
പട്ന: ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന് സി ബി ഐ സമൻസ്. ജോലിക്ക് വേണ്ടി ഭൂമി തട്ടിപ്പ് കേസില്‍ ചോദ്യം ചെയ്യലിനായി ഇന്ന് ഹാജരാകാനാണ് നിര്‍ദേശം. ഇത് രണ്ടാം തവണയാണ് തേജസ്വി യാദവിനെ ചോദ്യം ചെയ്യലിനായി വിളിപ്പിക്കുന്നത്. കേസില്‍ മുന്‍ റെയില്‍വെ മന്ത്രിയായിരുന്ന ലാലു പ്രസാദ് യാദവിനെയും മുന്‍ ബിഹാർ മുഖ്യമന്ത്രി റാബ്റി ദേവിയേയും സി ബി ഐ ചോദ്യം ചെയ്തിരുന്നു. ഇന്നലെ തേജസ്വി യാദവിന്‍റെ ദില്ലിയിലെ വസതിയില്‍ ഇ ഡി പരിശോധനയും നടത്തി. 2004 - 09 കാലത്ത് റെയില്‍വേ മന്ത്രിയായിരുന്നപ്പോള്‍ ജോലിക്ക് വേണ്ടി ഭൂമി വാങ്ങിയെടുത്ത് ലാലുവും കുടുംബവും അഴിമതി നടത്തിയെന്നാണ് സി ബി ഐ ആരോപണം.
ജോലിക്ക് ഭൂമി അഴിമതി കേസില്‍ ലാലു പ്രസാദ് യാദവിനെയും മകള്‍ മിസ ഭാരതിയേയും സി ബി ഐ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. മിസ ഭാരതിയുടെ ദില്ലിയിലെ വസതിയില്‍ അഞ്ച് മണിക്കൂറോളമാണ് ചോദ്യം ചെയ്യല്‍ നീണ്ടത്. വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് ലാലുപ്രസാദ് യാദവ് വിശ്രമിക്കുകയാണ് എന്നറിയിച്ചിട്ടും, അപേക്ഷ സി ബി ഐ പരിഗണിച്ചിരുന്നില്ല. പ്രതികാര നടപടിയുടെ ഭാഗമായ കേസിന്‍റെ പേരിൽ തന്‍റെ കുടുംബത്തെ ബി ജെ പി ഉപദ്രവിക്കുകയാണെന്നാണ് തേജ്വസിയുടെ വീട്ടിലെ റെയ്ഡിന് പിന്നാലെ ലാലുപ്രസാദ് ആരോപിച്ചത്. അതേസമയം ലാലുപ്രസാദ് യാദവിന്റെ വീട്ടിൽ നിന്ന് 600 കോടിയുടെ അഴിമതിയുടെ തെളിവ് കിട്ടിയെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പറയുന്നത്. കണക്കിൽപ്പെടാത്ത ഒരു കോടി രൂപ പണമായി വീട്ടിൽ നടത്തിയ പരിശോധനയിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ടെന്നാ് ഇ ഡി വ്യക്തമാക്കുന്നത്. 250 കോടിയുടെ ഇടപാടുകൾ നടന്നുവെന്നും 350 കോടിയുടെ സ്വത്തിന്റെ വിവരങ്ങൾ കിട്ടിയെന്നും ഇ ഡി പറയുന്നു. റിയൽ എസ്റ്റേറ്റ് ഉൾപ്പെടെയുള്ള വിവിധ മേഖലകളിൽ ലാലു പ്രസാദിനും കുടുംബത്തിനും കൂട്ടാളികൾക്കും വേണ്ടി നടത്തിയ കൂടുതൽ നിക്ഷേപങ്ങൾ കണ്ടെത്താനുള്ള അന്വേഷണം നടക്കുകയാണെന്ന് ഇ ഡി വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam