ഐഎന്‍എക്സ് മീഡിയ കേസ്: പി ചിദംബരം ഉൾപ്പടെ 14 പേരെ പ്രതിചേര്‍ത്ത് സിബിഐ കുറ്റപത്രം

By Web TeamFirst Published Oct 18, 2019, 3:24 PM IST
Highlights

ഓ​ഗസ്റ്റ് 21ന് ആണ് അഴിമതിക്കേസിൽ പി ചിദംബരത്തെ സിബിഐ കസ്റ്റഡിയിലെടുത്തത്. ഐഎൻഎക്സ് മീഡിയ എന്ന മാധ്യമ കമ്പനിക്ക് വഴിവിട്ട് വിദേശഫണ്ട് സ്വീകരിക്കാൻ വഴിയൊരുക്കിയതിന് പ്രതിഫലമായി പി ചിദംബരത്തിന്‍റെ മകൻ കാർത്തി ചിദംബരത്തിന് കോഴപ്പണവും പദവികളും ലഭിച്ചുവെന്നതാണ് ആരോപണം.

ദില്ലി: ഐഎന്‍എക്സ് മീഡിയാ അഴിമതിക്കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. മുന്‍ ധനമന്ത്രി പി ചിദംബരം, മകന്‍ കാര്‍ത്തി ചിദംബരം, മീഡിയാ കമ്പനി ഉടമ പീറ്റര്‍ മുഖര്‍ജി, ധനമന്ത്രാലയ  ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ 14 പേരെ പ്രതിചേര്‍ത്താണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. തിങ്കളാഴ്ച ദില്ലി റോസ് അവന്യൂ കോടതി കേസ് പരിഗണിക്കും.

അതിനിടെ ജാമ്യം തേടി ചിദംബരം സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതിയില്‍ വാദം പൂര്‍ത്തിയായി. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതായി കുറ്റപത്രത്തില്‍ ആരോപണമില്ലാത്തതിനാല്‍  ജാമ്യം അനുവദിക്കണമെന്ന് ചിദംബരം വാദിച്ചു. കേസ് വിധിപറയാനായി മാറ്റി.

എന്‍ഫോഴ്സ്മെന്‍റിന്‍റെ കസ്റ്റഡിയിലാണ് പി ചിദംബരം ഇപ്പോള്‍ ഉള്ളത്.  ഈ മാസം 24 വരെയാണ് ചിദംബരത്തെ എൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. കേസിൽ കഴിഞ്ഞ 55 ദിവസം ചിദംബരം സിബിഐ കസ്റ്റഡിയിലും തിഹാര്‍ ജയിലില്‍ റിമാന്‍റിലുമായിരുന്നു. റിമാന്‍റ് കാലാവധി അവാസാനിച്ച ചിദംബരത്തെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ദില്ലിയിലെ സിബിഐ കോടതി ഇഡിക്ക് കസ്റ്റഡി അനുവദിച്ചത്. 

Read More: ഐഎൻഎക്സ് മീഡിയ കേസ്: പി ചിദംബരത്തെ അറസ്റ്റ് ചെയ്യാൻ ഇഡിക്ക് അനുമതി

ഓ​ഗസ്റ്റ് 21ന് ആണ് അഴിമതിക്കേസിൽ പി ചിദംബരത്തെ സിബിഐ കസ്റ്റഡിയിലെടുത്തത്. ഐഎൻഎക്സ് മീഡിയ എന്ന മാധ്യമ കമ്പനിക്ക് വഴിവിട്ട് വിദേശഫണ്ട് സ്വീകരിക്കാൻ വഴിയൊരുക്കിയതിന് പ്രതിഫലമായി പി ചിദംബരത്തിന്‍റെ മകൻ കാർത്തി ചിദംബരത്തിന് കോഴപ്പണവും പദവികളും ലഭിച്ചുവെന്നതാണ് ആരോപണം. ഇന്ദ്രാണി മുഖർജി, പീറ്റർ മുഖർജി എന്നിവരുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണ്  ഐഎൻഎക്സ് മീഡിയ. 

വിദേശ നിക്ഷേപ പ്രോത്സാഹന ബോർഡിന്‍റെ ചട്ടപ്രകാരം 4.62 കോടി രൂപ വിദേശനിക്ഷേപം സ്വീകരിക്കാനേ കമ്പനിക്ക് അർഹതയുള്ളൂ. എന്നാൽ ഇത് ലംഘിച്ച് 305 കോടി രൂപ കമ്പനി വിദേശ നിക്ഷേപം സ്വീകരിച്ചുവെന്നാണ് കേസ്. ഇതിലെ കള്ളപ്പണ ഇടപാടിലാണ്  ഇഡി അന്വേഷണം. അഴിമതിയാരോപിക്കപ്പെട്ട ഇടപാട് നടക്കുന്ന സമയത്ത് ആദ്യ യുപിഎ സർക്കാരിൽ പി ചിദംബരമായിരുന്നു ധനമന്ത്രി. ഈ ഇടപാട് നടക്കാൻ വഴിവിട്ട സഹായം നൽകുകയും ധനവകുപ്പിൽ നിന്ന് ക്ലിയറൻസ് നൽകിയതും പി ചിദംബരമാണെന്നാണ് കേസ്. 

Read Also: ചിദംബരം എന്‍ഫോഴ്‍സ്‍മെന്‍റ് കസ്റ്റഡിയില്‍; വീട്ടില്‍ നിന്നുള്ള ഭക്ഷണവും മരുന്നും പ്രത്യേക സെല്ലും അനുവദിച്ചു

click me!