ചോദ്യപ്പേപ്പർ ചോർച്ചയിൽ കണ്ണികളിൽനിന്ന് കണ്ണികളിലേക്ക് സിബിഐ; രണ്ട് അധ്യാപകരിലേക്ക് കൂടി അന്വേഷണം, നടന്നത് കോടികളുടെ ഇടപാട്

Published : May 23, 2026, 11:01 AM IST
NEET Teachers Arrest

Synopsis

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചാ കേസിൽ രണ്ട് അധ്യാപകരിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിച്ച് സിബിഐ. ഇതുവരെ മൂന്ന് അധ്യാപകരാണ് അറസ്റ്റിലായത്. ചോദ്യപ്പേപ്പർ തയ്യാറാക്കുന്നതിനായി എൻടിഎ നിയോഗിച്ച അധ്യാപകരാണ് ഇവർ. 

ദില്ലി: മെഡിക്കൽ പഠനപ്രവേശന പരീക്ഷയായ നീറ്റ് യുജി ചോദ്യപ്പേപ്പർ ചോർച്ചയിൽ പരീക്ഷാ നടത്തിപ്പുകാരായ നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) നിയമിച്ചിരുന്ന മൂന്ന് അധ്യാപകർ അറസ്റ്റിലായതിനിടെ, രണ്ട് അധ്യാപകരിലേക്ക് കൂടി അന്വേഷണം നീളുന്നു. എൻടിഎ നിയോഗിച്ച രണ്ട് അധ്യാപകർ കൂടി ചോദ്യപ്പേപ്പർ ചോർത്തിയെന്ന് സിബിഐ. നടന്നത് കോടികളുടെ ഇടപാടെന്നാണ് സിബിഐയുടെ കണ്ടെത്തൽ. ചോർത്തിയ ചോദ്യപ്പേപ്പർ ഉപയോഗിച്ച് അറസ്റ്റിലായ അധ്യാപകരടക്കം സ്പെഷ്യൽ ക്ലാസുകൾ നടത്തിയെന്നും ഈ ക്ലാസുകൾക്ക് പ്രവേശനം ലഭിക്കാൻ പ്രത്യേക പണം ഈടാക്കിയെന്നും സിബിഐ കണ്ടെത്തിയിട്ടുണ്ട്.

ചോദ്യപ്പേപ്പർ ചോർച്ചാ കേസിൽ ഇക്കഴിഞ്ഞ ദിവസമാണ് സിബിഐ സംഘം മൂന്നാമത്തെ അധ്യാപികയെ അറസ്റ്റ് ചെയ്തത്. എൻടിഎ നിയമിച്ചിരുന്ന, പൂനെയിൽ നിന്നുള്ള അധ്യാപിക മനിഷ സഞ്ജയ് ഹവൽദാർ (58) ആണ് സിബിഐയുടെ പിടിയിലായത്. നീറ്റ് യുജി പരീക്ഷയുടെ ഫിസിക്സ് ചോദ്യപ്പേപ്പറുകൾ ഇവർ കൈകാര്യം ചെയ്തിരുന്നു. അറസ്റ്റിലായ മനിഷ ഫിസിക്സ് ചോദ്യങ്ങൾ മെയ് 16ന് അറസ്റ്റിലായ മനിഷ മന്ധാരെയ്ക്ക് കൈമാറിയെന്നാണ് സിബിഐയുടെ കണ്ടെത്തൽ. ഇവർ കൈമാറിയെ ചോദ്യങ്ങളും നീറ്റ് യുജി പരീക്ഷയുടെ ചോദ്യപ്പേപ്പറിലെ ചോദ്യങ്ങളും ഒന്നുതന്നെയെന്ന് അന്വേഷണത്തിൽ തെളിഞ്ഞതായി സിബിഐ അറിയിച്ചു.

അറസ്റ്റിലായ മനിഷ സഞ്ജയ് ഹവൽദാർ പൂനെയിലെ സ്കൂൾ പ്രിൻസിപ്പാളാണ്. അടുത്ത മാസം 30ന് വിരമിക്കാനിരിക്കെയാണ് അധ്യാപികയുടെ അറസ്റ്റ്. നേരത്തെ, പൂനെയിലെ കോളേജിലെ ബയോളജി അധ്യാപികയായ മനിഷ മന്ധാരെ അറസ്റ്റിലായിരുന്നു. ഇവർ നീറ്റ് പരീക്ഷയിലെ ബോട്ടണി, സുവോളജി ചോദ്യങ്ങളാണ് കൈകാര്യം ചെയ്തിരുന്നത്. കേസിൽ ആദ്യം അറസ്റ്റിലായ അധ്യാപകൻ ലാത്തൂരിൽ നിന്നുള്ള പി വി കുൽക്കർണി ആണ്. കോളേജിലെ കെമിസ്ട്രി ലക്ചററായിരുന്ന കുൽക്കർണി, വിരമിച്ച ശേഷമാണ് എൻടിഎയുടെ ഭാഗമായത്. മറാത്തിയിലേക്ക് ചോദ്യങ്ങൾ വിവർത്തനം ചെയ്തത് ഇയാളായിരുന്നു.

അതേസമയം കേസിലാകെ അറസ്റ്റിലായവരുടെ എണ്ണം 11 ആയി. ദില്ലി, ജയ്പുർ, ഗുരുഗ്രാം, നാസിക്, പൂനെ, ലാത്തൂർ, അഹില്യാനഗർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് പ്രതികളിലേക്ക് അന്വേഷണ സംഘം എത്തിയത്. രാജ്യത്തെ വിവിധയിടങ്ങളിൽ നടത്തിയ പരിശോധനകളിൽ വിവിധ രേഖകളും ലാപ്ടോപ്പും മൊബൈലും പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇവയുടെ ഫൊറൻസിക് പരിശോധന അടക്കം നടന്നുവരികയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സൗദിയും ഇറാഖും പിറകിലായി, ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ എണ്ണ കയറ്റിയ അയയ്ക്കുന്ന മൂന്നാമത്തെ രാജ്യമായി വെനസ്വേല
ക്രൂയിസർ ജീപ്പും ലോറിയും കൂട്ടിയിടിച്ചു; ഒരു കുടുംബത്തിലെ അഞ്ചുപേർക്ക് ദാരുണാന്ത്യം; സംഭവം കർണാടകത്തിലെ കൽബുർഗിയിൽ