Asianet News MalayalamAsianet News Malayalam

ചിദംബരം എന്‍ഫോഴ്‍സ്‍മെന്‍റ് കസ്റ്റഡിയില്‍; വീട്ടില്‍ നിന്നുള്ള ഭക്ഷണവും മരുന്നും പ്രത്യേക സെല്ലും അനുവദിച്ചു

കഴിഞ്ഞ 55 ദിവസം ചിദംബരം സിബിഐ കസ്റ്റഡിയിലും തിഹാര്‍ ജയിലില്‍  റിമാന്‍റിലുമായിരുന്നു. റിമാന്‍റ് കാലാവധി അവാസാനിച്ച ചിദംബരത്തെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ഇഡി കസ്റ്റഡി അനുവദിച്ചത്. 

court sent P Chidambaram to enforcement custody
Author
delhi, First Published Oct 17, 2019, 6:27 PM IST

ദില്ലി: ഐഎന്‍എക്സ് മീഡിയാ അഴിമതിക്കേസില്‍  മുന്‍ധനമന്ത്രി പി ചിദംബരത്തെ ഈമാസം 24 വരെ എന്‍ഫോഴ്സ്മെന്‍റ് കസ്റ്റഡിയില്‍ വിട്ടു. കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന എന്‍ഫോഴ്സ്മെന്‍റ് വാദം അംഗീകരിച്ചാണ് ദില്ലി റോസ് അവന്യൂ കോടതിയുടെ ഉത്തരവ്. കസ്റ്റഡി കാലത്ത് വീട്ടില്‍ നിന്നുള്ള ഭക്ഷണവും മരുന്നും പ്രത്യേക സെല്ലും കോടതി അനുവദിച്ചു. കഴിഞ്ഞ 55 ദിവസം ചിദംബരം സിബിഐ കസ്റ്റഡിയിലും തിഹാര്‍ ജയിലില്‍  റിമാന്‍റിലുമായിരുന്നു. റിമാന്‍റ് കാലാവധി അവാസാനിച്ച ചിദംബരത്തെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ഇഡി കസ്റ്റഡി അനുവദിച്ചത്. 

അതേസമയം ഐഎന്‍എക്സ് മീഡിയാ അഴിമതിക്കേസില്‍ ചിദംബരത്തെ വീണ്ടും ജ്യുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍റ് ചെയ്തു. സിബിഐ രജിസ്റ്റര്‍ ചെയ്ത കേസിലെ റിമാന്‍റ് കാലാവധി അവസാനിച്ചതിനെതുടര്‍ന്ന് ചിദംബരത്തെ ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു. ഓ​ഗസ്റ്റ് 21ന് ആണ് അഴിമതിക്കേസിൽ പി ചിദംബരത്തെ സിബിഐ കസ്റ്റഡിയിലെടുത്തത്. ഐഎൻഎക്സ് മീഡിയ എന്ന മാധ്യമ കമ്പനിക്ക് വഴിവിട്ട് വിദേശഫണ്ട് സ്വീകരിക്കാൻ വഴിയൊരുക്കിയതിന് പ്രതിഫലമായി പി ചിദംബരത്തിന്‍റെ മകൻ കാർത്തി ചിദംബരത്തിന് കോഴപ്പണവും പദവികളും ലഭിച്ചുവെന്നതാണ് ആരോപണം. ഇന്ദ്രാണി മുഖർജി, പീറ്റർ മുഖർജി എന്നിവരുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണ്  ഐഎൻഎക്സ് മീഡിയ. 

വിദേശ നിക്ഷേപ പ്രോത്സാഹന ബോർഡിന്‍റെ ചട്ടപ്രകാരം 4.62 കോടി രൂപ വിദേശനിക്ഷേപം സ്വീകരിക്കാനേ കമ്പനിക്ക് അർഹതയുള്ളൂ. എന്നാൽ ഇത് ലംഘിച്ച് 305 കോടി രൂപ കമ്പനി വിദേശ നിക്ഷേപം സ്വീകരിച്ചുവെന്നാണ് കേസ്. ഇതിലെ കള്ളപ്പണ ഇടപാടിലാണ്  ഇഡി അന്വേഷണം. അഴിമതിയാരോപിക്കപ്പെട്ട ഇടപാട് നടക്കുന്ന സമയത്ത് ആദ്യ യുപിഎ സർക്കാരിൽ പി ചിദംബരമായിരുന്നു ധനമന്ത്രി. ഈ ഇടപാട് നടക്കാൻ വഴിവിട്ട സഹായം നൽകുകയും ധനവകുപ്പിൽ നിന്ന് ക്ലിയറൻസ് നൽകിയതും പി ചിദംബരമാണെന്നാണ് കേസ്. 

Follow Us:
Download App:
  • android
  • ios