ഉന്നാവോ പെൺകുട്ടി സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടത് സിബിഐ അന്വേഷിച്ചേക്കും

Published : Jul 29, 2019, 02:41 PM ISTUpdated : Jul 31, 2019, 07:32 AM IST
ഉന്നാവോ പെൺകുട്ടി സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടത് സിബിഐ അന്വേഷിച്ചേക്കും

Synopsis

സിബിഐ അന്വേഷണം ശുപാര്‍ശ ചെയ്തതായി ലഖ്നൗ എഡിജിപി അറിയിച്ചു. ഉന്നാവോ കേസിന്‍റെ അന്വേഷണം സിബിഐക്ക് വിടാന്‍ തയ്യാറാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പറഞ്ഞു.

ലക്നൗ: ഉത്തർപ്രദേശിലെ ഉന്നാവോയിൽ ബിജെപി എംഎൽഎ ബലാത്സംഗം ചെയ്തെന്ന് പരാതി നൽകിയ പെൺകുട്ടി സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ട സംഭവം സിബിഐ അന്വേഷിച്ചേക്കും. സിബിഐ അന്വേഷണം ശുപാര്‍ശ ചെയ്തതായി ലഖ്നൗ എഡിജിപി അറിയിച്ചു. ഉന്നാവോ കേസിന്‍റെ അന്വേഷണം സിബിഐക്ക് വിടാന്‍ തയ്യാറാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും അറിയിച്ചിട്ടുണ്ട്.

ബലാത്സംഗത്തിനിരയായ പെൺകുട്ടി സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ട സംഭവത്തില്‍ ദുരൂഹതയേറുകയാണ്. കാറിലിടിച്ച ട്രക്കിന്റെ നമ്പർ പ്ലേറ്റ് കറുത്ത മഷി കൊണ്ട് മറച്ചിരുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.

പെൺകുട്ടിയോടൊപ്പം കാറിൽ സുരക്ഷാ ഉദ്യോഗസ്ഥർ സഞ്ചരിക്കാത്തതും സംശയത്തിന് ഇടനൽകുന്നു. എന്നാൽ കാറിൽ സ്ഥലമില്ലാത്തതിനാൽ സുരക്ഷാ ഉദ്യോസ്ഥരെ പെൺകുട്ടി തന്നെ നിരസിച്ചതാണെന്നാണ് പൊലീസ് വാദം. കാറിന്റെയും ട്രക്കിന്റെയും ഫൊറൻസിക് പരിശോധന ഉടൻ നടത്തുമെന്ന് ഡിഐജി അറിയിച്ചു. അപകടത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും, ട്രക്കിന്റെ ഡ്രൈവറെയും ഉടമസ്ഥനെയും അറസ്റ്റ് ചെയ്തതായും പൊലീസ് പറഞ്ഞു. അതേസമയം, യുവതിയുടെ നില അതീവഗുരുതരമായി തുടരുകയാണ്. 

ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെൻഗാർ ബലാത്സംഗം ചെയ്തെന്നായിരുന്നു അപകടത്തിൽപ്പെട്ട പതിനാറുകാരിയുടെ പരാതി. അപകടത്തില്‍ ആരോപണവിധേയനായ എംഎല്‍എയ്ക്ക് പങ്കുണ്ടെന്നാണ് പെണ്‍ക്കുട്ടിയുടെ കുടുംബം ആരോപിക്കുന്നത്. ബന്ധുവിനെ കാണാൻ റായ്ബറേലിയിലെ ജില്ലാ ജയിലിലേക്ക് പോകവെയാണ് ഞായറാഴ്ച, ഉന്നാവോ ബലാത്സംഗക്കേസിലെ പരാതിക്കാരിയായ പെൺകുട്ടിയും കുടുംബവും സഞ്ചരിച്ച കാറിൽ ട്രക്ക് ഇടിച്ചത്. കാറിലുണ്ടായിരുന്ന അമ്മായിയും, ബന്ധുവും സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയും, അഭിഭാഷകനും ചികിത്സയിലാണ്. തലയ്ക്ക് ഗുരുതര പരിക്കേറ്റ പെൺകുട്ടിയുടെ ജീവൻ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നിലനിർത്തുന്നത്.

നിലവിൽ ഉന്നാവോ ബലാത്സംഗക്കേസ് സിബിഐയാണ് അന്വേഷിക്കുന്നത്. 2017 ജൂൺ നാലിന് ജോലി ആവശ്യവുമായി വീട്ടിലെത്തിയ പതിനാറുകാരിയെ ബിജെപി എംഎൽഎ കുൽദീപ് സെംഗാർ പീഡിപ്പിച്ചുവെന്നാണ് സിബിഐ കണ്ടത്തൽ. ബലാത്സംഗത്തിന് ഇരയായ പെൺകുട്ടി നീതി കിട്ടിയില്ല എന്നാരോപിച്ച് 2018 ഏപ്രിൽ മാസത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ വീടിന് മുമ്പിൽ തീകൊളുത്തി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതോടെയാണ് ഉന്നാവോ ബലാത്സംഗക്കേസ് ദേശീയ ശ്രദ്ധയിൽ വരുന്നത്. ബലാത്സംഗക്കേസ് പുറത്തുവന്നതിന് ശേഷം ആയുധങ്ങൾ കൈവശം വച്ചു എന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട പെൺകുട്ടിയുടെ അച്ഛൻ പൊലീസ് കസ്റ്റഡിയിൽ മരിച്ചിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മുട്ട കഴിച്ചാൽ ക്യാൻസർ വരുമോ? വ്യക്തത വരുത്തി എഫ്എസ്എസ്എഐ, 'പരിഭ്രാന്തരാകേണ്ട കാര്യമില്ല, പ്രചാരണം വ്യാജം'
ഇത് കരിനിയമം, ഈ കരിനിയമത്തിനെതിരെ പോരാടാൻ ഞാനും കോൺഗ്രസും പ്രതിജ്ഞാബദ്ധം; പുതിയ തൊഴിലുറപ്പ് പദ്ധതിയിൽ രൂക്ഷ വിമർശനവുമായി സോണിയ ഗാന്ധി