
ചെന്നൈ: സനാതന ധർമം, മലേറിയയും ഡെങ്കിയും പോലെ തുടച്ചു നീക്കേണ്ടതാണെന്ന തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിൻറെ പ്രസംഗം വിവാദത്തിൽ. ഉദയനിധിയുടേത് വംശഹത്യക്കുള്ള ആഹ്വാനം എന്ന ആരോപണവുമായി ബിജെപി നേതാക്കൾ രംഗത്തെത്തി. വ്യാജപ്രചാരണം അവസാനിപ്പിക്കണമെന്നും ജാതിവ്യവസ്ഥയെ ആണ് എതിർക്കുന്നതെന്നും ഉദയനിധി പ്രതികരിച്ചു. ഹൈന്ദവ മഠങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ സ്റ്റാലിൻ സർക്കാർ ശ്രമിച്ചു വരുന്നതിനിടയിലാണ് ഉദയനിധിയുടെ വാക്കുകൾ ബിജെപി ആയുധമാകുന്നത്.
ശനിയാഴ്ച ചെന്നൈയില്‍ വച്ച് നടന്ന സമ്മേളനത്തില്‍ ജാതിവെറിക്ക് ഇരയായി ജീവനൊടുക്കേണ്ടി വന്ന രോഹിത് വെമുലയുടെ അമ്മയെ അടക്കം വേദിയിൽ ഇരുത്തിയായിരുന്നു എം കെ സ്റ്റാലിന്റെ മകനും തമിഴ്നാട് കായികമന്ത്രിയുമായ ഉദയനിധി നടത്തിയ ഈ പ്രഭാഷണം ആണ് വിവാദമാകുന്നത്. വംശഹത്യക്കുള്ള ഉദയനിധിയുടെ ആഹ്വാനം, ഇന്ത്യ മുന്നണിയുടെ മുംബൈ യോഗത്തിന്റെ തീരുമാനം ആണോ എന്നാണ് ബിജെപി നേതാവ് അമിത്ത മാളവ്യ ചോദിച്ചത്. ഉദയനിധിക്ക് ശിക്ഷ ലഭിക്കാതെ വിടില്ല എന്നായിരുന്നു ആര്‍എസ്എസ് അനുകൂല അഭിഭാഷക കൂട്ടായ്മ വെല്ലുവിളിച്ചിരിക്കുന്നത്.
എന്നാൽ പറഞ്ഞ വാക്കുകളിൽ ഉറച്ചു നിൽക്കുമെന്നും ഏത് നിയമ പോരാട്ടത്തിനും തയാറാണെന്നും ഉദയനിധി സ്റ്റാലിന്‍ പ്രതികരിച്ചു. ജാതിയുടെ പേരിൽ മനുഷ്യരെ വിഭജിക്കുന്ന എന്തിനെയും തുടച്ചു നീക്കുന്നത്, മാനവികതയെയും സമത്വത്തെയും ഉയർത്തിപ്പിടിക്കുന്നതാകുമെന്നും മന്ത്രി സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു;
കഴിഞ്ഞ ദിവസം സൗജന്യ പ്രഭാത ഭക്ഷണ പദ്ധതിയെ പരിഹസിച്ച ദിനമലർ പത്രത്തെ വിമർശിച്ചപ്പോൾ, ദ്രാവിഡന്മാർ വിദ്യാഭ്യാസത്തിലും ആര്യന്മാർ കക്കൂസിലും ശ്രദ്ധിക്കുന്നുവെന്ന് ഉദയനിധി തുറന്നടിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം