ഉന്നാവ് പെൺകുട്ടിയെ സിബിഐ കണ്ടു, മൊഴി രേഖപ്പെടുത്തി, ആരോഗ്യ നിലയിൽ പുരോഗതി

By Web TeamFirst Published Sep 2, 2019, 11:43 AM IST
Highlights

ദില്ലിയിൽ പെൺകുട്ടി ചികിത്സയിൽ കഴിയുന്ന എയിംസ് ആശുപത്രിയിലാണ് സിബിഐ ഉദ്യോഗസ്ഥരെത്തിയത്. പെൺകുട്ടിയെ ഇന്നലെ ഐസിയുവിൽ നിന്ന് വാർഡിലേക്ക് മാറ്റിയിരുന്നു. 

ദില്ലി: ഉന്നാവ് പെൺകുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി. പെൺകുട്ടിയെ സിബിഐ ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തി കണ്ടു. മൊഴി രേഖപ്പെടുത്തുകയും ചെയ്തു. പെൺകുട്ടി ചികിത്സയിൽ കഴിയുന്ന എയിംസ് ആശുപത്രിയിലാണ് സിബിഐ ഉദ്യോഗസ്ഥരെത്തിയത്. പെൺകുട്ടിയെ ഇന്നലെ ഐസിയുവിൽ നിന്ന് വാർഡിലേക്ക് മാറ്റിയിരുന്നു. 

ജൂലൈ 28-നാണ് റായ്‍ബറേലിക്ക് അടുത്ത് വച്ചുണ്ടായ വാഹനാപകടത്തിൽ പെൺകുട്ടിയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. അന്ന് പെൺകുട്ടിയ്ക്ക് ഒപ്പം സഞ്ചരിച്ച രണ്ട് ബന്ധുക്കൾ മരിച്ചിരുന്നു. അതിവേഗത്തിൽ വന്ന ട്രക്ക് പെൺകുട്ടി സഞ്ചരിച്ച കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപടകത്തിന് പിന്നിൽ പെൺകുട്ടി ബലാത്സംഗ പരാതി ഉന്നയിക്കുകയും കേസിലെ പ്രതിയുമായ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെംഗാറും കൂട്ടാളികളുമാണെന്ന വലിയ ആരോപണങ്ങളുയർന്നതിനെത്തുടർന്ന് സെംഗാറിനും സഹോദരനും മറ്റ് പത്ത് പേർക്കുമെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. 

സുപ്രീംകോടതി ഇടപെട്ടാണ് ലഖ്‍നൗവിലെ കിംഗ് ജോർജ് ആശുപത്രിയിൽ നിന്ന് പെൺകുട്ടിയെ ദില്ലി എയിംസ് ആശുപത്രിയിലേക്ക് മാറ്റിയത്. 

തന്‍റെ ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി ഉന്നാവിലെ പെൺകുട്ടി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്ക് കത്ത് നൽകി പതിനാറാം ദിവസമാണ് അവരുടെ കാറിൽ ട്രക്കിടിക്കുന്നത്. കാറിൽ പെൺകുട്ടിയോടൊപ്പമുണ്ടാകേണ്ടിയിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർ കയറിയിരുന്നില്ല. പെൺകുട്ടിയുടെ കാറിലിടിച്ച ട്രക്കിന്‍റെ നമ്പർ പ്ലേറ്റ് കറുത്ത മഷി ഉപയോഗിച്ച് മായ്ക്കുകയും ചെയ്തിരുന്നു.

2017 ജൂൺ നാലിന് ജോലിയുമായി ബന്ധപ്പെട്ട ആവശ്യവുമായി വീട്ടിലെത്തിയ പതിനാറുകാരിയെ ബിജെപി എംഎൽഎ കുൽദീപ് സെംഗാർ പീഡിപ്പിച്ചുവെന്നതാണ് കേസ്. ബലാത്സംഗത്തിന് ഇരയായ പെൺകുട്ടി നീതി കിട്ടിയില്ലെന്നാരോപിച്ച് 2018 ഏപ്രിൽ മാസത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ വീടിന് മുമ്പിൽ തീകൊളുത്തി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതോടെയാണ് ഉന്നാവ് ബലാത്സംഗക്കേസ് ദേശീയ ശ്രദ്ധയിൽ വരുന്നത്. ബലാത്സംഗക്കേസ് പുറത്തുവന്നതിന് ശേഷം ആയുധങ്ങൾ കൈവശം വച്ചു എന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട പെൺകുട്ടിയുടെ അച്ഛൻ പൊലീസ് കസ്റ്റഡിയിൽ മരിച്ചിരുന്നു.

click me!