ഒഡീഷ ട്രെയിന്‍ ദുരന്തം: മൂന്ന് റെയില്‍വെ ഉദ്യോഗസ്ഥര്‍ക്കെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

Published : Sep 03, 2023, 09:02 AM ISTUpdated : Sep 03, 2023, 09:05 AM IST
ഒഡീഷ ട്രെയിന്‍ ദുരന്തം: മൂന്ന് റെയില്‍വെ ഉദ്യോഗസ്ഥര്‍ക്കെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

Synopsis

296 പേരുടെ മരണത്തിനിടയാക്കിയ ട്രെയിന്‍ അപകടം സംബന്ധിച്ച കുറ്റപത്രം സിബിഐ സമര്‍പ്പിച്ചു

ഭുവനേശ്വര്‍: ഒഡീഷയിലെ ബാലസോറില്‍ 296 പേരുടെ മരണത്തിനിടയാക്കിയ ട്രെയിന്‍ അപകടവുമായി ബന്ധപ്പെട്ട് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. അറസ്റ്റിലായ മൂന്ന് റെയില്‍വെ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. 

സീനിയർ സെക്ഷൻ എഞ്ചിനീയർ (സിഗ്നൽ) അരുൺ കുമാർ മഹന്ത, സെക്ഷൻ എഞ്ചിനീയർ അമീർ ഖാന്‍, ടെക്നീഷ്യൻ പപ്പു കുമാർ എന്നിവരെ സിബിഐ ജൂലൈ ഏഴിന് അറസ്റ്റ് ചെയ്തിരുന്നു.  നരഹത്യ, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 304 ഭാഗം II,  201, റെയിൽവേ നിയമത്തിലെ 153 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ഭുവനേശ്വറിലെ പ്രത്യേക സിബിഐ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

ബഹനാഗ ബസാർ സ്റ്റേഷന് സമീപമുള്ള ലെവൽ ക്രോസ് ഗേറ്റ് നമ്പർ 94ലെ അറ്റകുറ്റപ്പണികളില്‍ പിഴവ് സംഭവിച്ചെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. 79ആം ലെവല്‍ ക്രോസിലെ സര്‍ക്യൂട്ട് ഡയഗ്രം ഉപയോഗിച്ചാണ് അറ്റകുറ്റപ്പണി നടത്തിയതെന്ന് സിബിഐ കുറ്റപത്രത്തില്‍ പറയുന്നു. നിലവിലുള്ള സിഗ്നൽ, ഇന്റർലോക്ക് ഇൻസ്റ്റലേഷനുകളിൽ പരിശോധനയും മാറ്റങ്ങൾ വരുത്തലും അംഗീകൃത പ്ലാനിനും നിർദ്ദേശങ്ങൾക്കും അനുസൃതമാണെന്ന് ഉറപ്പാക്കുക എന്നതായിരുന്നു പ്രതികളുടെ ചുമതലയെന്നും കുറ്റപത്രത്തില്‍ പറയുന്നു.

ജൂൺ 2ന് ബാലസോർ ജില്ലയിലെ ബഹനാഗ ബസാർ സ്റ്റേഷനിൽ മൂന്ന് ട്രെയിനുകളാണ് അപകടത്തില്‍പ്പെട്ടത്. ഷാലിമാര്‍ - ചെന്നൈ കോറമണ്ടൽ എക്‌സ്‌പ്രസ് ചരക്ക് തീവണ്ടിയിൽ ഇടിച്ച് പാളം തെറ്റി. കോറമണ്ഡൽ എക്സ്പ്രസ് 130 കിലോ മീറ്റർ വേഗതയിൽ ലൂപ്പ് ട്രാക്കിലേക്ക് കടന്ന് അവിടെ നിർത്തിയിട്ടിരുന്ന ചരക്ക് വണ്ടിയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. 

കോറമണ്ഡൽ എക്സ്പ്രസിന്റെ ബോഗികളിൽ മൂന്നെണ്ണം ഈ സമയം തൊട്ടടുത്ത ട്രാക്കിലൂടെ പോവുകയായിരുന്ന യശ്വന്ത്പൂർ-ഹൗറ സൂപ്പർ ഫാസ്റ്റിന്റെ അവസാനത്തെ നാല് ബോഗികളിലേക്ക് വീണു. ഈ ആഘാതത്തിലാണ് ഹൗറ സൂപ്പർ ഫാസ്റ്റിന്റെ രണ്ട് ബോഗികൾ പാളംതെറ്റിയത്. സംഭവത്തില്‍ 296 പേർ മരിച്ചു. 1,200 പേർക്ക് പരിക്കേറ്റു. 

PREV
click me!

Recommended Stories

കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു
'ബാബറി മസ്ജിദ്' വിവാദത്തിൽ പുറത്താക്കിയ നേതാവിന്റെ ശപഥം, മമതയുടെ ഭരണം അവസാനിപ്പിക്കും, 'മുസ്ലീം വോട്ട് ബാങ്ക് അവസാനിക്കും'