
ദില്ലി: നമ്പി നാരായണനെതിരായ ഐഎസ്ആര്‍ഒ ഗൂഡാലോചന കേസിലെ അന്വേഷണം ജസ്റ്റിസ് ഡി കെ ജയിൻ സമിതി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിൽ മാത്രമാകരുതെന്ന് സുപ്രീംകോടതി. ഗൂഡാലോചനക്ക് പിന്നിലെ വസ്തുത സിബിഐ തന്നെ അന്വേഷിച്ച് കണ്ടെത്തണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. നമ്പി നാരായണനെ ചാരക്കേസിൽ കുടുക്കാൻ ഗൂഡാലോചന നടന്നോ എന്ന് പരിശോധിച്ച റിട്ട. ജസ്റ്റിസ് ഡി കെ ജയിൻ സമിതി റിപ്പോര്‍ട്ടിന്മേലാണ് കഴിഞ്ഞ ഏപ്രിൽ മാസത്തിൽ അന്വേഷണം സുപ്രീംകോടതി സിബിഐക്ക് വിട്ടത്. മൂന്ന് മാസത്തിന് ശേഷം സിബിഐ നൽകിയ അന്വേഷണ പുരോഗതി വിവരങ്ങൾ സുപ്രീംകോടതി പരിശോധിച്ചു. അതിന് ശേഷമാണ് സിബിഐയുടെ അന്വേഷണം ജസ്റ്റിസ് ജയിൻ സമിതി റിപ്പോര്‍ട്ടിൽ മാത്രം ഒതുങ്ങരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടത്.
ഈ കേസ് സിബിഐക്ക് സ്വതന്ത്രമായി അന്വേഷിക്കാം. അന്വേഷിച്ച് ഗൂഡാലോചന നടന്നോ എന്നത് സിബിഐ തന്നെ കണ്ടെത്തണം. ജസ്റ്റിസ് ജയിൻ സമിതി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാകരുത് പ്രോസിക്യൂഷൻ നടപടികൾ. ജസ്റ്റിസ് ജയിൻ സമിതിയെ നിയോഗിച്ചത് കോടതിക്ക് കാര്യങ്ങൾ ബോധ്യപ്പെടാൻ വേണ്ടി മാത്രമാണെന്നും ജസ്റ്റിസ് എ എം ഖാൻവീൽക്കര്‍ അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഇതോടൊപ്പം ജസ്റ്റിസ് ജയിൻ സമിതി റിപ്പോര്‍ട്ടും അതിന്മേലുള്ള അന്വേഷണ വിവരങ്ങളും രഹസ്യമായി സൂക്ഷിക്കാനും കോടതി ഉത്തരവിട്ടു. ചാരക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നമ്പി നാരായണൻ നൽകിയ അപേക്ഷിയിലാണ് ജസ്റ്റിസ് ജയിൻ സമിതിയെ സുപ്രീംകോടതി നിയോഗിച്ചതും അന്വേഷണം സിബിഐക്ക് വിട്ടതും.
അതേസമയം ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചനയിലെ രണ്ട് പ്രതികൾക്ക് ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചു. കേസിലെ ഒന്നാം പ്രതി എസ് വിജയൻ, രണ്ടാം പ്രതി തമ്പി എസ് ദുർഗാദത്ത് എന്നിവർക്കാണ് രണ്ടാഴ്ച ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചത്. അറസ്റ്റ് ചെയ്യേണ്ട സാഹചര്യം ഉണ്ടായാൽ അമ്പതിനായിരം രൂപയുടെ ബോണ്ടിൽ ജാമ്യം അനുവദിക്കണമെന്നും പ്രതികൾ അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി വ്യക്തമാക്കി. കേസിലെ പതിനൊന്നാം പ്രതി പി എസ് ജയപ്രകാശിന്‍റെ അറസ്റ്റ് തടഞ്ഞ ഉത്തരവ് രണ്ടാഴ്ചത്തേക്ക് നീട്ടിയ കോടതി കേസ് അടുത്ത തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി.
കേസിൽ കക്ഷി ചേർക്കണമെന്ന നമ്പി നാരായണന്‍റെ ആവശ്യവും കോടതി അംഗീകരിച്ചിട്ടുണ്ട്. ചാരക്കേസിൽ ഔദ്യോഗിക കൃത്യനിർവ്വഹണം നടത്തുക മാത്രമാണ് പൊലീസ് ഉദ്യോഗസ്ഥരായിരുന്ന തങ്ങൾ ചെയ്തതെന്നും ഗൂഡാലോചന കേസ് സിബിഐ കെട്ടിച്ചമച്ചതാണെന്നുമാണ് ഒന്നും രണ്ടും പ്രതികളുടെ വാദം. എന്നാൽ നമ്പി നാരായണനെ കേസിൽപ്പെടുത്താന്‍ രാജ്യാന്തര ഗൂഡാലോചന ഉണ്ടായോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും ഇല്ലാത്ത തെളിവുകളുടെ പേരിൽ നമ്പി നാരായണനെ അറസ്റ്റ് ചെയ്ത ഗൂഡാലോചനയിൽ മൂന്ന് ഉദ്യോഗസ്ഥർക്കും പ്രധാന പങ്കുണ്ടെന്നും സിബിഐ കോടതിയെ അറിയിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam