
ദില്ലി: സി ബി എസ് ഇ പുനർമൂല്യനിർണ്ണയത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുന്ന തിയതിയിൽ മാറ്റം. ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം ജൂൺ ഒന്നു മുതൽ പുനർമൂല്യനിർണ്ണയത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. ഈ മാസം 26 മുതൽ 29 വരെ പുനർമൂല്യനിർണ്ണയത്തിന് അപേക്ഷ നൽകാമെന്നായിരുന്നു സി ബി എസ് ഇ ആദ്യം വ്യക്തമാക്കിയിരുന്നത്. എന്നാൽ സാങ്കേതിക പ്രശ്നങ്ങൾ കാരണമാണ് ഇപ്പോൾ തീയതി നീട്ടി നിശ്ചയിച്ചതെന്ന് സി ബി എസ് ഇ അറിയിച്ചു. പുനർമൂല്യനിർണ്ണയത്തിനുള്ള അപേക്ഷകൾ സ്വീകരിക്കാനായുള്ള ഔദ്യോഗിക വെബ്‌സൈറ്റിന്റെ പ്രവർത്തനം ജൂൺ ഒന്നു മുതൽ ആരംഭിക്കുമെന്നും സി ബി എസ് ഇ വ്യക്തമാക്കി. അതേസമയം സി ബി എസ് ഇ പരീക്ഷ നടത്തിപ്പിൽ വീഴ്ച്ച വരുത്തിയ കോംപ്റ്റ് (COEMPT) കമ്പനിക്ക് പിഴ ചുമത്താൻ തീരുമാനിച്ചിട്ടുണ്ട്. OSM സംവിധാനം നടപ്പാക്കുന്നതിൽ വരുത്തിയ വീഴ്ച്ചയിലാണ് നടപടി. പിഴവ് കേന്ദ്രമന്ത്രി സമ്മതിച്ചതോടെ ഗ്രേസ് മാർക്ക് ആവശ്യം വിദ്യാർത്ഥികൾ ശക്തമാക്കുകയാണ്. ഇതിനിടെ OSM സംവിധാനത്തെ പുകഴ്ത്തുന്ന രീതിയിൽ റീലുകളും വീഡിയോകളും പോസ്റ്റ് ചെയ്യാൻ സ്കൂളുകൾക്ക് സി ബി എസ് ഇ അധികൃതർ നിർദ്ദേശം നൽകിയതിൽ വിമർശനം ശക്തമായിട്ടുണ്ട്.
ഓൺ സ്ക്രീൻ മാർക്കിംഗ് സംവിധാനം നടപ്പാക്കുന്നതിന് ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കോംപ്റ്റ് എജ്യുടെക് പ്രൈവറ്റ് ലിമിറ്റഡിനാണ്. എന്നാൽ ഇതിന്റെ നടത്തിപ്പിൽ വ്യാപകമായ പിഴവാണ് ഉണ്ടായത്. ഉത്തരക്കടലാസുകളുടെ സ്കാൻചെയ്ത പകർപ്പുകളെക്കുറിച്ചും വലിയ പരാതികളാണ്. വ്യക്തതയില്ലാതെ സ്കാൻ ചെയ്ത 5000 ഉത്തരകടലാസുകൾ ഇതുവരെ സി ബി എസ് ഇ കണ്ടെത്തിയത്. തെറ്റായ ഉത്തരപേപ്പറുകൾ മാറ്റി 23 വിദ്യാർത്ഥികൾക്ക് അവരുടെ ഉത്തരകടലാസുകൾ നൽകി. കമ്പനിയുടെ വീഴ്ച്ച കാരണം ഈ വർഷത്തെ പരീക്ഷാഫലം തന്നെ തകിടം മറിഞ്ഞതോടെയാണ് ഇവർക്കെതിരെ പിഴ ചുമത്താനുള്ള നീക്കം. അതേസമയം തെലങ്കാന സർക്കാർ കരിമ്പട്ടികയിൽ പെടുത്തിയ സ്ഥാപനത്തിന് സി ബി എസ് ഇ കരാർ നൽകിയതിൽ അഴിമതിയുണ്ടെന്നാണ് രാഹുൽ ഗാന്ധിയുടെ ആരോപണം. രാഹുൽഗാന്ധിയുടെ ആരോപണത്തിൽ കഴമ്പില്ലെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു പ്രതികരിച്ചു. തെലങ്കാന, കർണാടക സർക്കാരുകൾക്ക് കമ്പനിയുമായി കരാറുണ്ട്. വിവാദ കമ്പനിയെങ്കിൽ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ എന്തിന് കരാർ നൽകിയെന്ന മറുചോദ്യമാണ് ബി ജെ പി ഉയർത്തുന്നത്. മുൻപ് ‘ഗ്ലോബറീന ടെക്നോളജീസ്’ എന്ന പേരിൽ പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനത്തെ 2019 ൽ പ്ലസ് 2 പരീക്ഷാ ഫലങ്ങളിലെ പൊരുത്തക്കേടുകളെത്തുടർന്നാണ് തെലങ്കാന സർക്കാർ കരിമ്പട്ടികയിലുൾപ്പെടുത്തിയത്. ഫലത്തിലെ വ്യാപക പിഴവ് മന്ത്രി തന്നെ സമ്മതിച്ചതോടെ ഇത് നികത്താൻ പുനർ മൂല്യനിർണയത്തിൽ ഗ്രേസ് മാർക്ക് നൽകണമെന്നുമാണ് വിദ്യാർഥികളുടെ ആവശ്യം. ഇതിനിടെ OSM സംവിധാനത്തെ പുകഴ്ത്തുന്ന രീതിയിൽ റീലുകളും വീഡിയോകളും പോസ്റ്റ് ചെയ്യാൻ വിവിധ സ്കൂളുകളിലെ പ്രിൻസിപ്പൾമാർക്ക് സി ബി എസ് ഇ റീജിയണൽ ഓഫീസുകളുടെ നിർദ്ദേശം എത്തി. റീൽ ഇറക്കേണ്ട സ്ക്രിപ്റ്റ് സഹിതമാണ് ടൂൾ കിറ്റ് നൽകിയിരിക്കുന്നത്. ഇതിനെതിരെ വലിയ വിമർശനം ശക്തമാകുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam