
ദില്ലി/ തിരുവനന്തപുരം: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ മാർക്ക് നിർണ്ണയം പൂർത്തിയാക്കാൻ രണ്ട് മാസം വേണ്ടി വരും. പത്താം ക്ലാസ് മാതൃകയും ആലോചിക്കും. മൂന്നുവർഷത്തെ മാർക്ക് കൂടി നോക്കിയുള്ളതാണ് ഈ മാതൃക. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ചർച്ച നടത്തി തീരുമാനിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഉന്നതസ്ഥാപനങ്ങളെക്കൂടി വിശ്വാസത്തിലെടുക്കും. അതേസമയം, പരീക്ഷ റദ്ദാക്കിയതിനെ സ്വാഗതം ചെയ്യുന്ന വിദ്യാർത്ഥികൾ പകരം സംവിധാനത്തിന്‍റെ കാര്യത്തിൽ കടുത്ത ആശയക്കുഴപ്പത്തിലാണ്. കേരള സിലബസിൽ പ്ലസ്ടു പരീക്ഷ തീർന്നതിനാൽ എഞ്ചിനീയറിംഗ് പ്രവേശനത്തിലടക്കം പിന്തള്ളപ്പെടുമോ എന്നതാണ് പ്രധാന ആശങ്ക.
വലിയ ആശയക്കുഴപ്പത്തിനൊടുവിൽ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയെങ്കിലും വിദ്യാർത്ഥികളുടെ മനസ്സിലെ ആശങ്ക തുടരുകയാണ്. പന്ത്രണ്ടാം ക്ലാസിലെ പരീക്ഷയിൽ പരമാവധി മാർക്ക് നേടാനുള്ള തയ്യാറെടുപ്പിലായിരുന്നു ഭൂരിപക്ഷം പേരും. 9, 10, പ്ലസ് വൺ ക്ലാസുകളിലെ ആവറേജ് മാർക്ക് പരിഗണിച്ച് പ്ലസ് ടു സ്കോർ നിശ്ചയിക്കുമെന്ന് കേൾക്കുന്ന ബദലിൽ പ്രായോഗിക പ്രശ്നങ്ങൾ വിദ്യാർത്ഥികൾ ഉന്നയിക്കുന്നു. പൊതുപരീക്ഷ അല്ലാത്തതിനാൽ ഈ പരീക്ഷകൾ കാര്യമായി പഠിക്കാതെ എഴുതിയവരുമുണ്ട്. കീം പ്രവേശനത്തിലാണ് മറ്റൊരു പ്രതിസന്ധി. കഴിഞ്ഞ വർഷം കേരള എഞ്ചിനീയറംഗിൽ ആദ്യത്തെ 5000 റാങ്കിൽ 2477 പേരും സിബിഎസ് ഇ പന്ത്രണ്ടാം ക്ലാസ്കാരായിരുന്നു. 2280 പേരാണ് കേരള ഹയർ സെക്കണ്ടറിയില്‍ നിന്നുള്ള വിദ്യാർത്ഥികൾ ഉണ്ടായിരുന്നത്.
പന്ത്രണ്ടാം ക്ലാസിലെ ഫിസികിസ്, കെമിസ്ട്രി, കണക്ക് എന്നീ വിഷയങ്ങളിലെ അൻപത് ശതമാനം മാർക്കും പ്രവേശന പരീക്ഷയിലെ അൻപതും ചേർത്താണ് റാങ്ക് തയ്യാറാക്കുന്നത്. പൊതുപരീക്ഷ ഇല്ലാത്ത സാഹചര്യത്തിൽ എങ്ങനെ സ്കോർ നിശ്ചയിക്കുമെന്നതാണ് പ്രധാന പ്രശ്നം. 21 നുള്ളിൽ കീമിന് അപേക്ഷ നൽകുകയും വേണം. സിബിഎസ്ഇ മാനേജ്മെന്‍റു കളും പരീക്ഷ റദ്ദാക്കിയ തീരുമാനത്തെ സ്വാഗതം ചെയ്യുമ്പോൾ ബദലിൽ ഉടൻ തീരുമാനം വേണമെന്ന ആവശ്യമാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉന്നയിക്കുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam