അന്വേഷണ സംഘം കാണിച്ച എഫ്‌ ഐ ആറിൽ താൻ പ്രതി സ്ഥാനത്തില്ലെന്നും ഔദ്യോഗിക വസതിയിൽ നിന്നും ഒന്നും പിടിച്ചെടുത്തിട്ടില്ലെന്നും ചിദംബരം വിശദീകരിച്ചു. 

ദില്ലി: മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരത്തിന്റെ മകനും വ്യവസായിയുമായ കാർത്തി ചിദംബരത്തിന്റെ വസതിയിൽ സിബിഐയുടെ പരിശോധന. ചിദംബരം ആഭ്യന്തരമന്ത്രിയായിരിക്കെ ചൈനീസ് പൗരൻമാർക്ക് വിസ നല്‍കാന്‍ ഇടപെട്ടെന്ന കേസുമായി ബന്ധപ്പെട്ടാണ് സിബിഐ പരിശോധന നടത്തിയത്. ഇന്ന് രാവിലെ മുതലാണ് കാർത്തി ചിദംബരത്തിന്റെ പത്തോളം വീടുകളിലും ഓഫീസുകളിലും സിബിഐ സംഘമെത്തി പരിശോധന നടത്തിയത്. പരിശോധനയിൽ സിബിഐ ഒന്നും കണ്ടെത്തിയില്ലെന്ന് പി ചിദംബരം അറിയിച്ചു. അന്വേഷണ സംഘം കാണിച്ച എഫ്‌ ഐ ആറിൽ താൻ പ്രതി സ്ഥാനത്തില്ലെന്നും ഔദ്യോഗിക വസതിയിൽ നിന്നും ഒന്നും പിടിച്ചെടുത്തിട്ടില്ലെന്നും ചിദംബരം ട്വിറ്ററിലൂടെ വിശദീകരിച്ചു. 

Scroll to load tweet…

കാർത്തി ചിദംബരത്തിന്റെ വസതികളിലും ഓഫീസുകളിലും ഉൾപ്പെടെ പത്തിടത്താണ് സിബിഐ പരിശോധന നടത്തിയത്. ദില്ലി, മുംബൈ, ചെന്നൈ, ഒഡീഷ, കർണാടക, തമിഴ്‌നാട്ടിലെ ശിവഗംഗ എന്നിവിടങ്ങളിലായിരുന്നു റെയ്‌ഡ്. സിബിഐ നടപടി രാഷ്ട്രീയ അധപതനമെന്ന് കോൺഗ്രസ് പ്രതികരിച്ചു.

സിബിഐ പരിശോധനയിൽ കാര്‍ത്തി ചിദംബരവും അതൃപ്തി പ്രകടിപ്പിച്ചു. എത്രാമത്തെ തവണയാണ് സിബിഐ പരിശോധന നടക്കുന്നതെന്നും തനിക്ക് എണ്ണം പോലും നഷ്ടപ്പെട്ടെന്നും കാര്‍ത്തി ചിദംബരം ട്വീറ്റ് ചെയ്തു. വിവരം അറിഞ്ഞെത്തിയ ശ്രീപെരുമ്പത്തൂർ എംഎൽഎ കെ സെൽവപെരുന്തഗൈ, തമിഴ്നാടിന്‍റെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി, എന്നിവരടക്കമുള്ള കോൺഗ്രസ് നേതാക്കളെ വീടിനുള്ളിൽ കടക്കാൻ സിബിഐ സംഘം അനുവദിച്ചില്ല. നടക്കുന്നത് വേട്ടയാടലാണെന്നും അന്വേഷണ സംഘങ്ങളെ ഉപയോഗിച്ച് കേന്ദ്രസർക്കാർ ജനാധിപത്യ ശബ്ദങ്ങളെ അടിച്ചമർത്തുകയാണെന്നും നേതാക്കൾ പറഞ്ഞു.

കാര്‍ത്തി ചിദംബരത്തിന്‍റെ വീട്ടില്‍ റെയ്ഡ്; അതൃപ്തി പ്രകടിപ്പിച്ച് കാര്‍ത്തി, എത്രാമത്തെ തവണയെന്ന് ട്വീറ്റ്