കത്തി തീരാതെ പെഗാസസ്; മുതിർന്ന ഇഡി ഉദ്യോഗസ്ഥൻ്റെയും പ്രധാനമന്ത്രിയുടെ ഓഫീസിലെ വ്യക്തിയും നിരീക്ഷണ പട്ടികയിൽ

By Web TeamFirst Published Jul 26, 2021, 11:57 AM IST
Highlights

എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിലെ മുതിർന്ന ഉദ്യോഗസ്ഥനായ രാജ്വേശർ സിംഗ് പല തന്ത്രപ്രധാന അന്വേഷണങ്ങളുടെയും ചുമതല വഹിച്ചിരുന്ന വ്യക്തിയാണ്. ഇദ്ദേഹത്തിന്റെ റണ്ട് മൊബൈൽ നമ്പറുകളും, കുടുംബത്തിലെ സ്ത്രീകളുടെ മൂന്ന് നമ്പറുകളുമാണ് നിരീക്ഷിക്കപ്പെട്ടവരുടെ പട്ടികയിൽ ഉള്ളത്

ദില്ലി: പെഗാസസ് വിവാദത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത്. മുതിർന്ന ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുടെയും പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടവരുടെയും ഫോണുകൾ ചോർത്തപ്പെട്ടതായി ദി വയർ റിപ്പോർട്ട് ചെയ്യുന്നു. മുതിർന്ന ഇഡി ഉദ്യോഗസ്ഥനായ രാജേശ്വർ സിംഗ്, മുൻ ഐഎഎസ് ഉദ്യോഗസ്ഥനും അരവിന്ദ് കെജ്‍രിവാളിന്റെ പിഎയുമായ വി കെ ജെയ്ൻ, നിതി ആയോഗിലെ ഉന്നത ഉദ്യോഗസ്ഥൻ, പിഎംഒയിലെ ഉദ്യോഗസ്ഥൻ എന്നിവരുടെ ഫോണുകൾ നിരീക്ഷണത്തിലായിരുന്നുവെന്നാണ് പുതിയ വെളിപ്പെടുത്തൽ 

എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിലെ മുതിർന്ന ഉദ്യോഗസ്ഥനായ രാജ്വേശർ സിംഗ് പല തന്ത്രപ്രധാന അന്വേഷണങ്ങളുടെയും ചുമതല വഹിച്ചിരുന്ന വ്യക്തിയാണ്. ഇദ്ദേഹത്തിന്റെ രണ്ട് മൊബൈൽ നമ്പറുകളും, കുടുംബത്തിലെ സ്ത്രീകളുടെ മൂന്ന് നമ്പറുകളുമാണ് നിരീക്ഷിക്കപ്പെട്ടവരുടെ പട്ടികയിൽ ഉള്ളത്.

2 ജി, എയർസെൽ മാക്സിസ് തുടങ്ങിയ പല വലിയ കേസുകൾ അന്വേഷിച്ചിരുന്നത് രാജേശ്വർ ആയിരുന്നു. സഹാറ ഗ്രൂപ്പിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട അന്വേഷണത്തിലും, ആന്ധ്ര മുഖ്യമന്ത്രി ജഗൻ റെഡ്ഡിയുടെ അനധികൃത സ്വത്ത് സമ്പാദന കേസിലും  രാജേശ്വർ സിംഗിന്റെ ഇടപെടലുണ്ടായിരുന്നു. 

2017 മുതൽ 2019 വരെ രാജേശ്വർ സിംഗിന്റെ നമ്പർ നിരീക്ഷിക്കപ്പെടുന്നവരുടെ പട്ടികയിൽ ഉണ്ടായിരുന്നു. 2018ലാണ് രണ്ടാമത്തെ നമ്പറും പട്ടികയിൽ എത്തിയത്. ഇതേ സമയത്താണ് രാജേശ്വറിന്റെ ഭാര്യയുടെ രണ്ട് നമ്പറുകളും പട്ടികയിൽ വന്നത്. ഇതിന് പുറമേ രാജേശ്വറിന്റെ രണ്ട് സഹോദരിമാരുടെ നമ്പറും നിരീക്ഷണ പട്ടികയിൽ ഉണ്ട്. അവരിൽ ഒരാൾ ഐഎഎസ് ഉദ്യോഗസ്ഥയായിരുന്നു. സിബിഐ ഡയറക്ടറായിരുന്നു അലോക് വർമ്മയുമായി ഒരു ഘട്ടത്തിൽ അടുത്ത ബന്ധം പുലർത്തിയിരുന്ന വ്യക്തിയാണ് രാജേശ്വർ സിംഗ്.

ഇപ്പോൾ പ്രധാനമന്ത്രിയുടെ ഓഫീസിലെ അണ്ടർ സെക്രട്ടറിയായ ഉദ്യോഗസ്ഥന്റെ ഫോൺ നമ്പറും പട്ടികയിലുണ്ട്. 2017ലാണ് ഈ ഉദ്യോഗസ്ഥൻ്റെ ഫോൺ ചോർത്തിയത്. അക്കാലത്ത് പ്രധാനമന്ത്രിയുടെ യാത്രകളുടെ ചുമതല ഈ ഉദ്യോഗസ്ഥനായിരുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. 

ബിഎസ്എഫ് മേധാവി ആയിരുന്ന കെ കെ ശർമ്മയുടെ ഫോൺ നമ്പറും ചോർത്തൽ പട്ടികയിലുണ്ട്. ആർഎസ്എസുമായി ബന്ധമുള്ള എൻജിഒയുടെ പരിപാടിയിൽ പങ്കെടുത്ത വിവാദം ഉണ്ടായതിന് പിന്നാലെയാണ് കെ കെ ശർമ്മയുടെ നമ്പർ പെഗാസസ് പട്ടികയിൽ ഉൾപ്പെട്ടത്. മുൻ റോ ഉദ്യോഗസ്ഥൻ ജിതേന്ദ്രകുമാർ ഓജയുടേയും ഭാര്യയുടെയും ഫോൺ ചോർത്തിയതായും വയർ റിപ്പോർട്ടിൽ പറയുന്നത്. 

click me!