
ദില്ലി: തീർത്തും നാടകീയമായി ദില്ലി നഗരത്തിലൂടെ ട്രാക്റ്ററോടിച്ച് പ്രതിഷേധം നടത്തി കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. കർഷകനിയമങ്ങൾക്ക് എതിരായാണ് രാഹുൽ ഗാന്ധിയുടെ പ്രതിഷേധം. രാവിലെ പാർലമെന്‍റിലേക്ക് എത്താൻ പുറപ്പെട്ട രാഹുൽ ഗാന്ധി തീർത്തും അപ്രതീക്ഷിതമായിട്ടാണ് എഐസിസി ആസ്ഥാനത്ത് നിന്ന് ട്രാക്റ്ററിലേക്ക് കയറി അതോടിച്ച് ദില്ലി നഗരത്തിലൂടെ പാർലമെന്‍റിന് സമീപത്ത് എത്തിയത്.
തീർത്തും നാടകീയമായി സംഘടിപ്പിച്ച ഈ പ്രതിഷേധത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ ആദ്യം അമ്പരന്നെങ്കിലും പിന്നീട് അദ്ദേഹത്തിന് കനത്ത സുരക്ഷയൊരുക്കി. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. വളരെക്കുറച്ച് പ്രവർത്തകർ മാത്രമാണ് അദ്ദേഹത്തിനൊപ്പം ആദ്യമുണ്ടായിരുന്നത്. വളരെപ്പെട്ടെന്ന് പ്ലാൻ ചെയ്ത് നടപ്പാക്കിയ പ്രതിഷേധമായിരുന്നു ഇത് എന്നതിനാൽ സുരക്ഷാ ഉദ്യോഗസ്ഥർക്കും ഇത്തരമൊരു നീക്കത്തെക്കുറിച്ച് യാതൊരു സൂചനയുമുണ്ടായിരുന്നില്ല.
പാർലമെന്‍റിന് സമീപത്ത് എത്തിയപ്പോഴേക്ക് മാധ്യമപ്രവർത്തകർ അടക്കം അദ്ദേഹത്തെ വളഞ്ഞു. അതിന് ശേഷം മാധ്യമങ്ങളെ കണ്ട അദ്ദേഹം കേന്ദ്രസർക്കാർ കർഷകർക്ക് വേണ്ടിയല്ല, പകരം ബിസിനസ്സുകാർക്ക് വേണ്ടിയും അതിധനികർക്ക് വേണ്ടിയുമാണ് ഈ സർക്കാർ പ്രവർത്തിക്കുന്നതെന്ന് ആരോപിച്ചു. ഇതിനെതിരായി നടത്തുന്ന പ്രതിഷേധമാണിതെന്നും, രാഹുൽ ഗാന്ധി വ്യക്തമാക്കി. ഇതിന് ശേഷം, പാർലമെന്‍റ് നടപടികളിൽ പങ്കെടുക്കാനായി രാഹുൽ ലോക്സഭയിലേക്ക് പോവുകയും ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam