വഴിയിൽ യാത്രക്കാർക്ക് ശല്യമായ രീതിയിലുണ്ടായിരുന്ന ചെടികൾ വെട്ടിയതിനേ ചൊല്ലിയുണ്ടായ തർക്കമാണ് വെടിവയ്പിൽ കലാശിച്ചത്
വൈശാലി: റോഡരികിൽ നട്ട വാഴയെ ചൊല്ലി തർക്കം. സൈനികനേയും അച്ഛനേയും വെടിയേറ്റ് കൊല്ലപ്പെട്ടു. ബിഹാറിലെ വൈശാലിയിലാണ് സംഭവം. ബന്ധുവായ യുവാവാണ് അവധിക്ക് നാട്ടിലെത്തിയ സൈനികനേയും സൈനികന്റെ പ്രായമായ അച്ഛനേയും വെടിവച്ച് കൊന്നത്. വഴിയിൽ യാത്രക്കാർക്ക് ശല്യമായ രീതിയിലുണ്ടായിരുന്ന ചെടികൾ വെട്ടിയതിനേ ചൊല്ലിയുണ്ടായ തർക്കമാണ് വെടിവയ്പിൽ കലാശിച്ചത്. ചെടികൾ വെട്ടുന്നതിനിടയിൽ ബന്ധു നട്ടിരുന്ന വാഴയും വെട്ടിമാറ്റിയിരുന്നു.
ഡൽഹിയിൽ ജോലി ചെയ്തിരുന്ന ജിതേന്ദ്ര കുമാർ എന്ന സൈനികനും പിതാവുമാണ് കൊല്ലപ്പെട്ടത്. മറ്റൊരു ബന്ധു വൈദ്യുതാഘാതമേറ്റ് മരിച്ചതിനെത്തുടർന്നാണ് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ജിതേന്ദ്ര കുമാർ നാട്ടിലെത്തിയത്. ഈ വാഴച്ചെടി വെട്ടിയതുമായി ബന്ധപ്പെട്ട് ജിതേന്ദ്ര കുമാറും അമ്മാവന്റെ മകനായ ജഗദീഷ് റായും തമ്മിൽ വലിയ തർക്കമുണ്ടായി. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് രംഗം ശാന്തമാക്കുകയും പ്രശ്നം താൽക്കാലികമായി പരിഹരിക്കുകയും ചെയ്തിരുന്നു.
എന്നാൽ സ്ഥലത്ത് നിന്ന് പൊലീസ് മടങ്ങിയതിന് പിന്നാലെ തോക്കുമായെത്തിയ ജഗദീഷ് റായ് തോക്കുമായെത്തി ജിതേന്ദ്ര കുമാറിനും അദ്ദേഹത്തിന്റെ പിതാവ് മുനാരിക് റായ്ക്കും നേരെ വെടിയുതിർക്കുകയായിരുന്നു. മുനാരിക് റായ് സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരാവസ്ഥയിലായ മകൻ ജിതേന്ദ്രയെ ചികിത്സയ്ക്കായി സദർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകത്തിന് ശേഷം പിടികൂടാനുള്ള ശ്രമത്തിനിടെ പൊലീസ് വെടിയേറ്റ ജഗദീഷ് റായിയും ചികിത്സയിൽ കഴിയുകയാണ്.


