
ചെന്നൈ: അതീവ സുരക്ഷയുള്ള ഇവിഎം കൗണ്ടിങ് സെന്‍ററിലെ സിസിടിവി കൺട്രോൾ റൂമിലിരുന്ന് നടൻ വിജയ്‍യുടെ പുതിയ ചിത്രം 'ജനനായകൻ' കണ്ടതിന് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ അണ്ണാ യൂണിവേഴ്സിറ്റിയിലെ വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ്ങ് റൂമിന് ജോലി ചെയ്തിരുന്നയാളാണ് പിടിയിലായത്. തെരഞ്ഞെടുപ്പ് കമ്മീഷൻ കരാർ അടിസ്ഥാനത്തിൽ നിയമിച്ച സിസിടിവി ടെക്നിക്കൽ ഹെഡ് യുവരാജ് (36) ആണ് അറസ്റ്റിലായത്.
തെരഞ്ഞെടുപ്പിന് ശേഷം വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന അണ്ണാ യൂണിവേഴ്സിറ്റിയിലെ കൺട്രോൾ റൂമിലിരുന്ന് ഇയാൾ തന്റെ ലാപ്ടോപ്പിൽ സിനിമ കാണുകയും അതിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയുമായിരുന്നു. ബാക്ക്ഗ്രൗണ്ടിൽ സിസിടിവി ദൃശ്യങ്ങൾ തെളിയുന്ന സ്ക്രീനുകൾ സഹിതമാണ് ഇയാൾ ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ഇത് നിമിഷങ്ങൾക്കകം വൈറലായതോടെ വലിയ സുരക്ഷാ വിവാദത്തിന് വഴിമാറി.
ചെന്നൈ കോർപ്പറേഷൻ ഉദ്യോഗസ്ഥൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ലംഘനം ബോധ്യപ്പെട്ടത്. വോട്ടിംഗ് യന്ത്രങ്ങൾ സ്ട്രോങ്ങ് റൂമിലേക്ക് മാറ്റുന്നതിന് തൊട്ടുമുമ്പാണ് യുവരാജ് വ്യാജപതിപ്പ് കണ്ടതെന്ന് പൊലീസ് കണ്ടെത്തി. തെരഞ്ഞെടുപ്പ് സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിനും ഐടി നിയമപ്രകാരവും കൊട്ടുർപുരം പൊലീസ് ഇയാൾക്കെതിരെ കേസെടുത്തു.
സെൻസർ ബോർഡുമായുള്ള നിയമതർക്കത്തെത്തുടർന്ന് 'ജനനായകൻ' എന്ന ചിത്രം ഇതുവരെ തിയേറ്ററുകളിൽ റിലീസ് ചെയ്തിട്ടില്ല. റിലീസാകാത്ത ചിത്രത്തിന്‍റെ വ്യാജപതിപ്പ് ഇയാൾക്ക് എവിടെ നിന്ന് ലഭിച്ചു എന്നതിനെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നേരത്തെ സിനിമ ചോർന്നതുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതീവ സുരക്ഷാ മേഖലയിൽ നടന്ന ഈ വീഴ്ചയെ തെരഞ്ഞെടുപ്പ് കമ്മീഷനും ഗൗരവമായാണ് കാണുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam