടന്നി. ദില്ലി, മുംബൈ, ചെന്നൈ, ഒഡീഷ, കർണാടക, തമിഴ്‌നാട്ടിലെ ശിവഗംഗ എന്നിവിടങ്ങളിലായിരുന്നു റെയ്‌ഡ് നടന്നത്. ഡിജിറ്റൽ തെളിവുകളും സാമ്പത്തിക രേഖകളും കണ്ടെത്തിയെന്നാണ് വിവരം സിബിഐ പരിശോധനയിൽ ഒന്നും കണ്ടെത്തിയില്ലെന്നും പ്രതിസ്ഥാനത്ത് താനില്ലെന്നുമായിരുന്നു കാര്‍ത്തി ചിദംബരത്തിന്‍റെ പ്രതികരണം. പി ചിദംബരത്തിനെതിരായ സിബിഐ നടപടി രാഷ്ട്രീയ അധപതനമെന്ന് കോൺഗ്രസ് പ്രതികരിച്ചു.

Also Read: 'ഒന്നും പിടിച്ചെടുത്തിട്ടില്ല, ഞാൻ പ്രതിയല്ല', മകന്റെ വസതിയിലെ സിബിഐ പരിശോധനയിൽ ചിദംബരം

2010 മുതൽ 2014 കാലയളവിൽ കാർത്തി ചിദംബരവുമായി ബന്ധപ്പെട്ട് നടന്ന ഇടപാടുകളിലാണ് സിബിഐ ഉന്നമിടുന്നത്. പഞ്ചാബിലെ മാനസയിലെ താപവൈദ്യുതി നിലയത്തിന്റെ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കാൻ  ചൈനയിൽ നിന്നുള്ള സാങ്കേതിക പ്രവർത്തകർക്ക് വീസ നൽകാനും നിലവിലുള്ളവർക്ക് വീസ നീട്ടാനും കരാർ കമ്പനി ആഭ്യന്തര മന്ത്രാലയത്തെ  സമീപിച്ചു. എന്നാൽ ഇതിൽ തടസം നേരിട്ടതോടെ കാർത്തി ചിദംബരം വഴി ഇടപെടലിന് കമ്പനി നീക്കം നടത്തി. ഇതിനായി 50 ലക്ഷം രൂപ കാർത്തിക്ക് നൽകിയെന്നാണ് സിബിഐ പറയുന്നത്. ഒരു മാസത്തിനുള്ളിൽ 263 പേർക്ക് വീസയും ലഭിച്ചു. ചെന്നൈയിലെ ഇടനിലക്കാരൻ വഴി മുംബൈ കമ്പനിയുടെ പേരിലാണ് ഇടപാട് നടന്നതെന്നാണ് സിബിഐ പറയുന്നത്. കേസിൽ കാർത്തിയുടെ വിശ്വസ്തൻ ഭാസ്ക്കർ രാമന്‍ അടക്കം അഞ്ച് പേർ പ്രതികളാണ്. 

I have lost count, how many times has it been? Must be a record.

— Karti P Chidambaram (@KartiPC)

എന്നാൽ, സിബിഐ കേസെടുത്തതിനെ പരിഹസിച്ച് കാർത്തി ചിദംബരം രംഗത്തെത്തി. "എനിക്ക് കണക്ക് നഷ്ടപ്പെട്ടു, എത്ര തവണ ഇത് സംഭവിച്ചു? സിബിഐ നടത്തിയ റെയ്ഡുകളുടെ എണ്ണവും വിവരവും അറിയാൻ പ്രത്യേകം കണക്ക് സൂക്ഷിക്കേണ്ട അവസ്ഥയാണ്," എന്നായിരുന്നു റെയ്ഡ് നടക്കുന്നതായി വാർത്ത പുറത്തുവന്നതിന് തൊട്ടുപിന്നാലെ കാർത്തി ചിദംബരം ട്വീറ്റ് ചെയ്തത്. "ഇന്ന് രാവിലെ, ഒരു സിബിഐ സംഘം ചെന്നൈയിലെ എന്റെ വസതിയിലും ദില്ലിയിലെ എന്റെ ഔദ്യോഗിക വസതിയിലും പരിശോധന നടത്തി. സംഘം എന്നെ ഒരു എഫ്‌ഐആർ കാണിച്ചു, അതിൽ എന്നെ പ്രതിയായി ഉൾപ്പെടുത്തിയിട്ടില്ല. തിരച്ചിൽ സംഘം ഒന്നും കണ്ടെത്തിയില്ല, ഒന്നും പിടിച്ചെടുത്തില്ല. ഞാൻ ഒരു കാര്യം ചൂണ്ടിക്കാണിച്ചേക്കാം. അവര്‍ റെയ്ഡിന് വന്ന സമയം രസകരമാണ്," എന്ന് പി ചിദംബരം ട്വീറ്റ് ചെയ്തു.

This morning, a CBI team searched my residence at Chennai and my official residence at Delhi. The team showed me a FIR in which I am not named as an accused.

The search team found nothing and seized nothing.

I may point out that the timing of the search is interesting.

— P. Chidambaram (@PChidambaram_IN)
click me!